ബ്രിട്ടനിലെ റോഡുകളില്‍ ഓടുന്ന നൂറുകണക്കിന് ഇലക്ട്രിക് ബസുകള്‍ വിദൂരത്തുനിന്ന് പ്രവര്‍ത്തനരഹിതമാക്കാന്‍ ചൈനയ്ക്ക് കഴിയുമോ? അന്വേഷണത്തിന് ഒരുങ്ങുകയാണ് യുകെ സര്‍ക്കാര്‍. നെതര്‍ലാന്‍ഡ്സിനും ഡെന്‍മാര്‍ക്കിനും പിന്നാലെയാണ് യു.കെയിലും ഇത്തരത്തിലുള്ള അന്വേഷണമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

To advertise here,

ലോകത്തിലെ ഏറ്റവും വലിയ ബസ് നിര്‍മ്മാതാക്കളായ യൂടോങ്ങിന് യുകെയിലുള്ള തങ്ങളുടെ വാഹനങ്ങളുടെ നിയന്ത്രണ സംവിധാനങ്ങളില്‍ കടന്നുകയറാന്‍ കഴിയുമോ എന്ന് കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ട്രാന്‍സ്പോര്‍ട്ടും നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററും ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

ഷെങ്ഷോ ആസ്ഥാനമായ കമ്പനിക്ക് യൂടോങ്ങിന്റെ ബസുകള്‍ നിര്‍ത്താനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയുമെന്ന് കണ്ടെത്തിയ ഒരു നോര്‍വീജിയന്‍ അന്വേഷണത്തെ തുടര്‍ന്നാണ് യു.കെയിലെ പരിശോധന. കണ്ടെത്തലുകളുടെ പശ്ചാത്തലത്തില്‍ ഡെന്‍മാര്‍ക്കും പരിശോധന ആരംഭിച്ചിട്ടുണ്ട്. യൂടോങ് ഏകദേശം 700 ഇലക്ട്രിക് ബസുകള്‍ യുകെക്ക് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പുതുതായി വികസിപ്പിച്ച ഡബിള്‍ ഡെക്കര്‍ ഇലക്ട്രിക് മോഡലുമായി ലണ്ടനിലെ വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് അന്വേഷണം.

കേസ് പരിശോധിച്ചുവരികയാണെന്നും നോര്‍വീജിയന്‍, ഡാനിഷ് അധികാരികള്‍ സ്വീകരിച്ച നടപടികളുടെ സാങ്കേതിക അടിസ്ഥാനം മനസിലാക്കുന്നതിനായി യുകെയിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബസുകളുടെ സിം കാര്‍ഡുകള്‍ നീക്കം ചെയ്യുന്നതിലൂടെ വിദൂരത്തുനിന്നുള്ള പ്രവര്‍ത്തനരഹിതമാക്കല്‍ തടയാനാവുമെന്ന് ഡെന്‍മാര്‍ക്കിലെ അധികാരികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ബസിനെ മറ്റ് സംവിധാനങ്ങളെയും ബാധിക്കും എന്നതിനാല്‍ സിം കാര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കഴിഞ്ഞില്ല.

അതിനിടെ, തങ്ങളുടെ വാഹനങ്ങള്‍ ഓടുന്ന രാജ്യങ്ങളിലെ നിയമങ്ങളും ചട്ടങ്ങളും ഗുണമേന്മാ നിലവാരങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്നാണ് യൂടോങ് പറയുന്നത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണി, ഒപ്റ്റിമൈസേഷന്‍, മെച്ചപ്പെടുത്തല്‍ എന്നിവയ്ക്കുവേണ്ടി മാത്രമാണ് ഡാറ്റാ ശേഖരണം നടത്തുന്നത്.

എല്ലാ ഡാറ്റയും എന്‍ക്രിപ്റ്റ് ചെയ്തതും കര്‍ശനമായ നിയന്ത്രണങ്ങളോടുകൂടി ഉള്ളതുമാണ്. ഉടമയുടെ അനുമതിയില്ലാതെ ആര്‍ക്കും ഈ ഡാറ്റ ആക്സസ് ചെയ്യാനോ കാണാനോ കഴിയില്ല. യൂറോപ്യന്‍ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുന്നുണ്ടെന്നും ബസ് നിര്‍മാതാക്കള്‍ പറയുന്നു.

ഡച്ച് നിര്‍മ്മാതാവായ വിഡിഎല്ലിന്റെ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി യൂടോങ് ബസിന്റെ ബാറ്ററിയുടെയും പവര്‍ മാനേജ്മെന്റ് സംവിധാനങ്ങളിലും വിദൂര ആക്സസ് നിലനിര്‍ത്തിയിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയെന്ന് നോര്‍വീജിയന്‍ ട്രാന്‍സ്പോര്‍ട്ട് ഓപ്പറേറ്ററായ റൂട്ടര്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. സിം കാര്‍ഡ് നീക്കം ചെയ്ത് കണക്റ്റിവിറ്റി വിച്ഛേദിക്കുന്നതിലൂടെ അപകടസാധ്യത ലഘൂകരിക്കാമെങ്കിലും ഏതെങ്കിലും തരത്തില്‍ യൂടോങ്ങിന് ബസ് നിര്‍ത്താനോ പ്രവര്‍ത്തനരഹിതമാക്കാനോ കഴിയുമെന്ന് റൂട്ടര്‍ ആരോപിച്ചിരുന്നു.

ബ്രിട്ടനിലെ അടിസ്ഥാന സൗകര്യങ്ങളിലും സാങ്കേതികവിദ്യയിലും ചൈനയുടെ പങ്കിനെക്കുറിച്ചുള്ള രാഷ്ട്രീയ സൂക്ഷ്മപരിശോധനകള്‍ നടക്കുന്നതിന് ഇടയിലാണ് ഈ അന്വേഷണം എന്നത് ശ്രദ്ധേയമാണ്. സൈബര്‍ സുരക്ഷാ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് പ്രാധാന്യം ഏറെയാണെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.