ഫ്‌ളൈറ്റ് 13 ദൗത്യത്തിനിടെ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച പടുകൂറ്റൻ സ്റ്റാർഷിപ്പ് റോക്കറ്റ് വീണ്ടെടുക്കാനുള്ള സ്‌പേസ് എക്‌സിന്റെ ശ്രമങ്ങൾ കമ്പനിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ വീണ്ടെടുക്കൽ നീക്കങ്ങൾ അത്ര നല്ല രീതിയിലല്ല പുരോഗമിക്കുന്നതെന്ന് സിഇഒ എലോൺ മസ്‌ക് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വിജയകരമായ സ്റ്റാർഷിപ്പ് സ്പ്ലാഷ്ഡൗൺ എന്ന് കമ്പനിതന്നെ അവകാശപ്പെട്ട ദൗത്യത്തിന്റെ ഭാഗമായ റോക്കറ്റ് വീണ്ടെടുക്കുന്ന കാര്യത്തിലാണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നനായ മസ്‌കിന്റെ കമ്പനി വിയർക്കുന്നത്.

To advertise here,

വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളും പ്രക്ഷുബ്ധമായ കടലും വകവെയ്ക്കാതെ 52 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് തുറമുഖത്ത് എത്തിക്കാനുള്ള ശ്രമം തങ്ങളുടെ സംഘം തുടരുകയാണെന്ന് സ്‌പേസ് എക്‌സ് അടുത്തിടെ പറഞ്ഞിരുന്നു. പോസ്റ്റിന് മറുപടിയായാണ് വീണ്ടെടുക്കൽ ദൗത്യം അത്ര എളുപ്പമല്ലെന്ന് മസ്‌ക് വെളിപ്പെടുത്തിയിട്ടുള്ളത്. 'നിർഭാഗ്യവശാൽ വീണ്ടെടുക്കൽ നീക്കങ്ങൾ ഇപ്പോൾ ശരിയായ നിലയിലല്ല മുന്നോട്ടുപോകുന്നകത്. എന്നിരുന്നാലും റോക്കറ്റിന്റെ ഭാവിയിലെ നവീകരണങ്ങൾക്കായി ഹീറ്റ് ഷീൽഡിന്റെയും എഞ്ചിനുകളുടെയും നിർണായക ഭാഗങ്ങളുടെ ക്ലോസ്-അപ്പ് ഫോട്ടോകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.' - അദ്ദേഹം വെളിപ്പെടുത്തി.

ഫ്‌ളൈറ്റ് 13

ജൂലായ് അവസാനം ടെക്‌സസിലെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസിൽ നിന്നായിരുന്നു ഫ്‌ളൈറ്റ് 13 വിക്ഷേപണം. ഇതുവരെ നടത്തിയതിൽവെച്ച് ഏറ്റവും വിജയകരമായ സ്റ്റാർഷിപ്പ് ദൗത്യം എന്നാണ് കമ്പനി അതിനെ വിശേഷിപ്പിച്ചത്. 20 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ വിന്യസിച്ചശേഷമാണ് സ്റ്റാർഷിപ്പ് റോക്കറ്റിന്റെ അപ്പർ‌സ്റ്റേജ് ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുനഃപ്രവേശവും സ്പ്ലാഷ്ഡൗണും നടത്തിയത്. തിരിച്ചുവരവിൽ റോക്കറ്റിന് ചില സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കടലിൽ പതിച്ച റോക്കറ്റ് വലിയതോതിൽ കേടുപാടുകൾ കൂടാതെ പൊങ്ങിക്കിടക്കുകയാണ്. ഇത് വീണ്ടെടുക്കാനുള്ള ശ്രമമാണ് കമ്പനി നടത്തുന്നത്. പ്രക്ഷുബ്ധമായ കടലിലൂടെ ഓസ്‌ട്രേലിയയിലേക്ക് കൂറ്റൻ റോക്കറ്റ് വലിച്ചുകൊണ്ടുപോകാൻ ഒന്നിലധികം കപ്പലുകൾ ചേർന്ന് പരിശ്രമം നടത്തുന്നുണ്ട്. അതിനിടെയാണ് മസ്‌കിന്റെ പുതിയ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

റോക്കറ്റ് വീണ്ടെടുക്കുന്നതിന്റെ പ്രാധാന്യമെന്ത?

ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെ അയക്കുന്ന ദൗത്യങ്ങളെ പിന്തുണയ്ക്കാൻ വേണ്ടി രൂപകൽപ്പന ചെയ്താണ് 100 ടണ്ണിലധികം ഭാരം വഹിക്കാൻ ശേഷിയുള്ള ഈ റോക്കറ്റ്. സ്‌പേസ് എക്‌സിന്റെ പൂർണ്ണമായും പുനരുപയോഗിക്കാവുന്ന വിക്ഷേപണ സംവിധാനമാണ് സ്റ്റാർഷിപ്പ്. റോക്കറ്റ് തിരിച്ചിറക്കാനും ഏറെ വൈകാതെ പുനരുപയോഗിക്കാനും സ്‌പേസ് എക്‌സ് നടത്തുന്ന കരുതിക്കൂട്ടിയുള്ള പരീക്ഷണ തന്ത്രത്തിന്റെ ഭാഗമായിരുന്നു സമുദ്രത്തിലെ വാട്ടർ ലാൻഡിങ്.

പുനഃപ്രവേശനം നടത്തിയതിനു ശേഷമുള്ള കടുത്ത ചൂടും സമ്മർദ്ദവും അതിജീവിച്ച ഒരു റോക്കറ്റിന്റെ ശേഷി വിലയിരുത്തുന്നതിന് അത് കേടുപാടുകൾ കൂടാതെ വീണ്ടെടുക്കേണ്ടതുണ്ട്. എന്നാൽ ഹീറ്റ് ഷീൽഡിന്റെയും എൻജിൻ വിഭാഗങ്ങളുടെയും ക്ലോസ്-അപ്പ് ഫോട്ടോഗ്രാഫുകൾ ലഭിച്ചിട്ടുള്ളതിനാൽ അവ ഭാവിയിലെ റോക്കറ്റിന്റെ നവീകരണത്തിന് ഉപയോഗിക്കാൻ കഴിയുമെന്നാണ് കമ്പനി പറയുന്നത്.

അതിനിടെ, ഇതിലും വലിയ ലക്ഷ്യങ്ങളുള്ള ഫ്‌ളൈറ്റ് 14-നാണ് സ്‌പേസ് എക്‌സ് ഇപ്പോൾ പദ്ധതിയിടുന്നത്. അപ്പർ സ്റ്റേജ് കരയിലേക്ക് തിരികെ കൊണ്ടുവരുകയും വിക്ഷേപണ ടവറിന്റെ മെക്കാനിക്കൽ കൈകൾ ഉപയോഗിച്ച് അത് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് അടുത്തദൗത്യം.