കൊച്ചി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്ത സാധ്യതയാണുള്ളതെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. എസ്. സോമനാഥ്. എറണാകുളം ഭാരതീയ വിദ്യാഭവനില്‍ 'ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 2014-ല്‍ ബഹിരാകാശവുമായി ബന്ധപ്പെട്ട് ഒരു സ്റ്റാര്‍ട്ടപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. 2024-ല്‍ അവയുടെ എണ്ണം 250-ല്‍ അധികമായി. ശാസ്ത്രാഭിനിവേശമുള്ള എല്ലാവര്‍ക്കും ഐ.എസ്.ആര്‍.ഒ.യുടെ ഭാഗമാകാന്‍ കഴിഞ്ഞെന്നു വരില്ല. എന്നാല്‍, വരും തലമുറയ്ക്ക് അവസരം വിനിയോഗിച്ച് ബഹിരാകാശ കമ്പനികളുടെ ഉടമകളാകാന്‍ ശ്രമിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ തുമ്പയില്‍നിന്നു ചെറിയ റോക്കറ്റുകള്‍ അയച്ചു തുടങ്ങുമ്പോള്‍ അമേരിക്ക ചന്ദ്രനില്‍ കാലുകുത്തിയിരുന്നു. എന്നാലിപ്പോള്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി നാസയുമായി തോളോടു തോള്‍ ചേര്‍ന്നുനില്‍ക്കുന്നു. വിദേശ രാജ്യങ്ങളുടെ 431 സാറ്റലൈറ്റുകളാണ് ഇന്ത്യ വിക്ഷേപിച്ചിട്ടുള്ളത്. ചന്ദ്രയാന്‍ രണ്ട് ദൗത്യം സോഫ്റ്റ് ലാന്‍ഡിങ് നടത്തിയില്ലെങ്കില്‍ പോലും ഓര്‍ബിറ്റര്‍ ചന്ദ്രോപരിതലത്തിന്റെ മികവുറ്റ ചിത്രങ്ങളാണ് പകര്‍ത്തുന്നത്. അമേരിക്ക, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ അവ ഗവേഷണ ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നുണ്ട്. 1982-ല്‍ റോക്കറ്റിന്റെ ഭാഗങ്ങളില്‍ 47 ശതമാനവും ഇറക്കുമതി ചെയ്തിരുന്നതായിരുന്നു.
എന്നാലിപ്പോള്‍ ഇറക്കുമതി എട്ട് ശതമാനമായി കുറച്ചു. തദ്ദേശീയമായി റോക്കറ്റ് എന്‍ജിനുകള്‍ വികസിപ്പിക്കാനുമായി. ഗഗന്‍യാന്‍, ചന്ദ്രയാന്‍ നാല് മുതലുള്ള പരമ്പര എന്നിവയും യാഥാര്‍ഥ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്ര ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ പ്രൊഫ. ഡോ. അമ്പാട്ട് വിജയകുമാര്‍, സെക്രട്ടറി കെ. ശങ്കരനാരായണന്‍, ഡയറക്ടര്‍ ഇ. രാമന്‍കുട്ടി, ചീഫ് പ്രോഗ്രാം കോഡിനേറ്റര്‍ മീന വിശ്വനാഥന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlights: ISRO Chairman Dr. Somanath highlights the booming space startup ecosystem in India,
Published: 07 Nov 2024, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented