കൊച്ചി: കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടലിനുപിന്നാലെ കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്-ഇക്കോസിസ്റ്റം കമ്പനി ‘ടാൽറോപ്’ അടച്ചുപൂട്ടി. ഇതോടെ 300-ഓളം വരുന്ന ജീവനക്കാരുടെ ജോലി നഷ്ടപ്പെട്ടു. ഇതോടെ കഴിഞ്ഞ 11 മാസമായി ശമ്പള കുടിശ്ശികയുള്ളവരും പിരിച്ചുവിടുമ്പോൾ ലഭിക്കേണ്ട നിയമപരമായ ആനുകൂല്യങ്ങൾ ലഭിക്കാത്തവരും അടക്കമുള്ളവർ പ്രതിഷേധവുമായെത്തി.

To advertise here,

നിർമിതബുദ്ധി സാങ്കേതികവിദ്യയുടെ വരവോടെ തങ്ങളുടെ 250 കോടി രൂപയുടെ 'ഇക്കോ സിസ്റ്റം' അടച്ചുപൂട്ടി അടുത്ത ബിസിനസ് സംരംഭങ്ങളിലേക്ക് കടക്കുകയാണെന്ന് കമ്പനി വെള്ളിയാഴ്ച സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. തൃക്കാക്കര പൈപ്പ്‌ലൈൻ ജങ്ഷനിലുള്ള കമ്പനിയുടെ ഓഫിസിലേക്കാണ് ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തിയത്. വിഷയത്തിൽ തൊഴിലാളി യൂണിയൻ നേതാക്കളും ഇടപെട്ടിട്ടുണ്ട്.

എറണാകുളം ആസ്ഥാനമായ കമ്പനിയുടെ ഹെഡ് ഓഫീസും കേരളത്തിലെ 30-ലധികം ശാഖകളും അടച്ചുപൂട്ടിയതായാണ് വിവരം. കോളേജുകളിൽ 'കാമ്പസ് ഇനവേഷൻ ഹബ്ബുകൾ' സ്ഥാപിച്ചുകൊണ്ടാണ് കമ്പനി പ്രവർത്തനം തുടങ്ങിയത്. എം.ബി.എ., ഡിഗ്രി, ബി.ടെക് ബിരുദധാരികളാണ് ഭൂരിഭാഗം ജീവനക്കാരും. പലർക്കും ആറുമാസം മുതൽ 11 മാസം വരെ ശമ്പള കുടിശ്ശികയുണ്ട്. വരുന്ന ഒക്ടോബറിനകം ശമ്പള കുടിശ്ശിക കൊടുത്തുതീർക്കുമെന്നാണ് കമ്പനി പറഞ്ഞിരുന്നത്. അതിനിടെയാണ് അപ്രതീക്ഷിത അടച്ചുപൂട്ടലെന്ന് ജീവനക്കാർ പറയുന്നു.

സ്റ്റാർട്ട്അപ്പുകൾ അടക്കമുള്ളവയ്ക്ക് പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിച്ചുനൽകുന്ന കമ്പനിയാണ് ടാൽറോപ് എന്നാണ് വെബ്സൈറ്റിൽ പറയുന്നത്. തിരുവനന്തപുരം സ്വദേശികളാണ് ഇതിന്റെ സ്ഥാപക ഉടമകൾ. കഴിഞ്ഞ 10 വർഷമായി കമ്പനി സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ടെക് പാർക്കുകളും മറ്റും നിർമിച്ചു തുടങ്ങിയതായി പറയുന്നു. കഴിഞ്ഞ ഒക്ടോബർ മുതൽ കമ്പനി അടുത്തഘട്ടത്തിലേക്കു കടക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഈസമയത്ത് ഒട്ടേറെ പേർ ഇവിടെനിന്ന് രാജിവയ്ക്കുകയും ചെയ്തു. എന്നാൽ അന്നു മുതൽ രാജിവെച്ചവർക്കടക്കം ശമ്പള കുടിശ്ശിക കിട്ടിയിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു.

പശ്ചിമേഷ്യൻ യുദ്ധം മൂലം സാമ്പത്തിക പ്രതിസന്ധി- മാനേജ്മെന്റ്

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളം നൽകാൻ കഴിയാത്തതിന് പിന്നിലെന്ന് മാനേജ്മെന്റ് പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുമാസം മുൻപുതന്നെ ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നുവെന്നും ആനുകൂല്യങ്ങൾ പൂർണമായി നൽകുമെന്നും മാനേജ്‌മെന്റ് പറഞ്ഞു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും ഉടമകൾ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ നിക്ഷേപങ്ങളുമായി മുന്നോട്ടുപോകുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.