ന്യൂഡൽഹി: റോബോട്ടിക് മേഖലയിലെ ചൈനീസ് മുന്നേറ്റത്തിൽ ആശങ്ക പ്രകടിപ്പിച്ച കോൺഗ്രസ് എംപിക്ക് ബിജെപിയുടെ പരിഹാസം. ചണ്ഡീഗഢിൽ നിന്നുള്ള എംപിയായ മനീഷ് തിവാരിയാണ് ചൈനയുടെ റോബോട്ട് സൈന്യത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്. സൈനിക സാങ്കേതികവിദ്യയിൽ രാജ്യം മുന്നേറിയില്ലെങ്കിൽ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ചൈനയുടെ സൈന്യമായ പീപ്പിൾ ലിബറേഷൻ ആർമിയുടെ (പിഎൽഎ) റോബോട്ട് സേനയെ ഇന്ത്യയ്ക്ക് ഉടൻ നേരിടേണ്ടിവരുമെന്നാണ് തിവാരി മുന്നറിയിപ്പ് നൽകിയത്.

To advertise here,

'ഇന്ത്യ കരുതലോടെ നീങ്ങിയില്ലെങ്കിൽ സമീപഭാവിയിൽ എൽഎസിയിൽ 'റോബോട്ട് പിഎൽഎ'യുമായി പോരാടേണ്ടിവരും. ഹ്യുമനോയിഡ് റോബോട്ടുകളുടെ മേഖലയിൽ ചൈന നടത്തിയ ശ്രദ്ധേയമായ മുന്നേറ്റം നമുക്ക് യാഥാർഥ്യബോധം നൽകണം. വളർന്നുവരുന്ന മഹാശക്തിയാണെന്ന വിശേഷണമുണ്ടെങ്കിലും സാങ്കേതികവിദ്യയുടെ മത്സരത്തിൽ ഇന്ത്യ, ചൈനയേക്കാൾ എത്രയോ പിന്നിലാണ്. ഇത് (റോബോട്ടിക്‌സ്) അതിലൊന്ന് മാത്രമാണ്. നിർണായകമായ 75 സാങ്കേതികവിദ്യകളിൽ 67 എണ്ണത്തിന്റെ കാര്യത്തിലും ഇന്ന് ചൈന, യുഎസ്സിനേക്കാൾ മുന്നിലാണ്.' -മനീഷ് തിവാരി എക്‌സിൽ കുറിച്ചു.

കോൺഗ്രസിന്റെ മാനസികാവസ്ഥ ചൈനയുടേതാണെന്നാണ് ഇതിന് മറുപടിയായി ബിജെപി എംപിയും വക്താവുമായ സാംബിത് പാത്ര പറഞ്ഞത്. 'കോൺഗ്രസിന്റെ മനോഭാവത്തോടാണ് എൽഎസിയിൽ ആദ്യം നമ്മൾ പോരാടേണ്ടത്. ദോക്‌ലാമിലെ ഏറ്റുമുട്ടൽ നടക്കുമ്പോൾ ചൈനീസ് ടെന്റുകളിൽ ഉണ്ടായിരുന്നവരാണ് ഇവർ. ചൈനക്കാർ നമ്മുടെ സൈന്യത്തെ തകർത്തു എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. അദ്ദേഹം ഒരു ചൈനീസ് റോബോട്ടാണ്. ഈ മനോഭാവത്തോട് നമുക്ക് പോരാടേണ്ടതുണ്ട്.' -സാംബിത് പാത്ര പറഞ്ഞു. 

നൂറ് മീറ്റർ ഓട്ടത്തിൽ ജമൈക്കൻ താരമായ ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് ചൈനയുടെ ഹ്യുമനോയിഡ് റോബോട്ട് തകർത്തുവെന്ന് കഴിഞ്ഞയാഴ്ച റിപ്പോർട്ടുണ്ടായിരുന്നു. പുരുഷവിഭാഗത്തിലെ മത്സരത്തിൽ 9.58 സെക്കൻഡ് കൊണ്ടാണ് ഉസൈൻ ബോൾട്ട് റെക്കോർഡ് സ്വന്തമാക്കിയതെങ്കിൽ ചൈനീസ് ഹ്യുമനോയിഡിന് ആ ദൂരം ഓടിത്തീർക്കാൻ വെറും 9.39 സെക്കൻഡ് മതിയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മനീഷ് തിവാരി മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ചൈനീസ് റോബോട്ടിക്‌സ് കമ്പനിയായ യൂണിട്രീയുടെ സൂപ്പർമാൻ എന്ന ഹ്യുമനോയിഡ് റോബോട്ടാണ് ഉസൈൻ ബോൾട്ടിനെ തോൽപ്പിച്ചത്. സെക്കൻഡിൽ 12.66 മീറ്റർ വേഗതയിലായിരുന്നു സൂപ്പർമാന്റെ കുതിപ്പ്. അതായത് മണിക്കൂറിൽ 45.6 കിലോമീറ്റർ വേഗത.