ദൈർഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങൾക്കിടെ സഞ്ചാരികൾക്ക് ഭക്ഷണമായി എന്തൊക്കെയാവും ലഭിക്കുക. ബഹിരാകാശത്തുവെച്ച് ഭക്ഷണം ആസ്വദിച്ച് കഴിക്കാനാകുമോ? ഇത്തരം സംശയങ്ങൾക്ക് ഒരു പോഡ്കാസ്റ്റിൽ വിശദമായ മറുപടി നൽകിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല.

To advertise here,

2025 ജൂണിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ISS) പോയ ശുഭാംശു തന്റെ ഇഷ്ടവിഭവവും അവിടേക്ക് കൊണ്ടുപോയിരുന്നു. എന്നാൽ ഇന്ത്യൻ വിഭവങ്ങൾ പലതും ബഹിരാകാശത്തേക്ക് കൊണ്ടുപോകണമെന്ന തന്റെ ആഗ്രഹം സാധിച്ചില്ലെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസിയായ നാസയുടെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും ഭക്ഷ്യ വിഭവങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള സമയം ലഭിക്കാതിരുന്നതിനാലുമാണ് തന്റെ ആഗ്രഹം സാധിക്കാതിരുന്നതെന്ന് ശുഭാംശു പറയുന്നു.

ഇന്ത്യൻ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO-യുടെ ഭാഗമായ ഡിഫൻസ് ഫുഡ് റിസർച്ച് ലബോറട്ടറി (DFRL)-യാണ് ഇന്ത്യയുടെ വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യത്തിലടക്കം ഉപയോഗിക്കുന്നതിനുള്ള ഭക്ഷ്യവിഭവങ്ങൾ വികസിപ്പിക്കുന്നത്. ഈ ലബോറട്ടറി ബഹിരാകാശ സഞ്ചാരികൾക്കുവേണ്ടി ഇന്ത്യൻ വിഭവങ്ങളുടെ വിപുലമായ മെനു തയ്യാറാക്കിയിരുന്നതായി ശുക്ല വെളിപ്പെടുത്തി. എന്നാൽ, കർശന പരിശോധനകൾക്ക് ശേഷം, ക്യാരറ്റ് ഹൽവ, മൂംഗ് ദാൽ ഹൽവ, ആംറസ് എന്നിങ്ങനെ മൂന്ന് വിഭവങ്ങൾക്ക് മാത്രമാണ് അംഗീകാരം ലഭിച്ചത്.

ഇന്ത്യൻ ഭക്ഷണം ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചിരുന്നു. ആദ്യത്തെ മെനുവിൽ കിച്ഡി, പുലാവ്, പച്ചക്കറികൾ, മറ്റ് പല ഇന്ത്യൻ വിഭവങ്ങൾ എന്നിവ ഉൾപ്പെട്ടിരുന്നു. എന്നാൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ഭക്ഷണത്തിന് അംഗീകാരം നേടുന്നത് ഒരു ഭക്ഷണം തയ്യാറാക്കുന്നത് പോലെ എളുപ്പമല്ല. ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായിരുന്നു സമയം. നാസയ്ക്ക് കൂടുതൽ പരിശോധനകൾ നടത്തണമായിരുന്നു. പക്ഷെ അതിനുള്ള മതിയായ സമയം ഉണ്ടായിരുന്നില്ല. അതിനാൽ മൂന്ന് ഭക്ഷണങ്ങൾക്ക് മാത്രമാണ് എല്ലാ മാനദണ്ഡങ്ങളും പാലിക്കാൻ സാധിച്ചത്.

ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഭക്ഷണം മാസങ്ങളോളം കേടുകൂടാതെ, പോഷക സമൃദ്ധമായി നിലനിൽക്കുമെന്ന് ഉറപ്പാക്കാനാണ് വിപുലമായ പരിശോധനകൾക്ക് വിധേയമാക്കുന്നത്. ലോഞ്ചിന്റെ വൈബ്രേഷൻസ് അവ താങ്ങണം, മൈക്രോഗ്രാവിറ്റിയിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കഴിയണം, പൊടികളോ അധിക ഈർപ്പമോ ഉണ്ടാകുന്നത് ഒഴിവാക്കണം. കർശനമായ മൈക്രോബയൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇവയെല്ലാമാണ് വെല്ലുവിളി ഉയർത്തിയതെന്ന് ശുഭാംശു പറയുന്നു.

ശുശാംശുവിന് ആഗ്രഹിച്ച ഇന്ത്യൻ വിഭവങ്ങളെല്ലാം ബഹിരാകാശത്തുവെച്ച് ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിലും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഒപ്പമുണ്ടായിരുന്നവർ അദ്ദേഹം കൊണ്ടുപോയ വിഭവങ്ങൾ രുചിച്ചുനോക്കി. 'എനിക്ക് ഒരു ഇന്ത്യൻ ഭക്ഷണവും കഴിക്കാൻ സാധിച്ചില്ല. മൂന്ന് വിഭവങ്ങളും ക്രൂമേറ്റ്‌സുമായി പങ്കിടുകയായിരുന്നു. അവർ അവ വളരെ നന്നായി ആസ്വദിച്ചു. ഭക്ഷണം പങ്കുവെക്കുന്നതിനേക്കാൾ മികച്ചതായി ബഹിരാകാശത്ത് എന്താണുള്ളത്?' - ശുഭാംശു പറയുന്നു.

മൈക്രോഗ്രാവിറ്റിയിലെ ജീവിതം മനുഷ്യ ശരീരത്തെ അപ്രതീക്ഷിതമായി മാറ്റുമെന്നും അദ്ദേഹം പറയുന്നു. ബഹിരാകാശ സഞ്ചാരികൾക്ക് മൂക്കടഞ്ഞതായി അനുഭവപ്പെടാം. അത് രുചിയും മണവും കുറയ്ക്കും. കൂടാതെ ദീർഘകാല ദൗത്യങ്ങളിൽ ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി നാസയുടെ സ്‌പേസ് മീൽസ് സാധാരണയായി കുറഞ്ഞ സോഡിയം അളവിലാണ് തയ്യാറാക്കുന്നത്. 'എനിക്ക് ഉപ്പ് നിറഞ്ഞതും എരിവുള്ളതുമായ ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടായി. ഫ്‌ളൈറ്റ് സർജനെ വിളിച്ച് ഉപ്പുള്ള എന്തെങ്കിലും കിട്ടുമോ എന്ന് ചോദിച്ചു.' - അദ്ദേഹം പറയുന്നു.