റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിനൊപ്പം സെൽഫിയെടുത്ത് കേരളത്തിലെ അറിയപ്പെടുന്ന എഐ പ്രതിഭയും 17-കാരനായ സംരംഭകൻ റൗൾ ജോൺ അജു. മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര എഐ കോൺഫറൻസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

To advertise here,

യുവ എഐ പ്രതിഭയെന്ന് റഷ്യൻ എംബസി

തിങ് ക്രാഫ്റ്റ് പ്ലാറ്റ്‌ഫോം വികസിപ്പിച്ച സ്‌കൂൾ വിദ്യാർഥി എന്നാണ് റൗളിനെ റഷ്യൻ എംബസി വിശേഷിപ്പിച്ചിട്ടുള്ളത്. പുതിനുമായും കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവുമായി കൂടിക്കാഴ്ച നടത്തിയ യുവ എഐ പ്രതിഭകളിൽ ഒരാളാണ് അദ്ദേഹമെന്നും എംബസി പറയുന്നു. എഐ കോൺഫറൻസിന്റെ പ്ലീനറി സെഷന് ശേഷമാണ് പുട്ടിനുമായുള്ള കൂടിക്കാഴ്ച നടന്നതെന്ന് റഷ്യൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.

‘ജീവിതം നൽകിയത് സ്വപനം കാണാൻ കഴിയാത്ത അവസരങ്ങൾ’

പുതിനൊപ്പമുള്ള വീഡിയോ ദൃശ്യങ്ങൾ റൗൾ ജോൺ അജു തന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കുവെച്ചിട്ടുണ്ട്. 'ഈ നിമിഷം ഉൾക്കൊള്ളാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിനോദത്തിനായി വീഡിയോകൾ ചെയ്തിരുന്ന ഒരു ചെറിയ കുട്ടിയിൽ നിന്ന് 17-ാം വയസ്സിൽ റഷ്യൻ പ്രസിഡന്റ് പുതിനെ കണ്ടുമുട്ടുന്നത് വരെ, എനിക്ക് ഒരിക്കലും സ്വപ്നം കാണാൻ കഴിയാത്ത അവസരങ്ങളാണ് ജീവിതം നൽകിയത്.' – റൗൾ വീഡിയോയുടെ അടിക്കുറിപ്പിൽ പറഞ്ഞു.

AI ജേർണി 2026 എന്ന് പേരിട്ടിരിക്കുന്ന മൂന്ന് ദിവസത്തെ കോൺഫറൻസ് നവംബർ 26 വ്യാഴാഴ്ചയാണ് ആരംഭിച്ചത്. ഇന്ത്യ, ചൈന, റഷ്യ, സെർബിയ, ബ്രസീൽ, കെനിയ, കസാഥിസ്ഥാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

ആരാണ് റൗൾ ജോൺ അജു

എഐ ടൂളുകൾ വികസിപ്പിക്കുന്നതിലൂടെയും സാങ്കേതികവിദ്യയിൽ പരിശീലനം നൽകുന്നതിലൂടെയും നിർമിതബുദ്ധിയിലുള്ള തന്റെ അഭിനിവേശം ഒരു സ്റ്റാർട്ടപ്പാക്കി മാറ്റുന്നതിലൂടെയും ശ്രദ്ധ നേടിയ എഐ പ്രതിഭയാണ് റൗൾ ജോൺ അജു. ഒമ്പതാം വയസ്സിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്വയം പഠിച്ചുകൊണ്ടാണ് റൗൾ എഐ രംഗത്തെ യാത്ര ആരംഭിച്ചത്. തുടർന്ന് AI Realm Technologise എന്ന സ്റ്റാർട്ടപ്പ് സ്ഥാപിച്ചു. അതിപ്പോൾ 15 പേർക്ക് തൊഴിൽ നൽകുകയും ലോകമെമ്പാടുമുള്ള അഞ്ച് ലക്ഷത്തോളം വിദ്യാർഥികളെ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. റൗളിന്റെ അച്ഛൻ നിലവിൽ ഈ സ്റ്റാർട്ടപ്പിലാണ് ജോലി ചെയ്യുന്നത്. പ്രതിമാസം 2 ലക്ഷം രൂപ ശമ്പളവും വാങ്ങുന്നുണ്ട്.

ആറാം വയസ്സിൽ സ്വന്തമായി ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്യാനായി എഐയുടെ സഹായം തേടിയ റൗൾ, പത്തു വർഷത്തിനിപ്പുറം നിർമിതബുദ്ധി മേഖലയിൽ ഒരു കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലേക്കു വളർന്നത് ദൃഢനിശ്ചയംകൊണ്ടാണ്. ചെറിയ പ്രായത്തിൽത്തന്നെ എഐയുടെ സാധ്യതകളും ഗുണങ്ങളും റൗൾ തിരിച്ചറിഞ്ഞു. തുടർന്ന് നിർമിതബുദ്ധി കേന്ദ്രീകരിച്ച് സ്വയം പഠനം തുടങ്ങി. യുട്യൂബാണ് ഗുരു. വീട്ടുകാരുടെ പിന്തുണകൂടിയായപ്പോൾ റൗൾ തൊട്ടതെല്ലാം പൊന്നാക്കി. എഐയുടെ സഹായത്താൽ കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും നേടിയെടുക്കാൻ കഴിയുമെന്നു മനസ്സിലാക്കി.

ഇതാണ് 2024-ൽ 'എഐ റെലെം ടെക്‌നോളജീസ്' എന്ന പേരിൽ കമ്പനി തുടങ്ങാനുള്ള പ്രചോദനവും. ഇവിടെ റൗളിന്റെ കീഴിൽ അച്ഛൻ അജു ജോസഫ് ഉൾപ്പെടെ 15 പേർ ജോലിചെയ്യുന്നുണ്ട്. എജുക്കേഷണൽ റോബോട്ടായ മീ-ബോട്ട്, എഐ അവതാർ, എഐ ടൂളിനായി പ്രോജക്ട് ജസ്റ്റ് ഈസ് എന്നിവയിലാണ് എഐ റെലെം ടെക്‌നോളജീസ് ശ്രദ്ധപതിപ്പിക്കുന്നത്. ഇടപ്പള്ളി കുന്നുംപുറം ഗവ. ജിവിഎച്ച്എസ്എസിലെ 11-ാം ക്ലാസ് വിദ്യാർഥിയായ റൗൾ പത്തനംതിട്ട സ്വദേശിയാണ്.