ടിക്ടോക്കിന്റെ മാതൃകമ്പനിയായ ചൈനീസ് സ്ഥാപനം ബൈറ്റ്ഡാൻസ് (ByteDance), അമേരിക്കയിൽ ടിക്ടോക്കിന്റെ പ്രവർത്തനം തുടരുന്നതിനായി പുതിയൊരു സംരംഭത്തിന് രൂപം നൽകി. 2026 ജനുവരി 22 വ്യാഴാഴ്ചയാണ് ഈ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന ആശങ്കയെത്തുടർന്ന് യുഎസ് ഭരണകൂടം ബൈറ്റ് ഡാൻസിൽ നിന്ന് ടിക് ടോക്ക് വേർപെടുത്താൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ ഒരു ഫെഡറൽ നിയമവും യുഎസ് പാസാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുഎസിലെ ടിക് ടോക്കിനെ ഒരു യുഎസ് കമ്പനിക്ക് വിൽക്കാൻ തയ്യാറായില്ലെങ്കിൽ നിരോധനം നേരിടേണ്ടിവരുമെന്ന നിബന്ധന യുഎസ് മുന്നോട്ടുവെച്ചു. ഇതിന്റെ ഭാഗമായി നടന്ന ദീർഘകാല ശ്രമങ്ങൾക്കൊടുവിലാണ് ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ഒരു അമേരിക്കൻ സംരംഭത്തിന് നൽകാൻ ധാരണയായത്.

To advertise here,

പുതിയ കരാറിന് കീഴിൽ ചൈനീസ് നിക്ഷേപകരല്ലാത്തവർക്ക് 80 ശതമാനം ഓഹരി പുതിയ സംരംഭത്തിൽ ഉണ്ടാവും. ബൈറ്റ്ഡാൻസിന് 19.9 ശതമാനമായിരിക്കും പങ്കാളിത്തം. ഈ നിക്ഷേപകർക്കെല്ലാം ടിക് ടോക്കിന്റെ പ്രവർത്തനങ്ങളിൽ സ്വാധീനം ചെലുത്താൻ അധികാരമുണ്ടാവും. ആപ്പിന്റെ ശക്തമായ റെക്കമെന്റേഷൻ അൽഗൊരിതത്തിന്റെ ലൈസൻസും ആപ്പിലെ ഉള്ളടക്കം മോഡറേറ്റ് ചെയ്യാനുള്ള അധികാരവും ഈ നിക്ഷേപകർക്കുണ്ടാവും.

യുഎസിൽ ടിക് ടോക്കിന്റെ ഉടമയാര് ?

ഓറാക്കിൾ, സിൽവർലേക്ക്, യുഎഇയിൽ നിന്നുള്ള എംജിഎക്സ് എന്നീ കമ്പനികൾക്കാണ് പുതിയ സംരംഭത്തിൽ ഏറ്റവും അധികം ഓഹരിയുള്ളത് (15%). ഈ കമ്പനികളാണ് സംരംഭത്തിന് നേതൃത്വം നൽകുക. ബാക്കിയുള്ളതിൽ 35.1 ശതമാനം മറ്റ് നിക്ഷേപകരും, 19.9 ശതമാനം ഓഹരി ബൈറ്റ്ഡാൻസിനുമാണ്. അതായത് ടിക് ടോക്കിന്റെ ബോർഡ് അംഗത്വമുണ്ടാവുമെങ്കിലും ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനത്തിൽ തീരുമാനങ്ങളെടുക്കാനുള്ള അധികാരം ബൈറ്റ്ഡാൻസിനുണ്ടാവില്ല.

യുഎസ് ടിക് ടോക്കിന്റെ സിഇഒ ആയി ആഡം പ്രെസറിനെ നിയമിച്ചിട്ടുണ്ട്. ടിക് ടോക്കിലെ മുൻ ഓപ്പറേഷൻസ് മേധാവിയായിരുന്നു ഇദ്ദേഹം. ടിക് ടോക്കിന്റെ മുൻ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന വിൽ ഫാരൽ ആണ് ഇപ്പോഴത്തെ ചീഫ് സെക്യൂരിറ്റി ഓഫീസർ.