രാജ്യത്തെ വസ്ത്രക്കയറ്റുമതി ഹബ്ബായ തിരുപ്പൂരിലെ വൻകിട സ്ഥാപനങ്ങളിലെത്തിയാൽ മാറുന്ന ജനസംഖ്യാചിത്രത്തിന്റെ യഥാർഥ സൂചനകൾ ലഭിക്കും. വസ്ത്രക്കയറ്റുമതിയുടെ ആസ്ഥാനമായ ഇവിടെ ആറു ലക്ഷത്തോളം തൊഴിലാളികളാണ് രാപ്പകൽ ജോലി ചെയ്യുന്നത്. ഇളമുറക്കാരായ പ്രാദേശികത്തൊഴിലാളികൾ മറ്റു മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഉത്തരേന്ത്യയിൽ നിന്നുള്ള യുവാക്കളാണ് തിരുപ്പൂരിലെ തുന്നൽയന്ത്രങ്ങളെ ഇപ്പോൾ ചലിപ്പിക്കുന്നത്. പ്രത്യേകിച്ച് ബിഹാർ, ഉത്തർപ്രദേശ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ.

To advertise here,

വെറുമൊരു തൊഴിൽവിപണി മാറ്റത്തിനപ്പുറം ഇന്ത്യയുടെ സാമ്പത്തികഭാവിയെ നിർണ്ണയിക്കുന്ന ജനസംഖ്യാ പരിവർത്തനത്തിന്റെ പ്രതിഫലനമാണിത്. 2025-ൽ അമേരിക്ക ഇറക്കുമതിത്തീരുവ വർദ്ധിപ്പിച്ചപ്പോൾ തിരുപ്പൂരിലെ ഓർഡറുകൾ കുറയുകയും നിരവധിയാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഇത് വ്യക്തമാക്കുന്നത് രണ്ടു കാര്യങ്ങളാണ്: ഒന്ന്, രാജ്യത്തിന്റെ ഉല്പാദനമേഖല ആഗോള ചലനങ്ങളോടും കുടിയേറ്റത്തൊഴിലാളികളോടും എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു. രണ്ട്, കുടിയേറ്റത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാത്ത മാതൃക സാമ്പത്തിക പ്രതിസന്ധികളിൽ തകർന്നടിയാം. വരുംദശകങ്ങളിൽ ഇന്ത്യയിലുടനീളം പ്രകടമാകാൻ പോകുന്ന വലിയൊരു മാറ്റത്തിന്റെ തുടക്കം മാത്രമാണിത്. ഇന്ത്യയുടെ ഫെഡറൽ സാമ്പത്തിക ഘടനയെക്കുറിച്ച് പുനർചിന്തനം നടത്താൻ ഇത് നമ്മെ നിർബന്ധിതരാക്കുന്നു.

യുവത്വവും വാർദ്ധക്യവും

ഇന്ത്യയെ 'യുവരാജ്യം' എന്നാണ് ആഗോളതലത്തിൽ വിശേഷിപ്പിക്കുന്നത്. ദേശീയതലത്തിലെ കണക്കുകൾ ഇത് ശരിവെക്കുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 58 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണ്; 41 ശതമാനം പേർ 25 വയസ്സിൽ താഴെയുള്ളവരും. ലോകത്തിലെ ഏറ്റവും വലിയ 'ജെൻ സി' (Gen Z) വിഭാഗം ഇന്ത്യയിലാണെന്നത് രാജ്യത്തിന്റെ കരുത്താണ്. എന്നാൽ, സംസ്ഥാനതലത്തിലേക്ക് ഇറങ്ങിച്ചെന്നാൽ ഈ ചിത്രം മാറും.

ഐക്യരാഷ്ട്രസഭയുടെ (യു.എൻ.) കണക്കുപ്രകാരം ഇന്ത്യയിൽ 60 വയസ്സു കഴിഞ്ഞവർ 16.7 കോടിയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ വയോജന വിഭാഗമാണിത്. ഈ വൈവിധ്യം വ്യക്തമാക്കുന്നത് ഇന്ത്യയെ ഒരൊറ്റ വിപണിയായി കാണാനാവില്ല എന്നാണ്.

യുവത്വത്തിന്റെ കരുത്ത്: ജനസംഖ്യയുടെ 58 ശതമാനവും 35 വയസ്സിൽ താഴെയുള്ളവരാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ യുവ തൊഴിൽസേനയെ ഉറപ്പുനൽകുന്നു.

വാർദ്ധക്യത്തിന്റെ വെല്ലുവിളി: 16.7 കോടി മുതിർന്ന പൗരന്മാർ. പ്രായമേറുന്ന സംസ്ഥാനങ്ങളിൽ ഇത് ആരോഗ്യ-സാമൂഹികസുരക്ഷാ ബജറ്റുകളിൽ വലിയ സമ്മർദ്ദമുണ്ടാക്കുന്നു.

പ്രാദേശിക അസന്തുലിതാവസ്ഥ: വടക്കൻ സംസ്ഥാനങ്ങൾ (ഉദാഹരണത്തിന് ബിഹാർ, യു.പി.) യുവത്വത്തിൽ തുടരുമ്പോൾ തെക്കൻ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങുന്നു.

ഉത്തരേന്ത്യയിൽ വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾക്കും മുൻഗണന നൽകേണ്ടിവരുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വയോജനപരിപാലനത്തിനും ആധുനിക ആരോഗ്യസംവിധാനങ്ങൾക്കുമാണ് പ്രാധാന്യം നൽകേണ്ടത്.

ആർ.ബി.ഐ.യുടെ കണക്കുകൾ

സംസ്ഥാനങ്ങളുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ചുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ.) 2024 ജനുവരിയിലെ റിപ്പോർട്ട് ജനസംഖ്യാമാറ്റത്തെ ഗൗരവത്തോടെ വിശകലനം ചെയ്യുന്നു. 60 വയസ്സിന് മുകളിലുള്ളവരുടെ ശതമാനം അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ ആർ.ബി.ഐ. മൂന്നായി തിരിച്ചിട്ടുണ്ട്. 2016-ൽ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും 'യുവത്വം' നിലനിർത്തിയവയായിരുന്നുവെങ്കിൽ വരുംദശകങ്ങളിൽ ഈ സ്ഥിതി മാറും.

വർഷം

അവസ്ഥ

60+

ജനസംഖ്യ (%)

സാമ്പത്തിക-സാമൂഹിക

പ്രത്യാഘാതം

2016

മിക്കവാറും എല്ലാ

സംസ്ഥാനങ്ങളും

യുവത്വത്തിൽ.

< 10%

ഉയർന്ന തൊഴിൽ

ലഭ്യത, കുറഞ്ഞ

സാമൂഹിക സുരക്ഷാ

ചെലവ്.

2026

കേരളം (18.7%),

തമിഴ്‌നാട് (15.8%)

'ഏജിംഗ്'

വിഭാഗത്തിലേക്ക്.

15% –

19%

പ്രാദേശിക

തൊഴിലാളികളുടെ

കുറവ്,

ആരോഗ്യ ചെലവ്

വർദ്ധന.

2036

പകുതിയിലധികം

സംസ്ഥാനങ്ങൾ

പ്രായമേറുന്ന

വിഭാഗത്തിലേക്ക്.

> 15%

നികുതി

വരുമാനത്തിൽ

കുറവ്, ഉയർന്ന

പെൻഷൻ ബാധ്യതകൾ.

2036

ഉത്തർപ്രദേശ്,

ബീഹാർ തുടങ്ങിയവ

'ഇന്റർമീഡിയറ്റ്' വിഭാഗത്തിൽ.

10% –

15%

ഇന്ത്യയിൽ

'യുവത്വമുള്ള'

സംസ്ഥാനങ്ങൾ

ഇല്ലാതാകുന്നു.

2036-ഓടെ ഇന്ത്യയിൽ 'യുവത്വമുള്ള' ഒരു സംസ്ഥാനംപോലും ഉണ്ടാകില്ല. ഇന്ത്യക്ക് ജനസംഖ്യാപരമായി ലഭിക്കുന്ന നേട്ടം (Demographic Dividend) കരുതിയതിലും വേഗത്തിൽ അവസാനിക്കാൻ പോകുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പ്രജനനനിരക്കും ആയുർദൈർഘ്യവും

മൊത്തം പ്രജനനനിരക്കിലെ (TFR) വലിയ ഇടിവും ആയുർദൈർഘ്യത്തിലെ വർദ്ധനവുമാണ് ഇതിന് കാരണം. ജനസംഖ്യ സുസ്ഥിരമായി നിലനിർത്താൻ ആവശ്യമായ പ്രജനനനിരക്ക് 2.1 ആണ്. ഇന്ത്യയുടെ ദേശീയ ശരാശരി ഇപ്പോൾ 1.9 ആയി കുറഞ്ഞു. ജനസംഖ്യാ നിയന്ത്രണമെന്ന ലക്ഷ്യം ഇന്ത്യ കൈവരിച്ചുവെങ്കിലും സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യത്യാസം വലുതാണ്. ഡൽഹിയിൽ ഇത് 1.2 ആയി താഴ്ന്നപ്പോൾ ബിഹാറിൽ ഇപ്പോഴും 2.8 ആണ്. ഗ്രാമീണ ബിഹാറിൽ ഇത് 2.9 ആയിരിക്കുമ്പോൾ ഹിമാചൽപ്രദേശിലെ നഗരമേഖലകളിൽ 1.1 മാത്രമാണ്.

ആരോഗ്യസൗകര്യങ്ങളുടെ പുരോഗതിമൂലം ഇന്ത്യക്കാരുടെ ശരാശരി ആയുസ്സ് 72 വയസ്സായി ഉയർന്നു. നഗരപ്രദേശങ്ങളിൽ ആയുർദൈർഘ്യം 73.1 വർഷവും ഗ്രാമങ്ങളിൽ 69.1 വർഷവുമാണ്. കേരളത്തിൽ ശരാശരി ആയുസ്സ് 75 വർഷമാണെങ്കിൽ ഛത്തീസ്ഗഢിൽ ഇത് 65 വർഷം മാത്രമാണ്. പ്രജനനനിരക്ക് കുറയുകയും ആയുസ്സ് കൂടുകയും ചെയ്യുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതിവേഗം വാർദ്ധക്യത്തിലേക്ക് നീങ്ങുകയാണ്.

സാമ്പത്തിക പ്രത്യാഘാതങ്ങൾ

പ്രായമേറുന്ന സംസ്ഥാനങ്ങളിൽ തൊഴിലെടുക്കാൻ ശേഷിയുള്ളവരുടെ (15-64 വയസ്സ്) എണ്ണം കുറയുന്നത് സാമ്പത്തികവളർച്ചയെ ബാധിക്കും. കേരളത്തിലും തമിഴ്‌നാട്ടിലും 2026-ഓടെ ഈ വിഭാഗത്തിന്റെ എണ്ണം കുറയാൻ തുടങ്ങും. അതേസമയം ഉത്തർപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങൾ 2036-ലും ഉയർന്ന തൊഴിൽശേഷി നിലനിർത്തും.

സാമ്പത്തികമായി കൂടുതൽ കരുത്തുള്ള തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിൽ തൊഴിലാളികളുടെ ക്ഷാമമുണ്ട്. ബിഹാർ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ മൂലധനക്ഷാമമുണ്ടെങ്കിലും മനുഷ്യവിഭവശേഷിയുണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള അധ്വാനശക്തിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മൂലധന നിക്ഷേപവും കോർത്തിണക്കിയുള്ള സാമ്പത്തിക മാതൃകയ്ക്കാണ് ഇനി പ്രസക്തി.

കുടിയേറ്റവും ഭാവി സാധ്യതകളും

നിലവിൽ ഇന്ത്യയിൽ 55 മുതൽ 60 കോടി വരെ ആഭ്യന്തര കുടിയേറ്റക്കാരുണ്ടെന്നാണ് കണക്ക്. കേരളം, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ കുടിയേറ്റത്തൊഴിലാളികൾക്ക് വലിയ അവസരങ്ങളാണ് നൽകുന്നത്. ഉയർന്ന വേതനവും 'ആവാസ്' പോലുള്ള ക്ഷേമപദ്ധതികളും കേരളത്തെ അവർക്ക് പ്രിയപ്പെട്ടതാക്കുന്നു.

അതേസമയം, പ്രായമേറുന്ന സംസ്ഥാനങ്ങൾ പെൻഷൻ, ആരോഗ്യസംരക്ഷണം എന്നിവയ്ക്കായി ബജറ്റ് വിഹിതത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടിവരും. ഇത് സാമ്പത്തിക അടിത്തറയെ ബാധിക്കാതിരിക്കാൻ താഴെ പറയുന്ന നടപടികൾ അനിവാര്യമാണ്:

വാർഷിക കുടിയേറ്റ സർവേകൾ: അന്തർസംസ്ഥാന കുടിയേറ്റത്തിന്റെ യഥാർത്ഥ വിവരങ്ങൾ ശേഖരിക്കുകയും ബാങ്കിങ്, മൊബൈൽ സേവനങ്ങൾ എന്നിവ കുടിയേറ്റക്കാർക്ക് എളുപ്പമാക്കുകയും ചെയ്യുക.

നൈപുണ്യ വികസനം: നിലവിലുള്ള തൊഴിലാളികളുടെ ഉല്പാദനക്ഷമതയും കാര്യശേഷിയും വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസത്തിലും പരിശീലനത്തിലും കൂടുതൽ നിക്ഷേപം നടത്തുക.

സാങ്കേതികവിദ്യയുടെ ഉപയോഗം: തൊഴിലാളികളുടെ കുറവുള്ള മേഖലകളിൽ എ.ഐ. (Artificial Intelligence), ഓട്ടോമേഷൻ എന്നിവ പ്രയോജനപ്പെടുത്തുക.

വടക്കൻ സംസ്ഥാനങ്ങളിലെ യുവത്വവും തെക്കൻ സംസ്ഥാനങ്ങളുടെ സാമ്പത്തിക കരുത്തും കൃത്യമായി ഏകോപിപ്പിച്ചാൽ രാജ്യത്തിന് വികസിത രാഷ്ട്രമെന്ന സ്വപ്നത്തിലേക്ക് വേഗത്തിൽ എത്താം.