ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വീണ്ടും തിരിച്ചടി. ആഗോളതലത്തിൽ നൂറിലേറെ രാജ്യങ്ങളിൽ ഇതിനകം സേവനം നൽകിവരുന്ന സ്റ്റാർട്ടപ്പിന് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിനുള്ള സർക്കാർ അനുമതി ഇനിയും ലഭിച്ചിട്ടില്ല. സ്റ്റാർലിങ്കിന്റെ മാതൃകമ്പനിയായ സ്പേസ് എക്സിനെ (SpaceX) കേന്ദ്രീകരിച്ചുള്ള ചില സംശയങ്ങളാണ് പുതിയ വെല്ലുവിളിയായിരിക്കുന്നത്. സ്പേസ് എക്സിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് കേന്ദ്രസർക്കാർ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. നിലവിലെ ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്കിടയിൽ സ്റ്റാർലിങ്ക് ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി മാറില്ലെന്ന് ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

To advertise here,

ഈ സാഹചര്യത്തിൽ വിദേശ നിക്ഷേപം നേരിട്ട് സ്വീകരിക്കുന്നതിനായി (എഫ്.ഡി.ഐ.) കമ്പനി മുന്നോട്ടുവെച്ച പ്രൊപ്പോസൽ സർക്കാർ മരവിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തേക്കാമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മാതൃകമ്പനിയായ സ്പേസ് എക്സിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ചും (cross holding) മറ്റ് ചില സാങ്കേതിക മാനദണ്ഡങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ നടപടികളെന്നാണ് വിവരം.

യുദ്ധം പോലുള്ള നിർണായകമായ ദേശീയ സുരക്ഷാ സാഹചര്യങ്ങളിൽ സ്റ്റാർലിങ്ക് ഉയർത്തിയേക്കാവുന്ന ഭീഷണിയെക്കുറിച്ച് സർക്കാരിന് ആശങ്കയുണ്ട്. ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ ഒഴിവാക്കുന്നതിനും അപ്രതീക്ഷിത വെല്ലുവിളികൾ നേരിടുന്നതിനും സർക്കാർ ആഗ്രഹിക്കുന്നു.

സേവനം ആരംഭിക്കുന്നതിനായി പ്രധാനപ്പെട്ട പല ഏജൻസികളുടെയും അനുമതികൾ സ്റ്റാർലിങ്കിന് സമീപകാലത്ത് ലഭിച്ചിരുന്നെങ്കിലും വീണ്ടും കാലതാമസം നേരിടുന്ന സ്ഥിതിയാണിപ്പോൾ. അഞ്ചുവർഷക്കാലമായി സ്റ്റാർലിങ്ക് ഇന്ത്യയിൽ സേവനം ആരംഭിക്കുന്നതിന് അനുമതി ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ്. എന്നാൽ അത് ഇനി എപ്പോഴുണ്ടാകുമെന്ന് ഉറപ്പിച്ചുപറയാനാവില്ല.