ഭുവനേശ്വറിൽ ഹൈ സെക്യൂരിറ്റി ഡാറ്റാ സെന്റർ വികസിപ്പിച്ച് റിസർവ് ബാങ്ക് (ആർ.ബിഐ). അതിർത്തി കടന്നുള്ള ഭീഷണികളും ഭൂകമ്പ സാധ്യതയുമടക്കം പരിഗണിച്ചാണ് ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇൻഫോ വാലി-രണ്ട്, ഖൊർദ എന്നിവിടങ്ങളിൽ 18.55 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പുതിയ ഗ്രീൻഫീൽഡ് സൗകര്യം കറൻസി മാനേജ്മെന്റ്, പേയ്മെന്റ്, സെറ്റിൽമെന്റ് തുടങ്ങിയവയെ പിന്തുണയ്ക്കുന്ന പ്രധാന കമ്പ്യൂട്ടിങ് സംവിധാനമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

To advertise here,

2023-ൽ ഈ പ്രദേശത്ത് ആർബിഐ പ്രവർത്തനം ആരംഭിച്ചപ്പോൾ അധികം ആരും ഈ സ്ഥലത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നില്ല. ഈ സ്ഥലം ഇന്ത്യയുടെ പടിഞ്ഞാറൻ, വടക്കൻ അതിർത്തികളിൽ നിന്ന് വളരെ അകലെയാണ്. മിസൈൽ അല്ലെങ്കിൽ ഡ്രോൺ ആക്രമണങ്ങളുടെ അപകടസാധ്യത ഇത് കുറയ്ക്കുന്നു. രാജ്യത്തെ ഉയർന്ന ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കുന്നതിലൂടെ പ്രകൃതിക്ഷോഭംമൂലം ഡാറ്റാസെന്ററിന് കേടുപാടുണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. സുപ്രധാന സാമ്പത്തിക പ്രവർത്തനങ്ങളുടെ അടിത്തറയാക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും തടസമില്ലാത്ത പ്രവർത്തനവും ഉറപ്പാക്കാൻ ഈ സ്ഥലം സഹായിക്കും.

ആർബിഐയുടെ ഇത്തരത്തിലുള്ള രണ്ടാമത്തെ കേന്ദ്രമാണ് ഒഡീഷയിലേത്. നവി മുംബൈയിലെ ഖാർഘറിലുള്ള പ്രൈമറി ഡാറ്റാ സെന്ററിന് പുറമെയാണിത്. മുംബൈ, ചെന്നൈ പോലുള്ള പരമ്പരാഗത ഡാറ്റാ ഹബ്ബുകളിൽ നിന്ന് വ്യത്യസ്തമായി ഒഡീഷയിൽ സമുദ്രത്തിന് അടിയിലൂടെയുള്ള പ്രധാന കമ്യൂണിക്കേഷൻ കേബിളുകളുടെ സാന്നിധ്യമില്ല. ഇത് സൈബർ ഭീഷണികളുടെയും നെറ്റ് വർക്ക് തടസങ്ങളുടെയും അപകടസാധ്യത കുറയ്ക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു.

കഴിഞ്ഞ വർഷം ഇന്ത്യ - പാക് സംഘർഷം രൂക്ഷമായ ഘട്ടത്തിൽ അതിർത്തി കടന്നുള്ള ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് രാജ്യത്തെ ഒരു പ്രധാന വാണിജ്യ ബാങ്ക് അവരുടെ ഡാറ്റാ സെന്റർ ജയ്പുരിൽനിന്ന് മുംബൈയിലേക്ക് അടിയന്തിരമായി മാറ്റിയിരുന്നു. സുരക്ഷിതമായ സ്ഥലത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു ഈ സംഭവം.

ലോകമെമ്പാടുമുള്ള സാമ്പത്തിക സ്ഥാപനങ്ങൾ സുരക്ഷിതമായ സ്വന്തം ഡാറ്റാ സെന്ററുകളിലേക്ക് ചുവടുമാറുന്നതിനിടെയാണ് ആർബിഐയുടേയും നിർണായക നീക്കം. പൊതുവായ അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിക്കുന്നതിനു പകരം ഡാറ്റാ സുരക്ഷയ്ക്ക് മുൻഗണന നൽകുന്നതാണ് ഈ നീക്കത്തിന് പിന്നിൽ. ഇന്ത്യയുടെ ഡിജിറ്റൽ ഇടപാടുകളും റിയൽ-ടൈം പേയ്മെന്റ് സംവിധാനങ്ങളും അതിവേഗം വികസിക്കുന്ന പശ്ചാത്തലത്തിൽ ശക്തമായ ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിനെ കേവലം ഐടി സൗകര്യം എന്നതിലുപരി സാമ്പത്തിക സ്ഥിരതയ്ക്ക് അത്യാവശ്യമായ ഘടകമായാണ് കണക്കാക്കുന്നത്. ആർബിഐയുടെ ഒഡീഷയിലെ സൗകര്യം അന്താരാഷ്ട്ര മാതൃകകൾ പിന്തുടരുന്നതാണെന്ന് വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. ശക്തമായ സുരക്ഷ ഉറപ്പാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.