ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ സ്പേസ്എക്സിന്റെ സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിന്റെ 13-ാമത് പരീക്ഷണ വിക്ഷേപണം അവസാന നിമിഷം റദ്ദാക്കി. ടെക്സസിലെ സ്റ്റാർബേസിൽ നിന്ന് വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ പൂജ്യത്തിലെത്തിയ (T-0) സമയത്താണ് ഓട്ടോമാറ്റിക് അബോർട്ട് സംവിധാനം പ്രവർത്തിച്ചത്. ഇതോടെ വിക്ഷേപണം നടന്നില്ല.

To advertise here,

സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്‌ക് സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. സൂപ്പർ ഹെവി ബൂസ്റ്ററിലെ 33 റാപ്റ്റർ എൻജിനുകളിൽ ചിലത് സ്റ്റാർട്ട്-അപ്പ് ഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ചില്ല. ഇതോടെയാണ് സുരക്ഷാ സംവിധാനങ്ങൾ വിക്ഷേപണം സ്വമേധയാ റദ്ദാക്കിയത്. തുടർന്ന് റോക്കറ്റിലെ ഇന്ധനം പുറത്തേക്ക് ഒഴുക്കുന്ന നടപടികളും ആരംഭിച്ചു.

'ചില എൻജിനുകൾ പ്രവർത്തനം ആരംഭിച്ചില്ല. അതിനാൽ ഓട്ടോമാറ്റിക് ലോഞ്ച് അബോർട്ട് സംവിധാനം പ്രവർത്തിച്ചു. കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ രണ്ട് റാപ്റ്റർ എൻജിനുകൾ മാറ്റി സ്ഥാപിക്കും. അടുത്ത ആഴ്ച വീണ്ടും വിക്ഷേപണശ്രമം നടത്താനാണ് ലക്ഷ്യം.'- മസ്‌ക് എക്സിൽ കുറിച്ചു.

എന്താണ് ഓട്ടോമാറ്റിക് അബോർട്ട്?

വിക്ഷേപണത്തിനിടെ എന്തെങ്കിലും തകരാർ കണ്ടെത്താനായാൽ വിക്ഷേപണം ഉടൻ റദ്ദാക്കാൻ കഴിയുംവിധം രൂപകൽപ്പന ചെയ്ത സംവിധാനമാണ് ഓട്ടോമാറ്റിക് അബോർട്ട്. ഈ സുരക്ഷാ സംവിധാനം കൃത്യമായി പ്രവർത്തിച്ചതിനാലാണ് സ്റ്റാർഷിപ്പ് വിക്ഷേപണം അവസാന നിമിഷം റദ്ദാക്കാൻ കഴിഞ്ഞത്.

റദ്ദാക്കിയത് ആർട്ടെമിസിന് കരുത്തേകുന്ന വിക്ഷേപണം

ഇന്റഗ്രേറ്റഡ് ഫ്ളൈറ്റ് ടെസ്റ്റ്-13 (IFT-13) എന്നറിയപ്പെടുന്ന ഈ പരീക്ഷണ ദൗത്യത്തിൽ അടുത്ത തലമുറ സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ മാതൃകകൾ വിന്യസിക്കുക, ബഹിരാകാശത്തുവെച്ച് റാപ്റ്റർ എൻജിൻ വീണ്ടും പ്രവർത്തിപ്പിക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുക, സൂപ്പർ ഹെവി ബൂസ്റ്ററിനെയും സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജിനെയും നിയന്ത്രിതമായി സമുദ്രത്തിലിറക്കുന്ന പരീക്ഷണം പൂർത്തിയാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ. ഭാവിയിൽ നാസയുടെ ആർട്ടെമിസ് ചാന്ദ്രദൗത്യങ്ങൾക്കും മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള സ്പേസ് എക്സിന്റെ ദീർഘകാല പദ്ധതികൾക്കും ഈ പരീക്ഷണങ്ങൾ നിർണായകമാണ്.

സ്റ്റാർഷിപ്പിന്റെ പ്രാധാന്യം

ഏകദേശം 400 അടി ഉയരുള്ള സ്റ്റാർഷിപ്പ് ഇതുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും വലുതും ശക്തിയെറിയതുമായ റോക്കറ്റാണ്. 33 റാപ്റ്റർ എൻജിനുകളുള്ള സൂപ്പർ ഹെവി ബൂസ്റ്ററും ആറു റാപ്റ്റർ എൻജിനുകളുള്ള സ്റ്റാർഷിപ്പ് അപ്പർ സ്റ്റേജുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങൾ.

രണ്ട് ഘട്ടങ്ങളും പൂർണമായും പുനരുപയോഗിക്കാനാകുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ യാത്രയുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയെന്ന സ്പേസ് എക്സിന്റെ ലക്ഷ്യത്തിൽ ഈ സാങ്കേതികവിദ്യയ്ക്ക് നിർണായക സ്ഥാനമുണ്ട്.

12 പരീക്ഷണ ദൗത്യങ്ങളിലൂടെ സ്റ്റേജ് സെപ്പറേഷൻ, അന്തരീക്ഷത്തിലേക്കുള്ള നിയന്ത്രിത തിരിച്ചുവരവ്, സ്റ്റാർബേസിലെ ലോഞ്ച് ടവർ ആംസ് ഉപയോഗിച്ച് തിരിച്ചെത്തിയ സൂപ്പർ ഹെവി ബൂസ്റ്റർ പിടിച്ചിറക്കൽ തുടങ്ങിയ സുപ്രധാന നേട്ടങ്ങൾ സ്റ്റാർഷിപ്പ് ഇതിനകം കൈവരിച്ചിട്ടുണ്ട്. ഇപ്പോൾ എൻജിനുകളിലെ തകരാർ പരിശോധിച്ചശേഷം അടുത്ത വിക്ഷേപണത്തിനുള്ള ഒരുക്കങ്ങളിലേക്കാണ് സ്പേസ് എക്സ് കടക്കുന്നത്.