നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ എല്ലാ മനുഷ്യരെയും ഇല്ലാതാക്കുമെന്ന മുന്നറിയിപ്പുകളുമായി രംഗത്തുവന്ന ആന്ത്രോപിക്ക് ഉൾപ്പടെയുള്ള കമ്പനികൾക്കെതിരെ എഐ ചിപ്പ് നിർമാതാവായ എൻവിഡിയുടെ സിഇഒ ജെൻസൻ ഹുവാങ് രംഗത്ത്. ഇവർ ജനങ്ങളെ അനാവശ്യമായി ഭയപ്പെടുത്തുകയാണെന്നും, ഇത് നിരുത്തരവാദപരമാണെന്നും അദ്ദേഹം ആരോപിച്ചു. വിമർശകർ പറയുന്നത് പോലെ 2030-ൽ ലോകാവസാനമൊന്നും സംഭവിക്കില്ലെന്നും അതിനുള്ള സാധ്യത 0% മാത്രമാണെന്നും ഹുവാങ് സിബിഎസ് ന്യൂസിനോട് പ്രതികരിച്ചു.  എഐ മനുഷ്യർക്ക് ഭീഷണിയാകാനുള്ള സാധ്യത ഒട്ടുമില്ല. അത്തരം പേടികൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

To advertise here,

നിർമിത ബുദ്ധി ഈ ദശാബ്ദത്തിൽ തന്നെ മനുഷ്യവംശത്തെ കൊന്നൊടുക്കുമെന്ന പ്രവചനങ്ങളും എഐ സുരക്ഷ സംബന്ധിച്ച ആശങ്കകളും കഴിഞ്ഞ കുറേ ആഴ്ചകളായി ചർച്ചകളിലുണ്ട്. ആന്ത്രോപിക് ഗവേഷകൻ ജേക്കബ് കോക്സണാണ് ഇത്തരം ഒരു വാദവുമായി രംഗത്തെത്തിയത്. ഇയാൾക്ക് പിന്നാലെ ആന്ത്രോപിക്കിലെ തന്നെ ഇവാൻ ഹബിങറും എഐ മനുഷ്യരെയെല്ലാം ഇല്ലാതാക്കാൻ പത്ത് ശതമാനം സാധ്യതയുണ്ടെന്ന വാദവുമായി രംഗത്തെത്തി.

ഇതിന് പിന്നാലെ എഐ വികസനം മന്ദഗതിയിലാക്കണമെന്നും പുതിയ നിയമങ്ങളും നിരീക്ഷണവും വേണമെന്നും ആഹ്വാനം ചെയ്ത് ആന്ത്രോപിക് മേധാവി ഡാരിയോ അമോഡേയ് രംഗത്തുവരികയും ചെയ്തു. സാം ഓൾട്ട്മാൻ, ഇലോൺ മസ്ക്, ഡെമിസ് ഹസാബിസ് പോലുള്ള എഐ കമ്പനി മേധാവികൾ ഇതിന് അനുകൂല നിലപാട് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് വിരുദ്ധ നിലപാടാണ് ജെൻസൻ ഹുവാങ് സ്വീകരിച്ചുവരുന്നത്.

എഐയുമായി ബന്ധപ്പെട്ട ഒരു കൂട്ട വംശനാശത്തെ കുറിച്ചുള്ള പ്രവചനങ്ങൾക്ക് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നാണ് ഹുവാങിന്റെ നിലപാട്.

എഐയെ നിയന്ത്രിക്കാൻ പുതിയ നിയമങ്ങളൊന്നും വേണ്ടെന്നും അദ്ദേഹം പറയുന്നു. "യഥാർത്ഥത്തിൽ അവർ കൂടുതൽ നിയമങ്ങൾ ആവശ്യപ്പെടുകയല്ല. മറിച്ച്, നമ്മുടെ കൈവശമുള്ള നിയമങ്ങളിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് അവർ ആവശ്യപ്പെടുന്നത്." എഐ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തിയ കമ്പനികളെ വിമർശിച്ച് ഹുവാങ് പറഞ്ഞു.

നിർമിത ബുദ്ധി സാങ്കേതികവിദ്യകൾ പ്രവർത്തിക്കുന്നതിനാവശ്യമായ ശക്തിയേറിയ എഐ ചിപ്പുകൾ നിർമിക്കുന്ന മുൻനിര കമ്പനിയാണ് എൻവിഡിയ. എഐ വികസിച്ചതോടെയാണ് എൻവിഡിയ വൻ വിപണിമൂല്യമുള്ള കമ്പനിയായി ഉയർന്നത്.