എഐ, ഡാറ്റാ സെന്റർ എന്നിവയ്ക്കായി തുക വകമാറ്റുന്നതിനാൽ ഐടി മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ കാര്യമായി സൃഷ്ടിക്കപ്പെടുന്നില്ലെന്ന് സോഹോ കോർപ്പറേഷൻ സ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ശ്രീധർ വെമ്പു. ‘എക്സി’ലാണ് അദ്ദേഹം ഈ നിരീക്ഷണം പങ്കുവെച്ചത്.

To advertise here,

സോഹോ ഉൾപ്പെടെയുള്ള ഐടി കമ്പനികളിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾ നടന്നിട്ടില്ലെങ്കിലും, ഏതാനും വർഷങ്ങളായി പുതിയ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്നതിൽ മേഖല പരാജയപ്പെട്ടിരിക്കുകയാണെന്ന് വെമ്പു പറയുന്നു. പുതിയ ജീവനക്കാർക്കായി മാറ്റിവെക്കേണ്ടിയിരുന്ന തുക, സർവർ-മെമ്മറി വിലവർധനവ് മൂലമുണ്ടായ ഡാറ്റാ സെന്റർ ചെലവുകളിലേക്കും എഐ വികസനത്തിലേക്കുമാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഐ ഉപയോഗിച്ച് വേഗത്തിൽ സോഫ്റ്റ്‌വെയർ നിർമിക്കാൻ സാധിക്കുമെങ്കിലും, ആവശ്യത്തിലധികം ഉത്പന്നങ്ങളുള്ള ആഗോള വിപണിക്ക് ഇനിയും കൂടുതൽ സോഫ്റ്റ്‌വെയറുകൾ ആവശ്യമുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഇനിവരുന്ന ഘട്ടത്തിൽ ഗുണനിലവാരം, വിശ്വാസ്യത, ബ്രാൻഡ് എന്നിവയ്ക്കാണ് പ്രാധാന്യമെന്നും അതിനാൽ വളർച്ച വളരെ സാവധാനത്തിലായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയ്ക്കായി വൻതോതിൽ പണം കടമെടുത്തും നിക്ഷേപിച്ചും പ്രവർത്തിക്കുന്ന കമ്പനികൾക്ക് അതിനനുസരിച്ചുള്ള ലാഭം ലഭിക്കുമോ എന്നതിൽ ഉറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓട്ടോമേഷൻ കൂടിയതിനാൽ നിർമാണ മേഖലയ്ക്കും ഈ തൊഴിൽ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ കാരണം ഉത്പന്നങ്ങളുടെ വില കുറയുമെങ്കിലും, ജനങ്ങൾക്ക് അത് വാങ്ങാനുള്ള വരുമാനം ഉറപ്പാക്കുന്നത് സാമ്പത്തിക രംഗത്ത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കളുടെ തൊഴിലില്ലായ്മ നിലനിൽക്കുന്ന സാഹചര്യത്തിൽ യൂണിവേഴ്‌സൽ ബേസിക് ഇൻകം (UBI) പോലുള്ള പദ്ധതികൾ വ്യാപിപ്പിക്കാനുള്ള രാഷ്ട്രീയ സമ്മർദം ഇന്ത്യയിൽ വർധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.