മുംബൈ: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിന്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താൻ മൊബൈൽ നിർമാണക്കമ്പനികൾക്ക്‌ കേന്ദ്രനിർദേശം. ഈ ആപ്പ് ഉപഭോക്താക്കൾ ഡിലീറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയുംവേണം. 90 ദിവസത്തെ സമയമാണ് ഇത്‌ നടപ്പാക്കാൻ കമ്പനികൾക്ക് അനുവദിച്ചിട്ടുള്ളത്.

To advertise here,

രാജ്യത്ത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകൾ പെരുകിവരുന്ന സാഹചര്യത്തിൽ അവയുടെ ഐഎംഇഐ നമ്പറുമായി ബന്ധിപ്പിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് സഞ്ചാർ സാഥി. 2024 ജനുവരിയിലാണ് ഇതവതരിപ്പിച്ചത്. ഈ പ്ലാറ്റ്ഫോമുപയോഗിച്ച് ഇതുവരെ നഷ്ടമായ ഏഴുലക്ഷത്തോളം ഫോണുകൾ കണ്ടെത്താൻകഴിഞ്ഞതായാണ് സർക്കാർ കണക്കുകൾ. ഒക്ടോബറിൽമാത്രം 50,000 ഫോണുകൾ കണ്ടെത്തിയതായും പറയുന്നു.

രാജ്യത്തെ പ്രധാന മൊബൈൽ ഫോൺ ഉത്പാദകരായ ആപ്പിൾ, സാംസങ്, ഷവോമി, വിവോ, ഒപ്പോ എന്നിവ നിർബന്ധമായും നിബന്ധന പാലിക്കേണ്ടതുണ്ട്. നവംബർ 28-നാണ് കേന്ദ്ര വാർത്താവിതരണമന്ത്രാലയം ഇതുസംബന്ധിച്ച നിർദേശംനൽകിയത്. നിലവിൽ വിതരണഘട്ടത്തിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വേർ അപ്ഡേഷന്റെ സമയത്ത് ആപ്പ് ഉൾപ്പെടുത്തണം. കമ്പനികൾക്ക് പ്രത്യേകമായാണ് ഉത്തരവ് കൈമാറിയിരിക്കുന്നതെന്നാണ് അറിയുന്നത്.

മൊബൈൽ ഫോണുകളിലെ ഐഎംഇഐ നമ്പർ തിരുത്തുകയോ പകർത്തുകയോചെയ്യുന്ന സാഹചര്യങ്ങളിൽ ടെലികോം മേഖലയിലെ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിന് ഈ ആപ്പ് നിർണായകമാണെന്ന് സർക്കാർ പറയുന്നു. അതേസമയം, ആപ്പിളിന്റെ സ്വകാര്യതാനയത്തിന്‌ വിരുദ്ധമാണിതെന്ന് വാദമുണ്ട്. സ്പാം തടയുന്നതിനുള്ള ആപ്പ് ഉൾപ്പെടുത്താൻ നേരത്തേ ആപ്പിൾ വിസമ്മതിച്ചിരുന്നു. ആപ്പിളിന്റെ നയമനുസരിച്ച് പ്രൊപ്രൈറ്ററി ആപ്പുകൾ മാത്രമാണ് കമ്പനി നിർമാണഘട്ടത്തിൽ ഇൻസ്റ്റാൾചെയ്യുക. സർക്കാരിന്റെ അല്ലെങ്കിൽ തേഡ് പാർട്ടി ആപ്പുകൾ വിൽപ്പനയ്ക്കുമുൻപായി ഇൻസ്റ്റാൾചെയ്യുന്നത് കമ്പനിയുടെ നയത്തിനുവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രവർത്തനം

ഓരോ ഫോണിലും 14 മുതൽ 17 അക്കംവരെയുള്ള ഐഎംഇഐ നമ്പറുണ്ട്. മൊബൈൽ ഫോണിനെ തിരിച്ചറിയാനുള്ള സവിശേഷനമ്പറാണിത്. ഉപകരണം മോഷണംപോയാൽ ഈ ആപ്പ് ഉപയോഗിച്ച് അധികൃതർക്ക് ഈ നമ്പറിലേക്കുള്ള നെറ്റ്‌വർക്ക് വിച്ഛേദിക്കാനാകും. സഞ്ചാർ സാഥി ആപ്പുപയോഗിച്ച് കേന്ദ്രീകൃത പോർട്ടൽവഴി ഉപഭോക്താക്കൾക്ക് ഐഎംഇഐ നമ്പർ പരിശോധിക്കാനും സംശയകരമായ കോളുകൾ റിപ്പോർട്ടുചെയ്യാനും മോഷണംപോയ ഫോണുകൾ ബ്ലോക്ക്ചെയ്യാനും മറ്റും സൗകര്യമുണ്ട്. നിലവിൽ ഈ ആപ്പ് അഞ്ചുലക്ഷം ഫോണുകളിൽ ഡൗൺലോഡ് ചെയ്തിട്ടുണ്ട്.