2030 വരെയെങ്കിലും കമ്പനിയിൽ തുടരുന്ന ജീവനക്കാർക്ക് 20,000 ഡോളർ ബോണസ് വാഗ്ദാനം ചെയ്ത് യൂറോപ്പിലെ ഏറ്റവും വലിയ ടെക്‌നോളജി കമ്പനി. അമേരിക്കൻ ടെക് കമ്പനികളിൽ വൻതോതിലുള്ള കൂട്ടപ്പിരിച്ചുവിടൽ നടക്കുന്നതിനിടെയാണ് ഡെച്ച് കമ്പനിയായ ASML-ന്റെ നീക്കം ശ്രദ്ധനേടുന്നത്. 2026-ൽ ഇതുവരെ അമേരിക്കൻ കമ്പനികൾ മൊത്തം 139,156 ജീവനക്കാരെ പിരിച്ചുവിട്ടുവെന്നാണ് റിപ്പോർട്ടുകൾ.

To advertise here,

കമ്പനിയിൽ തുടരുന്ന ജീവനക്കാർക്ക് ബോണസ് നൽകുമെന്ന വാർത്തകൾ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ASML തുടർച്ചയായ വളർച്ചയുടെയും വികസനത്തിന്റെയും കാലഘട്ടത്തിലുടെ കടന്നുപോകുകയാണെന്ന് കമ്പനി വക്താവ് പറയുന്നു. ഏറ്റവും പുതിയ ത്രൈമാസ ഫലങ്ങളിലും ഈ മുന്നേറ്റം പ്രതിഫലിക്കുന്നുണ്ട്. ഉത്പാദന ശേഷി ഇനിയും വർധിപ്പിക്കാനുള്ള പദ്ധതികളടക്കം നിരവധി സുപ്രധാന ചുവടുകൾ കമ്പനി നടത്തുന്നുണ്ട്. അതേസമയം എഐ ഉൾപ്പെടെയുള്ള വിവിധ മേഖലകളിൽ നിക്ഷേപം നടത്തുന്നത് തുടരുകയും ചെയ്യുന്നു.

ഈ പശ്ചാത്തലത്തിൽ ASML-ന്റെ ഇന്നത്തെ വിജയത്തിൽ ജീവനക്കാർ വഹിച്ച പങ്കിനെ അംഗീകരിച്ചുകൊണ്ടാണ് ബോണസ് നൽകാനുള്ള നീക്കം. കമ്പനിയുടെ ലോകമെമ്പാടുമുള്ള യോഗ്യരായ എല്ലാ ജീവനക്കാർക്കും 20,000 യൂറോ വിലമതിക്കുന്ന നിബന്ധനകളോടെയുള്ള ഓഹരികൾ ഒറ്റത്തവണയായി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്ന് വക്താവ് കൂട്ടിച്ചേർത്തു. ഓഹരികൾ 2027 ജനുവരി 1-ന് ജീവനക്കാർക്ക് നൽകും. എന്നാൽ 2030 ജനുവരി 1-ന് മാത്രമെ അതവർക്ക് പൂർണതോതിൽ ലഭ്യമാകൂ.

ജീവനക്കാർക്കും മികച്ച ബോണസ് വാഗ്ദാനം ചെയ്യുന്ന ആദ്യ ചിപ്പ് കമ്പനിയല്ല ASML. എഐ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം കമ്പനിക്ക് നേട്ടമായതോടെ സാംസങ് തങ്ങളുടെ ഏകദേശം 75 ശതമാനം ജീവനക്കാർക്ക് 370,000 ഡോളർ ബോണസ് വാഗ്ദാനം ചെയ്തിരുന്നു. പ്രധാന എതിരാളിയായ SK ഹൈനിക്‌സ് ഈ വർഷം ജീവനക്കാർക്ക് ഏകദേശം 477,000 ഡോളർ ബോണസ് നൽകി. അടുത്ത വർഷം ഏകദേശം 900,000 ഡോളർ നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. തായ്‌വാൻ സെമികണ്ടക്ടർ മാനുഫാക്ചറിംഗ് കമ്പനി (TSMC) സിഇഒ സി.സി. വെയ് കമ്പനിയുടെ ജീവനക്കാർക്കുള്ള ലാഭ വിഹിതം ഈ വർഷം ശരാശരി 30 ശതമാനം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.