
ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഇന്റര്‍സ്റ്റെല്ലാര്‍ എന്ന ഹോളിവുഡ് ചിത്രം കണ്ടവര്‍ക്ക് മറക്കാന്‍ കഴിയാത്തതാണ് അതിലെ ഡോക്കിങ് സീന്‍. ഹാന്‍സ് സിമ്മറിന്റെ മാസ്മരികമായ പശ്ചാത്തലസംഗീതം കേട്ടുകൊണ്ട് ശ്വാസമടക്കിപ്പിടിച്ചാണ് നമ്മള്‍ ആ രംഗം കണ്ടുപൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് അതിവേഗം സഞ്ചരിക്കുന്ന രണ്ട് പേടകങ്ങളെ വിജയകരമായി ബന്ധിപ്പിച്ച് കഴിഞ്ഞപ്പോള്‍ കൂപ്പറിനെയും അമേലിയയെയും പോലെ പ്രേക്ഷകരും ആശ്വാസത്തോടെ പുഞ്ചിരിക്കും.
ഇന്റര്‍സ്റ്റെല്ലാര്‍ ഒരു സയന്‍സ് ഫിക്ഷനാണെങ്കില്‍ യഥാര്‍ഥ ലോകത്ത് ഇതിന് സമാനമായ രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ഇന്ത്യ. ഇതിന് മുമ്പ് യു.എസ്, റഷ്യ, ചൈന, എന്നീ രാജ്യങ്ങള്‍ മാത്രം നടപ്പാക്കിയ സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ നടപ്പാക്കാനൊരുങ്ങുകയാണ് ഐ.എസ്.ആര്‍.ഒ. ഇതിന്റെ ഭാഗമായ സ്‌പെയ്‌ഡെക്‌സ് ദൗത്യം അല്‍പ്പസമയത്തിനകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിക്കും. തിങ്കളാഴ്ച രാവിലെയുള്ള ഐ.എസ്.ആര്‍.ഒയുടെ ട്വീറ്റ് പ്രകാരം രാത്രി കൃത്യം 10 മണി കഴിഞ്ഞ് 15 സെക്കന്റിന് പി.എസ്.എല്‍.വി-സി 60 കുതിച്ചുയരും.
സ്‌പേസ് ഡോക്കിങ് എക്‌സ്‌പെരിമെന്റ് എന്നതിന്റെ ചുരുക്കപ്പേരാണ് സ്‌പെയ്‌ഡെക്‌സ് (SpaDeX - Space Docking Experiment). പി.എസ്.എല്‍.വി. 60 റോക്കറ്റില്‍ 476 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെത്തിക്കുന്ന ചേസര്‍ (എസ്.ഡി.എക്സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്സ്. 02) എന്നീ ഉപഗ്രഹങ്ങളെയാണ് ഐ.എസ്.ആര്‍.ഒ. ഡോക്ക് ചെയ്യിക്കുക. ഓരോ ഉപഗ്രഹങ്ങൾക്കും 220 കിലോഗ്രാം വീതമാണ് ഭാരം.
ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിലുള്ള അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുകയും ചെയ്യും (അണ്‍ഡോക്കിങ്). ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.
രണ്ട് ഉപഗ്രഹങ്ങള്‍ക്ക് പുറമെ 24 പരീക്ഷണോപകരണങ്ങള്‍കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തിലെത്തിക്കും. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്സ്‌പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക. ബഹിരാകാശത്ത് പയറും ചീരയും മുളപ്പിക്കാനുള്ള പരീക്ഷണങ്ങൾ നടത്തുന്ന ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആദ്യമായാണ് ഇന്ത്യ ബഹിരാകാശത്തേക്ക് ജൈവകോശങ്ങള്‍ അയക്കുന്നത്. ബഹിരാകാശ സാഹചര്യങ്ങളില്‍ കോശവളര്‍ച്ചയും സ്വഭാവവും പഠിക്കുന്നതിന് മുംബൈയിലെ അമിറ്റി സര്‍വകലാശാല തയ്യാറാക്കിയ അമിറ്റി പ്ലാന്റ് എക്‌സ്പെരിമെന്‍ല്‍ മൊഡ്യൂളിലാണ് ഈ പരീക്ഷണം നടക്കുക.
Content Highlights: SpaDeX, first space docking mission by ISRO will be launched soon
Published: 30 Dec 2024, 08:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented