എന്റർപ്രൈസ് എഐ (നിർമിതബുദ്ധി) വിപണിയിൽ ആധിപത്യം നേടാൻ ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ട്രില്യണയറുമായ ഇലോൺ മസ്‌ക് നടത്തിയ നീക്കത്തെത്തുടർന്ന് ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരായത് ഇന്ത്യൻ വേരുകളുള്ള യുവാവടക്കം നാലുപേർ. എഐ കോഡിങ് ഏജന്റായ കേഴ്സറിന് പിന്നിലുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ അനിസ്ഫിയറിനെ 60 ബില്യൺ (6000 കോടി) ഡോളറിന് ഏറ്റെടുക്കാനുള്ള മസ്‌കിന്റെ നീക്കമാണ് നാലുപേർക്കും ബമ്പർലോട്ടറിയായത്.

To advertise here,

2022-ൽ അമാൻ, അസിഫ് എന്നീ യുവാക്കളും മൈക്കിൾ ട്രൂൾ, ആർവിഡ് ലണ്ണെമാർക്ക് എന്നീ രണ്ട് ടെക്കികളും ചേർന്നാണ് കേഴ്‌സർ സ്ഥാപിച്ചത്. 25-കാരനായ അമാൻ ഇന്ത്യൻ കുടുംബത്തിൽ നിന്നുള്ളയാളാണ്. 26 വയസുള്ള അസിഫ് ജനിച്ചത് പാകിസ്താനിലെ കറാച്ചിയിലാണ്. അമാൻ സാംഗർ, സുവാലെ അസിഫ് എന്നിവർക്ക് അനിസ്‌ഫെയറിൽ ഏകദേശം 4.5 ശതമാനം ഓഹരികളുണ്ട്. കമ്പനിയെ മസ്‌കിന്റെ സ്‌പേസ്എക്‌സ് ഏറ്റെടുക്കുന്നതിലൂടെ അമാനും അസിഫിനും 2.7 ബില്ല്യൺ (270 കോടി) ഡോളർ വീതംലഭിക്കുമെന്നാണ് ഫോർബ്‌സ് റിപ്പോർട്ടു ചെയ്യുന്നത്. അങ്ങനെ അവർ ഒറ്റരാത്രികൊണ്ട് കോടീശ്വരന്മാരാകും.

ഇവർക്കൊപ്പം കേഴ്‌സർ സഹസ്ഥാപകരായ മൈക്കിളിനും ആർവിഡിനും 2.7 ബില്ല്യൺ ഡോളർ വീതം ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേഴ്‌സർ ഏറ്റെടുക്കൽ പൂർണമായും ഓഹരി കൈമാറ്റം അടിസ്ഥാനമാക്കിയുള്ളതാണ്. അതായത് അമാൻ അടക്കമുള്ളവർ 2.7 ബില്ല്യൺ ഡോളർ മൂല്യമുള്ള സ്‌പേസ്എക്‌സ് ഓഹരികളാവും സ്വീകരിക്കുക.

അനിസ്ഫിയറിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ അമാൻ സാംഗർ ന്യൂയോർക്കിലാണ് ജനിച്ചത്. അദ്ദേഹത്തിന് ശക്തമായ ഇന്ത്യൻ വേരുകളുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. അദ്ദേഹത്തിന്റെ പിതാവ് അരവിന്ദ് സാംഗർ ഐഐടി ബോംബെയിലെ പൂർവ വിദ്യാർഥിയാണ്. ഒരു ഓർത്തോഡോന്റിസ്റ്റാണ് അമ്മ ശിൽപ സാംഗർ.

തന്റെ 14 വയസിൽ കോഡിങ് ആരംഭിച്ച അമാൻ പിന്നീട് ഉപരിപഠനത്തിനായി എംഐടിയിൽ (മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി) ചേർന്നു. എംഐടിയിൽ വെച്ചാണ് അദ്ദേഹം അസിഫ്, ട്രൂൾ, ലണ്ണെമാർക്ക് എന്നിവരെ കണ്ടുമുട്ടുന്നത്. പിന്നീട് ഇവരെല്ലാം ചേർന്ന് കേഴ്‌സർ സ്ഥാപിച്ചു. സാംഗറും ട്രൂളും മികച്ച പ്രതിഭകളെ സിലിക്കൺ വാലിയിലെ സ്ഥാപകരുമായും നിക്ഷേപകരുമായും ബന്ധിപ്പിക്കുന്ന നിയോ സ്‌കോളഴ്‌സ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കേഴ്‌സർ സ്ഥാപിക്കുന്നതിന് മുമ്പ് സാംഗർ ബ്രിഡ്ജ് വാട്ടർ അസോസിയേറ്റ്‌സ്, ഗൂഗിൾ, യൂ.കോം എന്നിവിടങ്ങളിൽ ഇന്റേൺഷിപ്പ് ചെയ്യുകയും ഒരു എഐ കൺസൾട്ടൻസി സ്ഥാപനം നടത്തുകയും ചെയ്തിരുന്നു.

അനിസ്ഫിയറിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറായ അസിഫ് പാകിസ്താനിലെ കറാച്ചി സ്വദേശിയാണ്. ഗണിതശാസ്ത്രത്തിൽ മികവുതെളിയിച്ച ഇദ്ദേഹം 2016 മുതൽ 2018 വരെ മൂന്ന് വർഷം തുടർച്ചയായി പാകിസ്ഥാനെ അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. ഒരുതവണ വെങ്കല മെഡലും നേടിയിട്ടുണ്ട്. അദ്ദേഹം സ്‌കോളർഷിപ്പിലാണ് എംഐടിയിൽ പഠിച്ചത്.

നിലവിൽ ലക്ഷക്കണക്കിന് സോഫ്റ്റ്‌വെയർ ഡെവലപ്പർമാരാണ് എഐ കോഡിങ് പ്ലാറ്റ്‌ഫോമായ കേഴ്‌സർ ഉപയോഗിക്കുന്നത്. വമ്പൻ ടെക് കമ്പനികളായ എൻവിഡിയ, അഡോബി, യൂബർ, സ്‌പോട്ടിഫൈ, പേപാൽ തുടങ്ങിയ കമ്പനികളും കേഴ്‌സർ ഉപയോഗിക്കുന്നുണ്ട്. ഈ വർഷം ഏപ്രിലിൽ ഇലോൺ മസ്‌കിന്റെ സ്‌പേസ്എക്‌സ് അവരുടെ എഐ മോഡലുകൾക്ക് പരിശീലനം നൽകുന്നതിനായി കേഴ്‌സറിന്റെ പിന്തുണ തേടിയിരുന്നു. പിന്നാലെയാണ് കമ്പനിയെത്തന്നെ ഏറ്റെടുക്കാൻ സ്‌പേസ്എക്‌സ് നീക്കം തുടങ്ങിയത്.