ലോകത്തിന്റെ സാങ്കേതിക തലസ്ഥാനമായ സിലിക്കൺ വാലിയുടെ മുന്നേറ്റത്തിന് പിന്നിലെ ഇന്ത്യക്കാരുടെ സ്വാധീനം വീണ്ടും വർധിക്കുന്നു. നിലവിൽ 20-ലധികം പ്രമുഖ ടെക് കമ്പനികളുടെ അമരത്ത് ഇന്ത്യക്കാരോ ഇന്ത്യൻ വംശജരാണുള്ളത്. ഇന്ത്യൻ ഫിൻടെക് സ്റ്റാർട്ടപ്പായ ക്രെഡ് സ്ഥാപകൻ കുണാൽ ഷാ വാട്സാപ് ആഗോള സി.ഇ.ഒ. ആയി നിയമിതനായതോടെയാണ് സാങ്കേതികവിദ്യയുടെ രംഗത്തെ ഇന്ത്യൻ സ്വാധീനം വീണ്ടും ചർച്ചകളിൽ നിറയുന്നത്. നിർമ്മിത ബുദ്ധി, സൈബർ സുരക്ഷ, സെമികണ്ടക്ടറുകൾ, ധനകാര്യം, ആരോഗ്യ സംരക്ഷണം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ സ്വാധീനം ചെലുത്തുന്ന 26 ഇന്ത്യൻ വംശജരായ എക്‌സിക്യൂട്ടീവുകൾ, സംരംഭകർ, നിക്ഷേപകർ, അക്കാദമിക് എന്നിവരെക്കുറിച്ച് അമേരിക്കയിലെ ഏറ്റവും വിജയകരമായ വിദേശ ജനതയെക്കുറിച്ചുള്ള ഫോർബ്‌സിന്റെ റാങ്കിങ്ങിൽ പരാമർശിച്ചിരുന്നു.

To advertise here,

ട്രില്യൺ (ലക്ഷംകോടി ഡോളർ) ഡോളർ മൂല്യം കണക്കാക്കപ്പെടുന്ന കോർപ്പറേഷനുകളെ നയിക്കുകയും ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന ഈ വ്യക്തികൾ ഇന്ന് അമേരിക്കയുടെ സമ്പദ്വ്യവസ്ഥയെപോലും സംബന്ധിച്ച നിർണായക വ്യക്തികളാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അമേരിക്കയിലെത്തിയവർ അടക്കമുള്ളവർ സിലിക്കൺ വാലിക്കും അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സാങ്കേതിക മുന്നേറ്റത്തിനും വിലമതിക്കാനാകാത്ത സംഭാവനകളാണ് നൽകുന്നത്.

വാട്സാപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റ, ഇന്ത്യൻ സ്റ്റാർട്ടപ്പായ ക്രെഡിൽ 90 കോടി ഡോളറിന്റെ (ഏതാണ്ട് 8,550 കോടി രൂപ) മൂലധനനിക്ഷേപം നടത്തുന്നതിനൊപ്പമാണ് സ്ഥാപകൻ കുണാൽ ഷാ വാട്സാപ് ആഗോള സി.ഇ.ഒ. പദവിയിലെത്തുന്നത്. ക്രെഡിനെ ഇന്ത്യയിലെ ഏറ്റവും പ്രധാന ടെക്നോളജി കമ്പനികളിലൊന്നായി വളർത്തിയത് കുണാൽ ഷായാണ്. അദ്ദേഹത്തിന്റെ ആഗോളവീക്ഷണം വാട്സാപ്പിനെ മുന്നോട്ടുനയിക്കുന്നതിൽ സഹായകമാകുമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. ഏഴു വർഷമായി വാട്സാപ്പിനെ നയിക്കുന്ന വിൽ കാത്ത്കാർട്ടിന്റെ പിൻഗാമിയായാണ് ഷാ എത്തുന്നത്.

കോൾ സെന്ററിൽനിന്ന് വാട്‌സ്ആപ്പിന്റെ നേതൃത്വത്തിലേക്ക്

ടെക് രംഗത്ത് വളരെ എളിയ തുടക്കമായിരുന്നു കുണാൽ ഷായുടേതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. അഹമ്മദാബാദിൽ ജനിച്ച അദ്ദേഹം മുംബൈയിലാണ് വളർന്നത്. എംബിഎ പ്രോഗ്രാമിൽ ചേർന്നെങ്കിലും പഠനം ഉപേക്ഷിച്ച ഷാ 2000-ന്റെ തുടക്കത്തിൽ ഒരു കോൾ സെന്റർ ജീവനക്കാരനായാണ് തൊഴിൽ രംഗത്തേക്ക് പ്രവേശിക്കുന്നത്. അവിടെനിന്ന് അദ്ദേഹം ആഗോള ബിസിനസുകളെക്കുറിച്ചും ഉപഭോക്താക്കളെക്കുറിച്ചും പഠിച്ചു.

2010-ൽ സന്ദീപ് ടണ്ടൻ എന്ന സംരംഭകനൊപ്പം അദ്ദേഹം ഫ്രീചാർജ് എന്ന പ്ലാറ്റ്‌ഫോം സ്ഥാപിച്ചു. മൊബൈൽ ഫോണുകളും യൂട്ടിലിറ്റി അക്കൗണ്ടുകളും റീചാർജ് ചെയ്യാൻ സാധിക്കുന്നതും ഉപയോക്താക്കൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്യുന്നതുമായിരുന്നു ഈ ഈ പ്ലാറ്റ്‌ഫോം. സ്മാർട്ട്‌ഫോണുകളും ഡിജിറ്റൽ പേയ്മെന്റും പ്രചാരം നേടിയതോടെ, ഫ്രീചാർജ് രാജ്യത്തെ ശ്രദ്ധേയമായ ബ്രാൻഡുകളിൽ ഒന്നായി ഉയർന്നുവന്നു. അഞ്ച് വർഷത്തിന് ശേഷം സ്‌നാപ്ഡീൽ ഇത് ഏറ്റെടുത്തു. ഷാ 2016-ൽ അതിൽനിന്ന് പിന്മാറിയതുവരെ പ്രവർത്തനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചു. അക്കാലത്ത് ഇന്ത്യയിലെ വലിയ സ്റ്റാർട്ടപ്പ് ഏറ്റെടുക്കലുകളിൽ ഒന്നായിരുന്നു അത്. ആക്‌സിസ് ബാങ്ക് പിന്നീട് 2017-ൽ കമ്പനി ഏറ്റെടുത്തു. ഫ്രീചാർജിന്റെ വിജയത്തെത്തുടർന്ന് അദ്ദേഹം കുറച്ചുകാലം ഒരു നിക്ഷേപകനായി പ്രവർത്തിക്കുകയും നിരവധി ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ഈ സമയത്താണ് ഷാ തന്റെ അടുത്ത സംരംഭത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നത്. 2018-ലാണ് CRED എന്ന ആശയം അദ്ദേഹത്തിന് ലഭിക്കുന്നത്. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്ന ഉപയോക്താക്കൾക്ക് പ്രതിഫലം ലഭിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത ഒരു പ്ലാറ്റ്‌ഫോം ആയിരുന്നു അത്.

2019 - 2025 കാലയളവിൽ ഷാ തന്റെ ടീമിനൊപ്പം CRED ഉപയോക്താക്കളുടെ എണ്ണം പൂജ്യത്തിൽ നിന്ന് ഏകദേശം 1.7 കോടിയായി ഉയർത്തി. പേയ്മെന്റ്, വായ്പ, ഇൻഷുറൻസ്, കൊമേഴ്സ്, സമ്പത്ത്, ക്രെഡിറ്റ് കാർഡുകൾ തുടങ്ങിയ വിഭാഗങ്ങളിലേക്കും അതിന്റെ പ്രവർത്തനം വിപുലീകരിച്ചു. അതേസമയം ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്ന് 900 മില്യൺ (90 കോടി) ഡോളറിലധികം നിക്ഷേപം സമാഹരിക്കാനും സ്ഥാപനത്തിന് കഴിഞ്ഞു. ഇന്ന് CRED പ്രതിവർഷം ഏകദേശം 3,200 കോടി രൂപയാണ് വരുമാനം നേടുന്നുത്.

നിലവിൽ ഷാ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെക് നിക്ഷേപം നടത്തുന്ന വ്യക്തികളിൽ ഒരാളായാണ് അറിയപ്പെടുന്നത്. റേസൻപേ, സ്പിന്നി, അൺഅക്കാദമി, ഗോ-ജെക്ക് എന്നിവയടക്കം പല സ്റ്റാർട്ടപ്പുകളിലും അദ്ദേഹം നിക്ഷേപിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സ്റ്റാർട്ടപ്പ് ആക്‌സിലറേറ്ററുകളിലെയും വെഞ്ച്വർ ഫേമുകളിലെയും ഉപദേശക, മെന്റർഷിപ്പ് റോളുകളും അദ്ദേഹം സ്വീകരിച്ചിട്ടുണ്ട്.

ഷായടക്കം 20-ലധികം ഇന്ത്യക്കാരോ ഇന്ത്യൻ വംശജരോ ആണ് നിലവിൽ ലോകത്തെ പ്രമുഖ ടെക് കമ്പനികളുടെ അമരത്തുള്ളത്. ഗുഗിൾ സിഇഓ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റ് സിഇഓ സത്യ നാദെല്ല, യുറ്റിയൂബ് സിഇഓ നീൽ മോഹൻ, അഡോബി സിഇഓ ശന്തുനു നാരായൺ, ഐബിഎം സിഇഓ അരവിന്ദ് കൃഷ്ണ തുടങ്ങിയവരാണ് ഇവരിൽ പ്രമുഖർ.

സുന്ദർ പിച്ചൈ (സിഇഒ - ആൽഫബെറ്റ്)

2015 ഓഗസ്റ്റിലാണ് അദ്ദേഹം ഗൂഗിളിന്റെ സിഇഒയായി നിയമിക്കപ്പെടുന്നത്. 2019 ഡിസംബറിൽ ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റിന്റെ സിഇഒയായി. ചെന്നൈയിലെ രണ്ട് മുറിയുള്ള സാധാരണ വീട്ടിൽ നിന്നാണ് അദ്ദേഹം ഗൂഗിളിന്റെ മാതൃ കമ്പനിയായ ആൽഫബെറ്റിനെ നയിക്കാനെത്തിയത്. ഐഐടി ഖരഗ്പൂരിലെ ബിരുദധാരിയായ പിച്ചൈ സ്റ്റാൻഫോർഡിലും പിന്നീട് വാർട്ടൺ സ്‌കൂളിലും പഠിക്കാനാണ് അമേരിക്കയിലെത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഗൂഗിൾ ഒരു എഐ-ഫസ്റ്റ് കമ്പനിയായി പരിണമിക്കുന്നത്. ഗൂഗിൾ അസിസ്റ്റന്റ്, ബാർഡ് തുടങ്ങിയ നൂതന ആശയങ്ങൾ അദ്ദേഹം യാഥാർഥ്യമാക്കി. ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഓട്ടോണമസ് ടെക്‌നോളജി എന്നീ മേഖലകളിൽ ഗൂഗിളിന്റെ സാന്നിധ്യം വർധിപ്പിച്ചു.

സത്യ നാദല്ല, (സിഇഒ - മൈക്രോസോഫ്റ്റ്)

തെലങ്കാനയിലെ ഹൈദരാബാദിലാണ് സത്യ നാദല്ലയുടെ ജനനം. 2014 ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് സിഇഓ ആകുന്നത്. ആദ്യകാല രീതികളിൽനിന്ന് പരിണമിക്കാൻ കമ്പനി പാടുപെടുന്ന സമയത്താണ് സത്യ നാദല്ല സിഇഒ പദവിയിലെത്തുന്നത്. ക്ലൗഡ് കമ്പ്യൂട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ ദൗത്യങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൈക്രോസോഫ്റ്റ് അസൂർ ആഗോള ശക്തിയായി വളർന്നു. മൈക്രോസോഫ്റ്റിന്റെ പ്രസക്തിയും ലാഭവും അദ്ദേഹം പുനരുജ്ജീവിപ്പിച്ചു. ഗിറ്റ്ഹബ്, ലിങ്ക്ഡ്ഇൻ, ആക്ടിവിഷൻ ബ്ലിസാർഡ് എന്നിവയുടെ ഏറ്റെടുക്കലിനും അദ്ദേഹം മുൻകൈയെടുത്തു. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദധാരിയായ നാദല്ല പിന്നീട് വിസ്‌കോൺസിൻ സർവ്വകലാശാലയിൽനിന്നും ഷിക്കാഗോ സർവ്വകലാശാലയിൽനിന്നും ബിരുദങ്ങൾ നേടിയിട്ടുണ്ട്.

നീൽ മോഹൻ - സിഇഒ - YouTube

യു.പിയിലെ ലഖ്നൗവിൽ ജനിച്ച അദ്ദേഹം യുഎസിലാണ് വളർന്നത്. 2023 ഫെബ്രുവരിയിൽ യുറ്റിയൂബ് സിഇഒയായി നിയമിക്കപ്പെട്ടു.

യൂറ്റിയൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായി സേവനമനുഷ്ഠിച്ചതിന് ശേഷമാണ് നീൽ യൂറ്റിയൂബിന്റെ തലപ്പത്തെത്തുന്നത്. യൂട്യൂബ് ടിവി, ഷോർട്ട്‌സ്, മ്യൂസിക് എന്നിവ പുറത്തിറക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. പ്ലാറ്റ്ഫോമിന് 2.7 ബില്ല്യണിലധികം ആഗോള ഉപയോക്താക്കളെ നേടി. ടിക്‌ടോക് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിൽ നിന്ന് യൂട്യൂബിന് മത്സരം നേരിടേണ്ടിവന്ന സാഹചര്യത്തിൽ അദ്ദേഹം യൂറ്റിയൂബിൽ കണ്ടന്റിലും ക്രിയേറ്റർമാരിലും കേന്ദ്രീകരിച്ചുള്ളതുമായി സമീപനം കൊണ്ടുവന്ന് വിജയം കൈവരിച്ചു.

ശന്തനു നാരായൺ (സിഇഒ - അഡോബി)

ഹൈദരാബാദിൽ ജനിച്ച അദ്ദേഹം 2007 ഡിസംബറിലാണ് അഡോബി സിഇഓ ആകുന്നത്. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ഡിജിറ്റൽ പരിവർത്തനങ്ങൽ ഒന്നിലൂടെ അദ്ദേഹം അഡോബിയെ നയിച്ചു. അഡോബി ക്രിയേറ്റീവ് സ്യൂട്ടിനെ അദ്ദേഹം പാക്കേജ്ഡ് സോഫ്റ്റ്വെയർ മോഡലിൽ നിന്ന് സബ്‌സ്‌ക്രിപ്ഷൻ അടിസ്ഥാനമാക്കിയുള്ള അഡോബി ക്രിയേറ്റീവ് ക്ലൗഡിലേക്ക് മാറ്റി. ഈ നീക്കം അഡോബിയുടെ വിപണി മൂല്യം വർധിപ്പിക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ അതിന്റെ വരുമാനം സ്ഥിരപ്പെടുത്തുകയും ചെയ്തു.

ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ച നാരായണൻ ഓസ്മാനിയ യൂണിവേഴ്‌സിറ്റി, ബൗളിങ് ഗ്രീൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യുസി ബെർക്ക്‌ലി എന്നിവിടങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നേതൃത്വം അഡോബിയുടെ ക്രിയേറ്റീവ് ടൂളുകളിൽ ഉടനീളം ഡിസൈൻ, മാർക്കറ്റിങ് ടെക്‌നോളജി, നിർമ്മിത ബുദ്ധി സംയോജനം എന്നിവയിലെല്ലാം വലിയ മുന്നേറ്റം കൊണ്ടുവന്നു. 2019-ൽ ഹാർവാർഡ് ബിസിനസ് റിവ്യൂ അദ്ദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സിഇഒമാരിൽ ഒരാളായി തിരഞ്ഞെടുത്തിരുന്നു.

അരവിന്ദ് കൃഷ്ണ (സിഇഒ - ഐബിഎം)

ആന്ധ്രാപ്രദേശിൽ ജനിച്ച അദ്ദേഹം 2020 ഏപ്രിലിലാണ് ഐബിഎം സിഇഓ ആകുന്നത്. ഹൈബ്രിഡ് ക്ലൗഡ്, എഐ-കേന്ദ്രീകൃത സേവനങ്ങൾ എന്നിവയിലേക്കുള്ള കമ്പനിയുടെ മാറ്റത്തിന് അദ്ദേഹം നേതൃത്വം നൽകി. 34 ബില്യൺ ഡോളറിന്റെ റെഡ് ഹാറ്റ് ഏറ്റെടുക്കലും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് നടന്നത്. ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്ഡി നേടിയാണ് അദ്ദേഹം ടെക് കമ്പനിയുടെ അമരത്തെത്തുന്നത്.

ഇവരെക്കൂടാതെ ഗൂഗിൾ ക്ലൗഡ് സിഇഓ തോമസ് കുര്യൻ, നെറ്റ് ആപ്പ് സിഇഓ ജോർജ് കുര്യൻ, പലോ ആൾട്ടോ നെറ്റ്‌വർക്‌സ് സിഇഓ നികേഷ് അറോറ, കോഗ്നിസന്റ് സിഇഓ എസ്. രവികുമാർ, അരിസ്റ്റ നെറ്റ്‌വർക്ക് സിഇഓജയശ്രീ ഉള്ളൽ, നൊവാർട്ടിസ് സിഇഓ വസന്ത് നരസിംഹൻ, ഫ്‌ളെക്‌സ് സിഓ രേവതി അദ്വൈതി, മൈക്രോൺ ടെക്‌നോളജി സിഇഓ സഞ്ജയ് മൽഹോത്ര തുടങ്ങിയവരാണ് സിലിക്കൺ വാലിയിലെ ശക്തരായ ഇന്ത്യൻ സിഇഓമാർ.