
ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ടാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയറോസ്പേസ് 'വിക്രം-1' റോക്കറ്റ് വിജയകരമായി ബഹിരാകാശത്ത് എത്തിച്ചത്. ഇന്ത്യയിൽ നിന്ന് ഒരു സ്വകാര്യ കമ്പനി വികസിപ്പിച്ച റോക്കറ്റ് ഭ്രമണപഥത്തിലെത്തുന്നത് ഇതാദ്യമായാണ്. ഈ വിജയത്തിന് പിന്നിലെ സൂത്രധാരന്മാരിലൊരാളായ പവൻ കുമാർ ചന്ദന പങ്കുവെച്ച ഒരു വൈകാരിക കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
എട്ടാം ക്ലാസ് വരെ പഠനത്തിൽ വളരെ പിന്നിലായിരുന്ന, കണക്കിന് വെറും 51 മാർക്ക് മാത്രം വാങ്ങി തോൽവിയുടെ അരികിലെത്തിയ ഒരു കുട്ടിയായിരുന്നു താനെന്ന് എക്സ് പോസ്റ്റിൽ പവൻ ഓർത്തെടുക്കുന്നു.
'മിഷൻ ആഗമൻ' വിജയകരമായി പൂർത്തിയായ ശേഷം അച്ഛനെ ഫോണിൽ വിളിച്ച അനുഭവമാണ് പവൻ കുറിച്ചത്.
"റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലെത്തിയ ശേഷം ഞാൻ ആദ്യം വിളിച്ചത് എന്റെ അച്ഛനെയായിരുന്നു. എന്റെ സ്വപ്നങ്ങളേക്കാൾ വലിയ സ്വപ്നങ്ങൾ എനിക്കായി കാണുകയും ഒരു ഘട്ടത്തിലും എന്നെ ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ആളാണ് അദ്ദേഹം. എട്ടാം ക്ലാസ് വരെ മോശം വിദ്യാർത്ഥിയായിരുന്ന ഞാൻ കണക്കിന് 51 മാർക്കാണ് നേടിയത്. മറ്റൊരു വിഷയത്തിൽ തോൽക്കുകയും ചെയ്തു. അങ്ങനെയൊരാൾ ഐ.ഐ.ടിയിൽ എത്തുമെന്നോ, സ്വകാര്യ മേഖലയിലെ ഇന്ത്യയുടെ ആദ്യ ഓർബിറ്റൽ റോക്കറ്റ് ദൗത്യത്തിന്റെ ഭാഗമാകുമെന്നോ അന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു’- പവന്റെ കുറിപ്പിൽ പറുയുന്നു.
ഫോൺ വിളിച്ചപ്പോൾ അച്ഛന് സന്തോഷം കൊണ്ട് സംസാരിക്കാൻ പോലും സാധിച്ചില്ലെന്നും അദ്ദേഹം കരയുകയായിരുന്നു എന്നും പവൻ കുറിച്ചു. "ആ കണ്ണീരിൽ അദ്ദേഹം പറയാൻ ആഗ്രഹിച്ചതെല്ലാം ഉണ്ടായിരുന്നു. റോക്കറ്റ് ഭ്രമണപഥത്തിലെത്തിയപ്പോൾ അടക്കിപ്പിടിച്ച കണ്ണീർ ഈ കുറിപ്പ് എഴുതുമ്പോൾ നിയന്ത്രിക്കാൻ കഴിയുന്നില്ല," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്കൈറൂട്ടിന്റെ ചരിത്ര കുതിപ്പ്
-
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് 'മിഷൻ ആഗമൻ' ദൗത്യവുമായി വിക്രം-1 കുതിച്ചുയർന്നത്.
-
വിക്ഷേപിച്ച് 15 മിനിറ്റിനുള്ളിൽ 450 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലേക്ക് പേലോഡുകൾ വിജയകരമായി എത്തിച്ചു.
-
സ്വകാര്യ മേഖലയിൽ നിന്ന് ഓർബിറ്റൽ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.
2018-ൽ പവൻ കുമാർ ചന്ദനയും നാഗ ഭരത് ധാക്കയും ചേർന്നാണ് സ്കൈറൂട്ട് എയറോസ്പേസിന് തുടക്കമിട്ടത്.
Content Highlights: Skyroot Aerospace CEO Pawan Kumar Chandana shared an emotional tribute to his father following the successful orbit insertion of the Vikram-1 rocket, recalling how a once-struggling student went on to pioneer India's private space industry.
Published: 22 Jul 2026, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented