ചൈന വിന്യസിച്ച ഉപഗ്രഹങ്ങളില്‍ ഒന്നും STARLINK-6079 (56120) ഉപഗ്രഹവും തമ്മില്‍ 200 മീറ്റര്‍ അടുത്ത് വന്നുവെന്ന് വെളിപ്പെടുത്തല്‍.

ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായെന്ന് വെളിപ്പെടുത്തൽ. അടുത്തിടെ വിന്യസിച്ച ചൈനീസ് ഉപഗ്രഹം സ്റ്റാർലിങ്ക് ഉപഗ്രഹത്തിന്റെ തൊട്ടടുത്ത് എത്തിയതാണ് ആശങ്കയ്ക്ക് ഇടയാക്കിയത്. താഴ്ന്ന ഭ്രമണപഥത്തിലുള്ള ഏകദേശം 9,000 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളിൽ ഒന്നിന്റെ തൊട്ടടുത്ത് മറ്റൊരു ഉപഗ്രഹം എത്തിയതോടെ ചൈനയുടെ CAS സ്‌പേസിനെ കുറ്റപ്പെടുത്തി ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ മാതൃകമ്പനിയായ സ്‌പേസ് എക്‌സ് രംഗത്തെത്തിയിരുന്നു. ലൊക്കേഷൻ ഡാറ്റ പങ്കുവെക്കാത്തതാണ് അപകടകരമായ സാഹചര്യം സൃഷ്ടിച്ചതെന്നാണ് സ്‌പേസ് എക്‌സ് ആരോപിക്കുന്നത്.
സ്റ്റാർലിങ്കിന്റെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് മൈക്കിൾ നിക്കോൾസ് ഇതേക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ചൈനീസ് ലോഞ്ച് പ്രൊവൈഡർ CAS സ്‌പേസിന്റെ ഏകോപനമില്ലായ്മയെ വിമർശിക്കുകയും ചെയ്തിരുന്നു.
സംഭവത്തെക്കുറിച്ച് സ്റ്റാർലിങ്ക് പറയുന്നത് ഇങ്ങനെയാണ്; 'ദിവസങ്ങൾക്ക് മുമ്പ് വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുവാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് ഒൻപത് ഉപഗ്രഹങ്ങൾ വിന്യസിക്കപ്പെട്ടു. നിലവിൽ ബഹിരാകാശത്ത് പ്രവർത്തിക്കുന്ന ഉപഗ്രഹങ്ങൾ വിന്യസിച്ചവരുമായി യാതൊരു ഏകോപനമോ കൂടിയാലോചനയോ അവർ നടത്തിയിട്ടില്ല. ഇതിന്റെ ഫലമായി 560 കിലോമീറ്റർ ഉയരത്തിൽ വിന്യസിച്ച ഉപഗ്രഹങ്ങളിൽ ഒന്നും STARLINK-6079 (56120) ഉപഗ്രഹവും തമ്മിൽ 200 മീറ്റർ അടുത്ത് വരുന്ന സാഹചര്യമുണ്ടാക്കി' - സ്റ്റാർലിങ്ക് എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്റ് മൈക്കിൾ നിക്കോൾസ് വെളിപ്പെടുത്തി.
ഒമ്പത് ഉപഗ്രഹങ്ങൾ Kinetica-1/Lijian-1 റോക്കറ്റ് ഉപയോഗിച്ച് വിജയകരമായി വിക്ഷേപിച്ചതായി CAS സ്‌പേസ് റിപ്പോർട്ട് ചെയ്ത അതേദിവസമാണ് സംഭവം നടന്നത്. വിദേശ രാജ്യങ്ങളിൽനിന്നുള്ള രണ്ട് ഉപഗ്രഹങ്ങൾ, നേപ്പാളിലെ വിദ്യാർഥികൾ നിർമ്മിച്ച ഒരു ഉപഗ്രഹം എന്നിവയ്ക്കൊപ്പം ആറ് ചൈനീസ് ഉപഗ്രഹങ്ങളും അന്ന് വിക്ഷേപിച്ചിരുന്നു. രണ്ട് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഒരു സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് തൊട്ടടുത്താണ് ചൈനീസ് ഉപഗ്രഹം എത്തിയത്. ഇത്തരം അപകട സാഹചര്യങ്ങളിൽ ഭൂരിഭാഗവും ഓപ്പറേറ്റർമാർ തമ്മിലുള്ള ഏകോപനമില്ലായ്മയിൽ നിന്നാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അതിന് മാറ്റംവരണമെന്നും സ്റ്റാർലിങ്ക് ആവശ്യപ്പെട്ടു.
ഇതോടെയാണ് പ്രതികരണവുമായി ചൈനയുടെ CAS സ്‌പേസ് രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആരായാൻ സ്റ്റാർലിങ്കുമായി ബന്ധപ്പെട്ടു വരികയാണെന്ന് അവർ പറഞ്ഞു. ലോകരാജ്യങ്ങൾ ബഹിരാകാശ ഗവേഷണ രംഗത്ത് ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുന്നത് ഇത്തരം സംഭവങ്ങളാണെന്ന് CAS പ്രതികരിച്ചു. വികസ്വര രാജ്യങ്ങളെ മാറ്റിനിർത്തുന്നതിന് പകരം അവരുമായി പൊതുവായ ധാരണ ഉണ്ടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
'സംഭവം നടന്ന കൃത്യമായ സമയം കണ്ടെത്തുന്നതിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. ഒമ്പത് ഉപഗ്രഹങ്ങളിൽ ഏതാണ് ഉൾപ്പെട്ടത്? ഉപഗ്രഹം വിന്യസിക്കുന്നതിനിടയിലാണോ അതോ ഉപഗ്രഹങ്ങളിലൊന്നിലെ ഭ്രമണപഥം കൈകാര്യം ചെയ്യുന്നതിനിടയിലാണോ സംഭവം നടന്നത്? എന്നിവയെല്ലാം കണ്ടെത്തും. ഞങ്ങൾക്ക് കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭിച്ചുകഴിഞ്ഞാൽ സ്റ്റാർലിങ്കിന് വിശദീകരണം നൽകുമെന്നും അവർ പറയുന്നു. ഉപഗ്രഹം വിന്യസിക്കുന്നതിനിടെ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി ഉറപ്പിച്ചു പറയുന്നുണ്ട്.
ഉപഗ്രഹ വിക്ഷേപണങ്ങളുമായി ബന്ധപ്പെട്ട് ചൈനയും യു.എസും കൊമ്പുകോർക്കുന്നത് ഇതാദ്യമായല്ല. വർഷങ്ങൾക്കുമുമ്പ് സ്‌പേസ് എക്‌സിന്റെ ഉപഗ്രഹം ചൈനീസ് ബഹിരാകാശ നിലയത്തിന് അടുത്തെത്തിയെന്ന് ആരോപിച്ച് ചൈന രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര ഉടമ്പടികളെ യുഎസ് അവഗണിക്കുന്നുവെന്നും ബഹിരാകാശത്ത് ഉത്തരവാദിത്തമില്ലാതെയും സുരക്ഷിതത്വം ഉറപ്പാക്കാതെയും പെരുമാറുന്നുവെന്ന് അന്ന് ചൈന ആരോപിച്ചിരുന്നു.
Content Highlights: A new Chinese satellite nearly collided with a Starlink satellite. Discover the details and the debate over space debris and coordination
Published: 20 Dec 2025, 05:34 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented