അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത വിമര്‍ശനങ്ങള്‍ക്കിടയിലും കഴിഞ്ഞ പാദത്തില്‍ (ക്യൂ2) യുഎസില്‍ വിറ്റഴിച്ച മിക്ക ഐഫോണുകളും ഇന്ത്യയില്‍ നിര്‍മ്മിച്ചവ. ആപ്പിള്‍ സിഇഒ ടിം കുക്കിന്റേതാണ് വെളിപ്പെടുത്തല്‍. യുഎസ് വിപണിക്കുള്ള ഐഫോണ്‍ നിര്‍മ്മാണത്തിന്റെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറിയെന്നും ചൈന, യുഎസ് ഇതര മേഖലകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ആപ്പിളിന്റെ പാദവാര്‍ഷിക ഫലങ്ങള്‍ പുറത്തുവിട്ടതിന് ശേഷം സംസാരിക്കവേ കുക്ക് പറഞ്ഞു.

To advertise here,

'ഐഫോണുകള്‍ നിര്‍മിക്കുന്ന രാജ്യത്തിന്റെ കാര്യത്തില്‍ മാറ്റമൊന്നും വന്നിട്ടില്ല. യുഎസില്‍ വില്‍ക്കുന്ന ഐഫോണുകളില്‍ ബഹുഭൂരിപക്ഷവും അല്ലെങ്കില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിര്‍മ്മിച്ചവയാണ്' -ടിം കുക്ക് പറഞ്ഞു. അതിനിടെ, യുഎസ് വിപണിയിലേക്കുള്ള മാക്ബുക്കുകള്‍, ഐപാഡുകള്‍, ആപ്പിള്‍ വാച്ചുകള്‍ തുടങ്ങിയ മറ്റ് ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പ്രധാന നിര്‍മ്മാണ കേന്ദ്രമായി വിയറ്റ്‌നാം മാറിയിട്ടുണ്ട്. മറ്റു രാജ്യങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ബഹുഭൂരിപക്ഷവും ചൈനയില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ ഉപഭോക്താക്കള്‍ക്കായുള്ള ഐഫോണുകള്‍ ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിലുള്ള എതിര്‍പ്പ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. എനിക്ക് ടിം കുക്കുമായി ഒരു ചെറിയ പ്രശ്‌നമുണ്ട്. നിങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി നിര്‍മ്മാണം നടത്തുന്നുവെന്ന് ഞാന്‍ കേള്‍ക്കുന്നു. അത് എനിക്കിഷ്ടമല്ല - കഴിഞ്ഞ മെയ് മാസത്തില്‍ ട്രംപ് പറഞ്ഞിരുന്നു. അതിനിടെ കഴിഞ്ഞയാഴ്ച ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 25% താരിഫ് ട്രംപ് പ്രഖ്യാപിച്ചു. സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയെ തല്‍ക്കാലംഒഴിവാക്കിയിട്ടുണ്ടെങ്കിലും ഭാവിയില്‍ ഇത് അങ്ങനെ തുടരണമെന്നില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

ഇന്ത്യയിനിന്നും റെക്കോര്‍ഡ് വരുമാനം

ആപ്പിള്‍ ഇന്ത്യയെ ഒരു നിര്‍മ്മാണ കേന്ദ്രമായി മാത്രമല്ല കാണുന്നതെന്ന് സിഇഒ പറയുന്നു. വളരുന്ന വിപണിയായും ഇന്ത്യയെ കാണുന്നുണ്ട്. ഇന്ത്യയിലെ ഐഫോണ്‍ വില്‍പ്പനയിലൂടെ ആപ്പിള്‍ റെക്കോര്‍ഡ് വരുമാന വളര്‍ച്ച കൈവരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 'എല്ലാ മേഖലകളിലും ഐഫോണ്‍ വില്‍പ്പനയില്‍ വളര്‍ച്ച കാണുന്നു. ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ, ബ്രസീല്‍ എന്നിവയുള്‍പ്പെടെയുള്ള വളര്‍ന്നുവരുന്ന വിപണികളില്‍ ഇരട്ട അക്ക വളര്‍ച്ചയും രേഖപ്പെടുത്തിയിട്ടുണ്ട് - കുക്ക് പറഞ്ഞു.

കൂടുതല്‍ സ്റ്റോറുകള്‍ തുറന്നുകൊണ്ട് ഇന്ത്യയിലെ റീട്ടെയില്‍ സാന്നിധ്യം വിപുലീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് താരിഫുകളുടെ  സാഹചര്യം ഇപ്പോഴും മാറിക്കൊണ്ടിരിക്കുകയാണ്. ജൂണ്‍ പാദത്തില്‍ താരിഫ് സംബന്ധമായി ഏകദേശം 800 മില്യണ്‍ ഡോളറിന്റെ ചെലവുകള്‍ ആപ്പിളിനുണ്ടായി. സെപ്റ്റംബര്‍ പാദത്തില്‍, നിലവിലെ ആഗോള താരിഫ് നിരക്കുകളിലോ നയങ്ങളിലോ മാറ്റങ്ങള്‍ വരുന്നില്ലെങ്കില്‍, പുതിയ താരിഫുകളൊന്നും ചേര്‍ക്കുന്നില്ലെങ്കില്‍, ഇതിന്റെ ആഘാതം ഞങ്ങളുടെ ചെലവുകളിലേക്ക് ഏകദേശം 1.1 ബില്യണ്‍ ഡോളര്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്ന് ഞങ്ങള്‍ കണക്കാക്കുന്നുവെന്നും കുക്ക് വിശദീകരിച്ചു.

ഇന്ത്യയില്‍നിന്ന് അയച്ചത് 600 കോടി ഡോളറിന്റെ ഐഫോണ്‍

2025 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്ത്യയില്‍നിന്ന് കയറ്റിയയച്ചത് 600 കോടി ഡോളറിന്റെ (ഏകദേശം 52,500 കോടി രൂപ) ഐഫോണുകള്‍. മുന്‍വര്‍ഷം ഇതേകാലത്തെ 320 കോടി ഡോളറിനെ അപേക്ഷിച്ച് 82 ശതമാനമാണ് വളര്‍ച്ച. ആപ്പിളിന്റെ ഇന്ത്യയിലെ കരാര്‍ ഉത്പാദകര്‍ സര്‍ക്കാരിനു കൈമാറിയ കണക്കുകള്‍പ്രകാരമാണിത്.

ആപ്പിളിന്റെ കരുത്തില്‍ ഇന്ത്യയില്‍നിന്നുള്ള മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി ഇക്കാലത്ത് 772 കോടി ഡോളറില്‍ (ഏകദേശം 67,600 കോടി രൂപ) എത്തി. മുന്‍വര്‍ഷം ഇതേകാലത്തെ 490 കോടി ഡോളറിനെ അപേക്ഷിച്ച് 58 ശതമാനം അധികമാണിത്. രാജ്യത്തുനിന്ന് ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇതുവരെയുള്ളതില്‍ ഏറ്റവുമുയര്‍ന്ന സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതിയാണിത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക ഭീഷണിക്കിടെയാണ് ഈ നേട്ടം.

മൊത്തം കയറ്റുമതിയില്‍ 78 ശതമാനം വിഹിതം ആപ്പിളിനു സ്വന്തമാണ്. അതേസമയം, ഈ നേട്ടം നിലനിര്‍ത്താനാകുമോ എന്നതില്‍ ആശങ്ക ശക്തമാണ്. അമേരിക്കയില്‍ ട്രേഡ് എക്‌സ്പാന്‍ഷന്‍ ആക്ട് 232 വകുപ്പുപ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ തീരുവ ഏര്‍പ്പെടുത്തുന്നതുസംബന്ധിച്ച് അന്വേഷണം നടന്നുവരുകയാണ്. ഈ വകുപ്പനുസരിച്ച് ദേശസുരക്ഷ മുന്‍നിര്‍ത്തി യുഎസ് പ്രസിഡന്റിന് സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമതിയില്‍ നിയന്ത്രണം കൊണ്ടുവരാനാകും.