നിര്‍മിതബുദ്ധി (എഐ)യുടെ രംഗത്തെ ചൈനീസ് മുന്നേറ്റം തടയാനുള്ള യു.എസിന്റെ നീക്കങ്ങള്‍ ഫലംകാണാനിടയില്ല. എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിനുള്ള ശക്തമായ എന്‍വിഡിയ ചിപ്പുകള്‍ ചൈനയ്ക്ക് വില്‍ക്കുന്നത് വിലക്കുന്ന യുഎസ് നിയന്ത്രണങ്ങളെ പ്രമുഖ ചൈനീസ് ടെക്‌നോളജി കമ്പനികള്‍ മറികടന്ന് മുന്നേറുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. വലിയ എഐ മോഡലുകളെ വിദേശ ഡാറ്റാ സെന്ററുകളില്‍ പരിശീലിപ്പിച്ചാണ് ചൈനീസ് ടെക് കമ്പനികള്‍ യു.എസിന്റെ കണ്ണുവെട്ടിക്കുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

To advertise here,

അലിബാബ, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് തുടങ്ങിയ കമ്പനികള്‍ കുറച്ചുകാലമായി തങ്ങളുടെ ഏറ്റവും പുതിയ എല്‍എല്‍എമ്മുകളെ സിംഗപ്പൂരിലെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും ഡാറ്റാ സെന്ററുകളിലാണ് പരിശീലിപ്പിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനീസ് വിപണിക്കായി രൂപകല്‍പ്പന ചെയ്ത എന്‍വിഡിയ H20 എന്ന ചിപ്പിന്റെ വില്‍പ്പന യുഎസ് സര്‍ക്കാര്‍ നിരോധിച്ച ഏപ്രില്‍ മുതല്‍ വിദേശ രാജ്യങ്ങളിലെ ഇത്തരം പരിശീലനത്തില്‍ വന്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. കയറ്റുമതി നിയന്ത്രണങ്ങള്‍ക്കിടയിലും ആവശ്യമായ കമ്പ്യൂട്ടിങ് ശേഷി നേടാന്‍ ഈ തന്ത്രം ചൈനീസ് കമ്പനികളെ സഹായിക്കുന്നുവെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.

എല്‍എല്‍എമ്മുകളെ പരിശീലിപ്പിക്കുന്നതിന് ഗണ്യമായ കമ്പ്യൂട്ടിങ് ശേഷി ആവശ്യമാണ്. അതിനാലാണ് മിക്ക എഐ കമ്പനികള്‍ക്കും എന്‍വിഡിയയുടെ ചിപ്പുകളെ ആശ്രയിക്കേണ്ടിവരുന്നത്. ചൈനീസ് ടെക് ഭീമന്മാര്‍ക്ക് നിലവില്‍ രാജ്യത്ത് നിന്ന് സ്വകാര്യ ഡാറ്റ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവാദമില്ല എന്നത് ഈ നീക്കത്തിന് ഒരു പരിധിവരെ തടസമാകുന്നുണ്ട്. ഈ പരിമിതിക്ക് ഉള്ളില്‍ നിന്നുകൊണ്ടാണ് എഐ രംഗത്ത് യുഎസിനെപ്പോലും മറികടന്ന് മുന്നേറാന്‍ ചൈനീസ് കമ്പനികള്‍ കഠഠിനമായ പരിശ്രമം നടത്തുന്നത് എന്നാണ് വിവരം.

ചൈനീസ് കമ്പനികള്‍ വ്യാപകമായി എത്തുന്നതിനാല്‍ സിംഗപ്പൂരിലും മലേഷ്യയിലും ഡാറ്റാ സെന്റര്‍ ക്ലസ്റ്ററുകള്‍ അതിവേഗം വളരുകയാണ്. ഈ ഡാറ്റാ സെന്ററുകളില്‍ പലതും യുഎസ് ടെക് ഭീമന്മാര്‍ എല്‍എല്‍എമ്മുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുന്നതിന് സമാനമായ ഉയര്‍ന്ന നിലവാരമുള്ള എന്‍വിഡിയ ചിപ്പുകളാണ് ഉപയോഗിക്കുന്നത്. ചൈനീസ് കമ്പനികള്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് വിദേശ ഡാറ്റാ സെന്ററുകള്‍ ഉപയോഗിക്കുന്നത്.

യുഎസ് കയറ്റുമതി നിയന്ത്രണങ്ങളില്‍ സമീപകാലത്ത് വന്ന മാറ്റങ്ങളെ തുടര്‍ന്നാണ് ചൈനീസ് ടെക് കമ്പനികള്‍ പുതിയ തന്ത്രം പയറ്റുന്നത്. എന്നാല്‍ വ്യത്യസ്തമായ സമീപനമാണ് ലോകശ്രദ്ധ നേടിയ ഡീപ് സീക്ക് സ്വീകരിക്കുന്നതെന്നും മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന നിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ എഐ മോഡലുകളുടെ സൃഷ്ടാക്കളായ ഡീപ്പ്‌സീക്ക് (DeepSeek) ഇത്തരത്തിലുള്ള പരിശീലനം ചൈനയില്‍ തന്നെയാണ് നടത്തുന്നത്. യുഎസ് കയറ്റുമതി നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് കമ്പനി എന്‍വിഡിയ ചിപ്പുകളുടെ ഒരു വലിയ ശേഖരം ഉണ്ടാക്കിയിരുന്നു എന്നതിനാലാണ് ഇത് സാധ്യമാകുന്നത്.

അതിനിടെ, നെക്സ്റ്റ് ജനറേഷന്‍ ചൈനീസ് എഐ ചിപ്പുകള്‍ വികസിപ്പിക്കുന്നതിനായി വാവേ അടക്കമുള്ള ചിപ്പ് നിര്‍മ്മാതാക്കളുമായി ഡീപ്‌സീക്ക് സഹകരിക്കുന്നുമുണ്ട്. ഡീപ്പ്‌സീക്കിന്റെ ആസ്ഥാനത്ത് വാവേ എഞ്ചിനീയര്‍മാരുടെ ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. എഐ പരിശീലനത്തിനായുള്ള സെമികണ്ടക്ടര്‍, സോഫ്റ്റ്വെയർ സിസ്റ്റങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഡീപ്പ്‌സീക്കുമായി സഹകരിച്ച് വാവേ നടത്തുന്നത്.