ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ 20 ലക്ഷം കണക്ഷനുകള്‍ മാത്രമേ നല്‍കാനാകൂ എന്ന് കേന്ദ്ര സഹമന്ത്രി. ബിഎസ്എന്‍എല്ലിന്റെ അവലോകന യോഗത്തിനിടെ ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.  ഇന്ത്യന്‍ ടെലികോം കമ്പനികള്‍ക്കും പ്രത്യേകിച്ച് ബിഎസ്എന്‍എല്ലിനും ഭീഷണിയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് നിയന്ത്രണത്തിന്റെ ലക്ഷ്യമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

To advertise here,

'സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ 20 ലക്ഷം ഉപഭോക്താക്കളെ മാത്രമേ നേടാനാകൂ. അവര്‍ക്ക് 200 എംബിപിഎസ് വരെ വേഗത നല്‍കാം. ഇത് ടെലികോം സേവനങ്ങളെ ബാധിക്കില്ല.' -കേന്ദ്ര സഹമന്ത്രി പറഞ്ഞു. സാറ്റലൈറ്റ് സേവനങ്ങള്‍ക്ക് ഇന്ത്യയിലുടനീളം കാര്യമായ കണക്റ്റിവിറ്റി നല്‍കാന്‍ കഴിയില്ലെന്നും നിലവിലുള്ള ടെലികോം കമ്പനികള്‍ക്ക് ഇതൊരു ഭീഷണിയല്ലെന്നും സ്റ്റാര്‍ലിങ്കിന്റെ വരവോടെ രാജ്യത്ത് ഉണ്ടായേക്കാവുന്ന മത്സരം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ബിഎസ്എന്‍എല്ലിന് ശക്തമായ സാന്നിധ്യമുള്ള ഗ്രാമങ്ങളെയും വിദൂര പ്രദേശങ്ങളെയും ആയിരിക്കും സാറ്റ്‌കോം സേവനങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന് കരുതപ്പെടുന്ന സാഹചര്യത്തിലാണിത്.

അതിനിടെ, സ്റ്റാര്‍ലിങ്കിന്റെ നിലവിലുള്ള ശേഷി കണക്കിലെടുത്താണ് കണക്ഷനുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുന്നതെന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റാര്‍ലിങ്കിന് ഉയര്‍ന്ന നിരക്കുണ്ടെങ്കിലും വിദൂര പ്രദേശങ്ങളില്‍ പ്ലാനുകളുടെ നിരക്ക് വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിന് പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു. 4ജി സേവനങ്ങള്‍ ആരംഭിച്ചതിന് ശേഷം 2025-ന്റെ ആദ്യ പാദത്തില്‍ ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ വാണിജ്യ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അന്തിമ റെഗുലേറ്ററി അനുമതി അടുത്തിടെ ലഭിച്ചിരുന്നു. ജൂലായ് ഏഴിന് ഇന്ത്യന്‍ നാഷണല്‍ സ്‌പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്റര്‍ (IN-SPACe) കമ്പനിക്ക് അനുമതി നല്‍കി. ഇതോടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പുള്ള അവസാനത്തെ പ്രധാന തടസ്സവും നീങ്ങി. IN-SPACe-ന്റെ അനുമതിയോടെ, സ്റ്റാര്‍ലിങ്കിന് ഇനി ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പില്‍ (DoT) നിന്ന് സ്‌പെക്ട്രം നേടുകയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും ദശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. സാങ്കേതിക പിന്തുണയ്ക്കായി റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവരുമായി സ്റ്റാര്‍ലിങ്ക് പ്രത്യേക കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് സജ്ജീകരണത്തിന് 33,000 രൂപ മുതല്‍ 35,000 രൂപ വരെ വിലവരുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെതന്നെ പുറത്തുവന്നിരുന്നു. അണ്‍ലിമിറ്റഡ് ഡാറ്റയ്ക്കായി ഉപയോക്താക്കള്‍ക്ക് പ്രതിമാസം 3000 രൂപ നല്‍കേണ്ടിവരും. സ്റ്റാര്‍ലിങ്ക് ഉപകരണത്തില്‍ നല്‍കുന്ന പരമാവധി വേഗത 200 എംബിപിഎസ് ആയിരിക്കും. എല്ലാ ദിവസവും ഏകദേശം 100 എംബിപിഎസ് സ്ഥിരമായ വേഗത നല്‍കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.