വിശ്വസിക്കാനാവാത്തത്ര കനം കുറഞ്ഞ ഒരു ഐഫോണ്‍ നിര്‍മ്മിക്കുക എന്നത് വളരെക്കാലമായി സ്വപ്നം കണ്ടിരുന്ന ഒന്നാണെന്ന് ആപ്പിള്‍. വാള്‍ സ്ട്രീറ്റ് ജേര്‍ണലിന് അനുവദിച്ച അഭിമുഖത്തിലാണ് ആപ്പിള്‍ മേധാവി ടിം കുക്കും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ഐഫോണ്‍ എയറിന്റെ രൂപകല്‍പ്പനയെയും അതിന്റെ ലക്ഷ്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കുവെച്ചത്. ഐഫോണ്‍ എയര്‍ അടക്കമുള്ളവയുടെ രൂപകല്‍പ്പനയ്ക്ക് നേതൃത്വം നല്‍കിയ ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ വൈസ് പ്രസിഡന്റ്‌ മോളി ആന്‍ഡേഴ്‌സണും ഹ്യൂമന്‍ ഇന്റര്‍ഫേസ് ഡിസൈന്‍ വൈസ് പ്രസിഡന്റ്‌ അലന്‍ ഡൈക്കുമാണ് ഐഫോണ്‍ എയര്‍ ജന്മമെടുത്തതിനെപ്പറ്റി വിശദീകരിച്ചത്.

To advertise here,

ഒരൊറ്റ ഗ്ലാസ് കഷണം കൊണ്ട് ഒരു ഉപകരണം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്ന അന്തരിച്ച ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ ആഗ്രഹം നിറവേറ്റാനാണ് ആപ്പിള്‍ പദ്ധതിയിട്ടതെന്ന് ഡൈ അവകാശപ്പെട്ടു. അതാണ് ഐഫോണ്‍ എയര്‍ രൂപകല്‍പ്പനയ്ക്ക് വഴിതെളിച്ചത്. ഒരു സ്ലീക്ക് ഫോള്‍ഡബിള്‍ ഫോണ്‍ നിര്‍മിക്കാന്‍ ഭാവിയില്‍ ആപ്പിളിന് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അവര്‍ തയ്യാറായില്ല. രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ ഞങ്ങള്‍ മിടുക്കരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അടുത്തിടെ  നടന്ന ഐഫോണ്‍ 17 ലോഞ്ച് ഇവന്റിലാണ് ആപ്പിള്‍ ഐഫോണ്‍ എയര്‍ അവതരിപ്പിച്ചത്.ഏറെ കാലത്തിന് ശേഷം ഐഫോണ്‍ രൂപകല്‍പനയില്‍ ആപ്പിള്‍ അവതരിപ്പിച്ച വലിയ മാറ്റമാണ് ഐഫോണ്‍ എയര്‍. ആപ്പിളിന്റെ പതിവുശൈലികളില്‍ നിന്ന് മാറിയ ഉപകരണം. കേവലം കനം കുറഞ്ഞ അഥവാ മെലിഞ്ഞ ഫോണ്‍ എന്നതിലുമപ്പുറം ആകര്‍ഷകമായ ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. 5.6 എംഎം കനം മാത്രമാണ് ഐഫോണ്‍ എയറിനുള്ളത് 6.5 ഇഞ്ച് പ്രോ മോഷന്‍ എക്സ്ഡിആര്‍ ഒഎല്‍ഇഡി പ്ലാനലാണിതില്‍. 145 ഗ്രാം ഭാരമുണ്ട്. ടൈറ്റാനിയം ഫ്രെയിമാണിതില്‍. മികച്ച രീതിയില്‍ ഈട് നില്‍ക്കും വിധമാണ് ഫോണിന്റെ നിര്‍മാണമെന്ന് കമ്പനി അവകാശപ്പെടുന്നു. 

ആപ്പിളിന്റെ എ19 പ്രോ ചിപ്പ്സെറ്റിലാണ് ഐഫോണ്‍ എയര്‍ എത്തുന്നത്. 1ടിബി വരെ സ്റ്റോറേജ് ഓപ്ഷനുണ്ട്. ആപ്പിളിന്റെ സി1എക്സ് മോഡം ആണിതില്‍. ഐഫോണ്‍ 16ഇ-യില്‍ ഉണ്ടായിരുന്ന സി1 മോഡത്തേക്കാള്‍ രണ്ടിരട്ടി വേഗമുണ്ടിതിന്. സിംഗിള്‍ ക്യാമറ സംവിധാനമാണ് ഐഫോണ്‍ എയറില്‍. 48 എംപി ഫ്യൂഷന്‍ ക്യാമറയാണ് ഇതില്‍. 12 എംപി 2എക്സ് ടെലിഫോട്ടോ ചിത്രങ്ങള്‍ ഇതില്‍ പകര്‍ത്താനാവും. സെല്‍ഫിയ്ക്കായി 18 എംപി ക്യാമറയുണ്ട്‌. ഫോണ്‍ വെര്‍ട്ടി സെന്റര്‍ സ്റ്റേജ് സൗകര്യവും ലഭ്യമാണ്. 

ഫോണിന് അധിക സംരക്ഷണം നല്‍കുന്നതിനായി ഇരുവശങ്ങളിലും സെറാണിക് ഷീല്‍ഡ് 2 സംരക്ഷണമാണ് നല്‍കിയിരിക്കുന്നത്. മൂന്നിരട്ടി സ്‌ക്രാച്ച് റെസിസ്റ്റന്‍സ് ഇത് വാഗ്ദാനം ചെയ്യുന്നു. പ്രത്യേകം ക്യാമറ കണ്‍ട്രോള്‍ ബട്ടനും ആക്ഷന്‍ ബട്ടനും ഫോണിനുണ്ട്.  കനം കുറഞ്ഞ ഫോണ്‍ ആയതിനാല്‍ തന്നെ കുറേ കാര്യങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് ഫിസിക്കല്‍ സിം കാര്‍ഡ്. ഫോണില്‍നിന്ന് സിം കാര്‍ഡ്‌ ്രേട പൂര്‍ണമായും ഒഴിവാക്കി പകരം ഇ-സിം സൗകര്യമാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റ് ഫോണുകളില്‍നിന്ന് വ്യത്യസ്തമായി ചെറിയ ബാറ്ററിയാണിതില്‍. എങ്കിലും ഒരു ദിവസം മുഴുവന്‍ ചാര്‍ജ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.