മൈക്രോസോഫ്റ്റിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് പ്രസിഡന്റായി അടുത്തിടെ നിയമിക്കപ്പെട്ട ലിസ മൊണാക്കോയെ പിരിച്ചുവിടാന്‍ കമ്പനിയോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലിസ മൊണോക്കോ യു.എസിന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ച ട്രംപ് മൈക്രോസോഫ്റ്റ് അവരെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു.

To advertise here,

അഴിമതിക്കാരിയും ട്രംപിനോട് കടുത്ത വിരോധമുള്ള വ്യക്തിയുമാണ് ലിസ മൊണാക്കോ എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ ആരോപിക്കുന്നു. 'ബരാക് ഒബാമയുടെ ഭരണകാലത്ത് മുതിര്‍ന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവും ജോ ബൈഡന്റെ കീഴില്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറലുമായിരുന്നു അവര്‍. അങ്ങേയറ്റം തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ അധികാരമുള്ള വളരെ ഉയര്‍ന്ന പദവിയില്‍ മൈക്രോസോഫ്റ്റ് മൊണാക്കോയെ നിയമിച്ചത് ഞെട്ടിക്കുന്നതാണ്. അത് അംഗീകരിക്കാനും അനുവദിക്കാനും കഴിയില്ല. മൈക്രോസോഫ്റ്റിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് സര്‍ക്കാരുമായുള്ള വലിയ കരാറുകള്‍ കണക്കിലെടുക്കുമ്പോള്‍ അവര്‍ യു.എസ്. ദേശീയ സുരക്ഷയ്ക്ക് ഒരു ഭീഷണിയാണ്. മൊണാക്കോയുടെ നിരവധി തെറ്റായ പ്രവൃത്തികള്‍ കാരണം യു.എസ്. സര്‍ക്കാര്‍ അടുത്തിടെ അവരുടെ എല്ലാ സുരക്ഷാ അനുമതികളും റദ്ദാക്കുകയും, ദേശീയ സുരക്ഷാ രഹസ്യാന്വേഷണ വിവരങ്ങളിലേക്കുള്ള എല്ലാ പ്രവേശനവും തടയുകയും, എല്ലാ ഫെഡറല്‍ കെട്ടിടങ്ങളില്‍ നിന്നും അവരെ വിലക്കുകയും ചെയ്തരുന്നു. എന്റെ അഭിപ്രായത്തില്‍ മൈക്രോസോഫ്റ്റ് ലിസ മൊണാക്കോയെ ഉടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം' - ട്രൂ സോഷ്യല്‍ പോസ്റ്റില്‍ ട്രംപ് ആവശ്യപ്പെട്ടു.

2025 ജൂലായിലാണ് ലിസ മൊണോക്കോ മൈക്രോസോഫ്റ്റില്‍ ചേര്‍ന്നത്. ആഗോളതലത്തില്‍ വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളുമായുള്ള മൈക്രോസോഫ്റ്റിന്റെ ഇടപെടലുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മൊണാക്കോയാണ്. ഒബാമ, ബൈഡന്‍ ഭരണകൂടങ്ങള്‍ക്ക് കീഴിലുള്ള ലിസ മൊണാക്കോയുടെ മുന്‍കാല പ്രവര്‍ത്തനം കണക്കിലെടുത്താന്‍ അവരെ പിരിച്ചുവിടാന്‍ ട്രംപ് ആവശ്യമുന്നയിക്കുന്നത്. 2021 ജനുവരി 6-ന് ട്രംപ് അനുകൂലികള്‍ യു.എസ്. ക്യാപിറ്റോളിന് നേരെ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് നീതിന്യായ വകുപ്പിന്റെ നടപടികള്‍ ഏകോപിപ്പിക്കാന്‍ മൊണാക്കോ സഹായിച്ചതായും വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അവര്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടത്തില്‍ സുരക്ഷാ ഉപദേഷ്ടാവായും പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തില്‍ ഡെപ്യൂട്ടി അറ്റോര്‍ണി ജനറലായും പ്രവര്‍ത്തിച്ചിരുന്നു.
അതിനിടെ, ട്രംപിന്റെ പോസ്റ്റിനെക്കുറിച്ച് പ്രതികരിക്കാന്‍ മൈക്രോസോഫ്റ്റ് ഇതുവരെ തയ്യാറായിട്ടില്ല. മൊണോക്കോയും ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.