ബാങ്കുകളെയോ മറ്റ് ധനകാര്യ സ്ഥാപനങ്ങളെയോ വായ്പയ്ക്കായി സമീപിക്കുമ്പോൾ പലിശനിരക്ക് മാത്രം നോക്കാതെ, വാർഷിക ചെലവ് വ്യക്തമാക്കുന്ന എപിആർ എത്രയെന്ന് ഉറപ്പാക്കണം. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകൾ അടുത്തവർഷം ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരും.

വീടുവെക്കാനോ ബിസിനസ് ആവശ്യങ്ങൾക്കോ വായ്പ തേടിയിറങ്ങുമ്പോൾ ഏത് ധനകാര്യ സ്ഥാപനത്തിലാണ് കുറഞ്ഞ പലിശയെന്ന് കണ്ടെത്തുക പ്രയാസമാണ്. ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന ഓഫറുകൾ താരതമ്യം ചെയ്തുവേണം വായ്പ തിരഞ്ഞെടുക്കാൻ. എന്നാൽ, ആകർഷകമായ പലിശനിരക്കുകൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ചാർജുകളും സങ്കീർണമായ പലിശഘടനകളും കാരണം ലാഭകരമായത് കണ്ടെത്തുക എളുപ്പമല്ല.
ഈ ആശയക്കുഴപ്പം പരിഹരിക്കാൻ സുതാര്യമായ നടപടിക്രമങ്ങൾ അവതരിപ്പിക്കുകയാണ് റിസർവ് ബാങ്ക്. ഇ-കോമേഴ്സ് ഉത്പന്നങ്ങളുടെ വിലയും ഗുണനിലവാരവും താരതമ്യം ചെയ്യുന്നതുപോലെ എളുപ്പത്തിൽ ലോണുകൾ തിരഞ്ഞെടുക്കുകയാണ് ലക്ഷ്യം. അടുത്തവർഷം ഏപ്രിൽ മുതലാണ് പുതിയ വ്യവസ്ഥകൾ നടപ്പിൽവരിക.
ബാങ്കുകളും എൻ.ബി.എഫ്.സി.കളും
ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും (എൻ.ബി.എഫ്.സി.) നിലവിൽ വായ്പാ പലിശ നിശ്ചയിക്കുന്നത് വ്യത്യസ്ത രീതികളിലാണ്. ബാങ്കുകൾ സാധാരണയായി റിപ്പോ നിരക്ക് പോലുള്ളവയെ ആശ്രയിക്കുമ്പോൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ പലപ്പോഴും സ്വന്തമായി തയ്യാറാക്കിയ വ്യവസ്ഥകൾ അനുസരിച്ചാണ് പലിശ നിർണയിക്കുന്നത്. ഇതുമൂലം സുതാര്യത കുറയുകയും വായ്പകൾ തമ്മിൽ താരതമ്യം ചെയ്യുന്നത് അസാധ്യമാവുകയും ചെയ്യുന്നു.
ഫ്ളോട്ടിങ് നിരക്കിലുള്ള വായ്പകളിൽ പ്രധാനമായും രണ്ട് ഘടനകളാണുള്ളത്: ബാഹ്യ ബെഞ്ച്മാർക്ക് നിരക്കും സ്പ്രെഡും. ആർ.ബി.ഐ.യുടെ റിപ്പോ ഉൾപ്പെടെയുള്ളവ അടിസ്ഥാനമാക്കിയാണ് ബെഞ്ച്മാർക്ക് നിരക്ക് നിശ്ചയിക്കുന്നത്. എന്നാൽ പ്രവർത്തനച്ചെലവ്, ക്രെഡിറ്റ് റിസ്ക് പ്രീമിയം, ബിസിനസ് തന്ത്രങ്ങൾ എന്നിവയാണ് സ്പ്രെഡിന് അടിസ്ഥാനം.
സ്പ്രെഡിലെ പ്രവർത്തനച്ചെലവുകൾ ഉൾപ്പെടെയുള്ള 'നോൺ-ക്രെഡിറ്റ് റിസ്ക്' ഭാഗങ്ങൾ മൂന്നുവർഷത്തേക്ക് മാറ്റമില്ലാതെ നിലനിർത്തണമെന്നാണ് പുതിയ വ്യവസ്ഥയിലെ പ്രധാന നിർദേശം. വായ്പയെടുത്ത വ്യക്തിയുടെ ക്രെഡിറ്റ് പ്രൊഫൈലിലോ സിബിൽ സ്കോറിലോ കാര്യമായ മാറ്റമുണ്ടായാൽ ബാങ്കിന് 'ക്രെഡിറ്റ് റിസ്ക് പ്രീമിയം' പുനഃപരിശോധിക്കാനും മാറ്റം വരുത്താനും അധികാരമുണ്ടായിരിക്കും.
ബാങ്കുകൾ, എൻ.ബി.എഫ്.സി.കൾ, സഹകരണ ബാങ്കുകൾ എന്നിവയുൾപ്പെടെ ആർ.ബി.ഐ.യുടെ കീഴിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഏകീകൃത മാനദണ്ഡങ്ങൾ നിലവിൽവരും.
ചെറിയ വായ്പകൾക്ക് വലിയ ആശ്വാസം
പലിശയും പ്രോസസിങ് ഫീയുമടക്കം ഒരു വായ്പയുടെ ആകെ വാർഷികച്ചെലവാണ് വാർഷിക ശതമാന നിരക്ക് (Annual Percentage Rate - APR). കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് ഉയർന്ന പ്രോസസിങ് ഫീസും മറ്റ് ചാർജുകളും ഈടാക്കുന്ന രീതി ഡിജിറ്റൽ ഫിൻടെക് ആപ്പുകൾ നടത്താറുണ്ട്. ഇത് പലപ്പോഴും ഇടപാടുകാരെ കെണിയിലാക്കും. ഇത്തരം തട്ടിപ്പുകൾ തടയാൻ 50,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകൾക്ക് ബോർഡ് അംഗീകൃത എ.പി.ആർ. പരിധി നിശ്ചയിക്കാൻ റിസർവ് ബാങ്ക് (ആർ.ബി.ഐ.) നിർദേശിച്ചു. ഡിജിറ്റൽ വായ്പാ സ്ഥാപനങ്ങൾ അന്യായമായ നിരക്കുകൾ ഈടാക്കുന്നത് തടയാൻ ഈ തീരുമാനം ഉപകരിക്കും.
നിരക്കുകളിൽ സുതാര്യത
വായ്പാ നിരക്കിന്റെ ഓരോ വിഭാഗവും കൃത്യമായി വേർതിരിച്ചു കാണിക്കണമെന്നാണ് പുതിയ വ്യവസ്ഥ. പ്രവർത്തനച്ചെലവ്, ക്രെഡിറ്റ് റിസ്ക് പ്രീമിയം, ടേം പ്രീമിയം തുടങ്ങിയ ചാർജുകൾ പ്രത്യേകം വ്യക്തമാക്കുന്നത് ഇടപാടുകാർക്ക് കൂടുതൽ സുതാര്യത ഉറപ്പാക്കും.
പലിശ നിരക്കിലെ മാറ്റം വേഗത്തിലറിയാം
ഫ്ളോട്ടിങ് നിരക്കുള്ള വായ്പകളിൽ, റിസർവ് ബാങ്ക് റിപ്പോ നിരക്കിലോ മറ്റ് ബാഹ്യ ബെഞ്ച്മാർക്കുകളിലോ മാറ്റംവരുത്തിയാൽ മൂന്നു മാസത്തിനുള്ളിൽ ആ ആനുകൂല്യം വായ്പക്കാർക്ക് കൈമാറണമെന്ന് ബാങ്കുകൾക്ക് നിർദേശമുണ്ട്. വിപണിയിൽ പലിശ കുറയുമ്പോൾ അതിന്റെ പ്രയോജനം ഉപഭോക്താവിന് അതിവേഗം ലഭിക്കുമെന്ന് ഇത് ഉറപ്പുവരുത്തുന്നു. അതേസമയം, ചെറുകിട ഗ്രാമീണ-നഗര സഹകരണ ബാങ്കുകളെയും ചെറിയ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളെയും (എൻ.ബി.എഫ്.സി.) മൂന്നു മാസത്തെ സമയപരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
| പ്രയോജനം | വിശദീകരണം |
|---|---|
| എളുപ്പത്തിലുള്ള താരതമ്യം | ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും നിരക്കുകൾ ഒരേ അളവുകോൽ (APR) ഉപയോഗിച്ച് താരതമ്യം ചെയ്യാം. |
| സുതാര്യത | ക്രെഡിറ്റ് റിസ്ക് പ്രീമിയം, ഓപ്പറേറ്റിംഗ് കോസ്റ്റ് തുടങ്ങിയവ വേർതിരിച്ച് കാണിക്കുന്നത് വഴി പലിശ ഈടാക്കുന്ന രീതി മനസ്സിലാക്കാം. |
| കുറഞ്ഞ നിരക്ക് കൈമാറ്റം | ബെഞ്ച്മാർക്ക് നിരക്കുകളിൽ വരുന്ന മാറ്റങ്ങൾ വേഗത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകും. |
| അമിത നിരക്കുകളിൽ നിന്നുള്ള സംരക്ഷണം | ചെറുകിട വായ്പകൾക്ക് നിശ്ചയിക്കുന്ന ഉയർന്ന പരിധി ഉപഭോക്താക്കളെ ചൂഷണത്തിൽ നിന്ന് സംരക്ഷിക്കുന്നു. |
നിരക്കുകളിലെ സുതാര്യതയും നിശ്ചിത കാലയളവിലേക്കുള്ള സ്പ്രെഡ് ഘടനയും വായ്പയെടുക്കുന്ന സാധാരണക്കാർക്ക് ഗുണകരമാകും. ധനകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരത്തിനും ഇത് വഴിയൊരുക്കും. ബാങ്കിലോ മറ്റ് സ്ഥാപനങ്ങളിലോ വായ്പയ്ക്കായി സമീപിക്കുമ്പോൾ പലിശ നിരക്ക് മാത്രം നോക്കാതെ, വായ്പയുടെ ആകെ ചെലവ് വ്യക്തമാക്കുന്ന എ.പി.ആർ. എത്രയെന്ന് ചോദിച്ചു മനസിലാക്കാൻ ശ്രദ്ധിക്കുക.
Content Highlights: RBI introduces transparent loan comparison mechanisms starting next April., Non-credit risk components of spreads must remain unchanged for three years., APR limits set for personal loans up to Rs 50,000 to prevent hidden charges., Banks must pass on repo rate cuts to borrowers within three months.
Published: 28 Aug 2026, 12:09 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented