ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെ ഉപദേശിച്ച് അദ്ദേഹത്തിന്റെ പിതാവും ദക്ഷിണാഫ്രിക്കന്‍ വ്യവസായിയുമായ എറോള്‍ മസ്ക്. 'മസ്ക് ഇന്ത്യയില്‍ വന്നിട്ടില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. വന്നിട്ടില്ലെങ്കില്‍ അതൊരു വലിയ തെറ്റാണെന്നും ഇന്ത്യ സന്ദര്‍ശനത്തിനിടെ NDTVക്ക് നല്കിയ അഭിമുഖത്തില്‍ എറോള്‍ മസ്ക് പറഞ്ഞു. കുറച്ച് വിശ്രമിക്കണം എന്ന ഉപദേശവും ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് (മുന്‍പ് ട്വിറ്റര്‍), സ്പേസ് എക്സ് എന്നിവയുടെ മേധാവിയായ തന്റെ മകന് അദ്ദേഹം നല്കി.
'കുറച്ച് വിശ്രമിക്കൂ. ഒരു ഇടവേള എടുക്കാന്‍ ശ്രമിക്കൂ. 53 ല്‍ എത്തിയവര്‍ പറയും ഞങ്ങള്‍ക്കിപ്പോള്‍ പ്രായമായെന്ന്. എന്നാല്‍ ഇലോണ്‍ 30-കളുടെ തുടക്കത്തിലുള്ള ഒരാളെപ്പോലെയാണ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തെ ഉപദേശിച്ചു. ഏപ്രിലില്‍ സന്ദര്‍ശനം നിശ്ചയിച്ചിരുന്നെങ്കിലും തിരക്കുകള്‍ കാരണം മാറ്റിവെച്ചു. ഇന്ത്യയില്‍ വരാത്തത് എന്നെ അത്ഭുതപ്പെടുത്തുന്നു. വന്നിട്ടില്ലെങ്കില്‍ വലിയ തെറ്റാണ് ചെയ്യുന്നത് - എറോള്‍ മസ്ക് പറഞ്ഞു.
ടെസ്ലയും, സ്പേസ് എക്സിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവന ദാതാവായ സ്റ്റാര്‍ലിങ്കും ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങവെയാണ് മസ്ക് ഇന്ത്യ സന്ദര്‍ശിക്കണമെന്ന പിതാവിന്റെ ഉപദേശം. സന്ദര്‍ശനം നടക്കുകയാണെങ്കില്‍ നിക്ഷേപം സംബന്ധിച്ച ചര്‍ച്ചകള്‍ അടക്കമുള്ളവയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, താന്‍ സ്ഥാപിച്ച ഒരു ട്രാന്‍സ്ഹ്യൂമനിസ്റ്റ് ന്യൂറോ ടെക്നോളജി കമ്പനിയായ ന്യൂറാലിങ്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മകനോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മസ്തിഷ്കത്തെ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ ഇംപ്ലാന്റ് ചെയ്യാന്‍ കഴിയുന്ന മസ്തിഷ്ക-കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസുകള്‍ (BCIs) വികസിപ്പിക്കുന്ന കമ്പനിയാണ് ന്യൂറാലിങ്ക്. 'ഈ കമ്പനി അത്ഭുതപ്പെടുത്തുന്നു. അവര്‍ സുഷുമ്നാ നാഡി വീണ്ടും കൂട്ടിച്ചേര്‍ക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു. അന്ധര്‍ക്ക് കാഴ്ച നല്‍കുന്നതിനെക്കുറിച്ചും, കേള്‍വി നഷ്ടപ്പെട്ടവര്‍ക്ക് അത് തിരികെ നല്‍കുന്നതിനെക്കുറിച്ചും ആലോചിക്കുന്നു. ഇത് വിദൂരഭാവിയില്‍ നടക്കുന്ന ഒന്നല്ല-എറോള്‍ മസ്ക് പറഞ്ഞു.
ഇന്ത്യക്കാര്‍ മുന്നോട്ട് പോകുക, നിങ്ങള്‍ ശരിയായ പാതയിലാണ്, നിങ്ങള്‍ ഞങ്ങളെയെല്ലാം പിന്നിലാക്കും എ.എന്‍.ഐ വാര്‍ത്താ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ എറോള്‍ മസ്ക് പറഞ്ഞു. ഇന്ത്യ ആത്യന്തികമായി ഒരു ലോകശക്തിയാണ് എന്നാണ് എനിക്ക് പറയാനുള്ളത്. ഇന്ത്യയിലെ ജനങ്ങള്‍ വളരെ സ്നേഹമുള്ളവരാണ്. അവര്‍ ആക്രമണകാരികളോ ദുഷ്ടന്മാരോ അല്ല. അവര്‍ മറ്റുള്ളവരെ സ്വീകരിക്കുന്നവരാണ്. അതിനാല്‍ അങ്ങനെയുള്ള ജനങ്ങള്‍ ഒരു പ്രധാന ആഗോള ശക്തിയായി ഉയര്‍ന്നു വരണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: try to take a break errol musk advice elon musk
Published: 02 Jun 2025, 09:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented