ഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒ. ശാസ്ത്രജ്ഞരുടെ കൊഴിഞ്ഞുപോക്ക് ഭീഷണിനേരിടുമ്പോഴാണ് സ്വകാര്യ സ്റ്റാർട്ടപ്പ് ചരിത്രംകുറിക്കുന്നത്. സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ വിക്രം-1 ബഹിരാകാശ രംഗത്ത് വെന്നിക്കോടി നാട്ടിയപ്പോൾ ഇതിനുപിന്നിൽ പ്രവർത്തിച്ചത് ഐ.എസ്.ആർ.ഒ. മുൻശാസ്ത്രജ്ഞരാണ്. സ്‌കൈറൂട്ട് എയ്റോസ്പെയ്സിന്റെ സ്ഥാപകൻ പവൻകുമാർ ചന്ദന ഐ.എസ്.ആർ.ഒ.യുടെ റോക്കറ്റ് ടീമിൽ അംഗമായിരുന്നു. ഇതാണ് വിക്രം റോക്കറ്റിന്റെ പിറവിയിലേക്ക് നയിച്ചത്. ആറുവർഷം തിരുവനന്തപുരം വി.എസ്.എസ്.സി.യിൽ ജി.എസ്.എൽ.വി. മാർക്ക്-3 റോക്കറ്റ് ടീമിലെ അംഗമായിരുന്നു. ഇതോടൊപ്പം വിക്രം-1 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ച പ്രധാന പേലോഡുകൾ നിർമിച്ചതും ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞരുടെ സ്റ്റാർട്ടപ്പുകളാണ്.

To advertise here,

ഐ.എസ്.ആർ.ഒ.യുടെ പല ദൗത്യങ്ങളും വൈകുന്നതിനിടയിലാണ് ചുരുങ്ങിയ സമയംകൊണ്ട് സ്വകാര്യ സ്റ്റാർട്ടപ്പ്, ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. വലിയ പ്രതീക്ഷയുമായി ഐ.എസ്.ആർ.ഒ.യിലെത്തുന്ന യുവ എൻജിനിയർമാർക്ക് അവസരം ലഭിക്കുന്നില്ലെന്നും അതിനാലാണ് സ്വകാര്യമേഖലയിലേക്ക് യുവ എൻജിനിയർമാർ ചേക്കേറുന്നതെന്ന ആരോപണവും ശക്തമാണ്. കഴിഞ്ഞ ഒരുമാസത്തിനുള്ളിൽ വിവിധ കേന്ദ്രങ്ങളിൽനിന്നായി 100-ലധികം ശാസ്ത്രജ്ഞരാണ് സ്വകാര്യമേഖലയിലേക്ക് ചേക്കേറിയത്.

സ്പെയ്‌സ് എക്‌സ്, ബ്ലൂ ഒറിജിൻ, റോക്കറ്റ് ലാബ്, റിലേറ്റിവിറ്റി സ്പെയ്സ് എന്നീ ആഗോള കമ്പനികൾക്കൊപ്പം ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയ്‌റോ സ്പെയ്സിന്റെ പേരും കൂട്ടിച്ചേർക്കപ്പെട്ടത് രാജ്യത്തിന് നേട്ടമാണ്. എന്നാൽ, ഐ.എസ്.ആർ.ഒ. എന്ന അഭിമാന സ്ഥാപനത്തിന് പുനർവിചിന്തനത്തിന് അവസരം നൽകുന്നതുമാണ്. ജീവനക്കാർക്ക് മികച്ച പാക്കേജും ആനുകൂല്യങ്ങളും നൽകണമെന്ന വാദം ഇപ്പോഴും ബഹിരാകാശവകുപ്പ് കണ്ടില്ലെന്നു നടിക്കുകയാണ്. ഐ.എസ്.ആർ.ഒ. നൽകുന്നതിനെക്കാൾ പത്തിരട്ടിയിലേറെ ശമ്പളമാണ് സ്വകാര്യ എയ്റോസ്പെയ്സ് സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്നത്.

നയപരിഷ്‌കാരങ്ങളുടെ നേട്ടം

ബഹിരാകാശം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത നയപരിഷ്‌കാരങ്ങളുടെ വലിയ നേട്ടമായാണ് ദൗത്യവിജയത്തെ മുൻമേധാവികൾ കാണുന്നത്. സ്‌കൈറൂട്ടിന്റെ വിജയത്തിനുപിന്നിൽ മറ്റൊരു ചരിത്രനേട്ടംകൂടിയുണ്ട്. ആദ്യശ്രമത്തിൽത്തന്നെ ഓർബിറ്റൽ റോക്കറ്റ് വിജയകരമായി ബഹിരാകാശത്തെത്തിക്കുന്ന ലോകത്തെ ആദ്യ സ്റ്റാർട്ടപ്പാണ്. എയ്‌റോസ്പെയ്സ് രംഗത്ത് ഒട്ടേറെ സ്റ്റാർട്ടപ്പുകളുണ്ടെങ്കിലും റോക്കറ്റ് നിർമിക്കുകയും വിക്ഷേപണം നടത്തുകയും ചെയ്യുന്ന കമ്പനികൾ കുറവാണ്. ഇതിന് കൂടുതൽ സാങ്കേതികതയും സാമ്പത്തിക പിൻബലവും വേണം. ഇവിടെയാണ് സ്‌കൈറൂട്ടിന്റെ വിജയം. ''ദൗത്യ വിജയത്തിലൂടെ റോക്കറ്റിന്റെ ശേഷി തെളിയിച്ചു. തുടർ വിക്ഷേപണത്തിലൂടെ വിക്രം റോക്കറ്റിന് ഒരു വാണിജ്യവിക്ഷേപണ വാഹനമാക്കും'' -കമ്പനി വക്താവ് തേജസ്വി പറഞ്ഞു.

വിശ്വാസ്യത കൂട്ടും

ആദ്യശ്രമത്തിൽത്തന്നെ സ്വകാര്യ ഓർബിറ്റൽ റോക്കറ്റ് വിജയകരമായതോടെ ആഗോള ബഹിരാകാശ വിപണിയിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ വിശ്വാസ്യത കൂട്ടും. ഇത് വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനും കഴിയും. ചെറിയ ഉപഗ്രഹങ്ങൾ നിർമിക്കുന്ന വിദേശ കമ്പനികൾ വിക്ഷേപണത്തിന് ഇന്ത്യൻ റോക്കറ്റുകളെ ആശ്രയിക്കേണ്ടിവരും.

ഭാരമേറിയ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ലക്ഷ്യം വെച്ച് സ്‌കൈറൂട്ട് എയ്‌റോസ്പെയ്സ് നിർമിക്കുന്ന റോക്കറ്റാണ് വിക്രം-2. 2027-ൽ ആദ്യ വിക്ഷേപണം നടക്കും. വിക്രം ഒന്നിൽനിന്ന് വ്യത്യസ്തമായി ഇതിൽ ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യയാണ്. ദ്രവീകൃത പ്രകൃതിവാതകവും ദ്രവ ഓക്‌സിജനും ഇന്ധനമായി ഉപയോഗിക്കുന്ന എൻജിൻ പരിസ്ഥിതിസൗഹൃദമാണ്. കൂടുതൽ ത്രസ്റ്റും നൽകും. ഭൂമിയുടെ അടുത്ത ഭ്രമണപഥത്തിൽ 900 കിലോഗ്രാംവരെ ഭാരമുള്ള ഉപഗ്രഹങ്ങളെയെത്തിക്കാൻ ശേഷിയുണ്ടാകും. ഒരു വിക്ഷേപണത്തിലൂടെ ഉപഗ്രഹങ്ങളെ വ്യത്യസ്ത ഭ്രമണപഥത്തിലെത്തിക്കാൻ റോക്കറ്റിന് കഴിയും. വാർത്താവിനിമയം, കാലാവസ്ഥ, നാവിഗേഷൻ മേഖലകളിലെ ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം ലക്ഷ്യംവെക്കുന്നതാണ് വിക്രം-2.

ഐ.എസ്.ആർ.ഒ.യെ സഹായിക്കുമോ?

സ്വകാര്യ റോക്കറ്റ് നിർമാണ സ്റ്റാർട്ടപ്പുകൾ വളരുന്നത് ഐ.എസ്.ആർ.ഒ.യെ പരോക്ഷമായി സഹായിക്കുമെന്നാണ് വിലയിരുത്തൽ. ചെറു ഉപഗ്രഹങ്ങളുടെ വിക്ഷേപണം സ്വകാര്യ കമ്പനികൾക്ക് കൈമാറുകയും വലിയ ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിന് കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാനും കഴിയും. ഗഗൻയാൻ, മംഗൾയാൻ, ആദ്യത്യ, ശുക്ര ദൗത്യം, ഭാരതീയ ബഹിരാകാശനിലയം എന്നിവയ്ക്കായി കൂടുതൽ സമയവും പണവും വിനിയോഗിക്കാൻ കഴിയും. ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതും മറ്റു സഹായങ്ങൾ നൽകുന്നതും ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ വിഭാഗമായിരിക്കും.

ചരിത്രക്കുതിപ്പ്

സ്‌കൈറൂട്ട് എയ്റോസ്പെയ്സിന്റെ വിക്രം-1 റോക്കറ്റ് വിക്ഷേപണം ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുവർണ അധ്യായമാണ്. വി.എസ്.എസ്.സി.യിൽ ശാസ്ത്രജ്ഞനായിരുന്ന പവൻ കുമാർ ചന്ദന, ഇന്ത്യയിൽ ബഹിരാകാശ നയങ്ങൾ മാറുന്നതിനും സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതിനും എത്രയോ മുൻപുതന്നെ ജോലി രാജിവെച്ച് കമ്പനിക്ക് തുടക്കമിട്ടുവെന്നത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തെയാണ് കാണിക്കുന്നത്. ചെറുകിട ഉപഗ്രഹങ്ങൾക്ക് ആഗോളതലത്തിലും രാജ്യത്തും വലിയ വിപണിയുള്ള സാഹചര്യത്തിൽ, വിക്രം റോക്കറ്റിന്റെ വിജയം ഇന്ത്യൻ ബഹിരാകാശമേഖലയ്ക്കും അഭിമാന നിമിഷമാണ്. ഈ വിജയം ഉപഗ്രഹനിർമാണം, വിക്ഷേപണ സംവിധാനങ്ങൾ തുടങ്ങിയ അപ്സ്ട്രീം മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തെ സ്റ്റാർട്ടപ്പുകൾക്ക് വലിയ ഊർജമാണ് നൽകുന്നത്.

ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ

(വി.എസ്.എസ്.സി. മുൻ ഡയറക്ടർ)