തിരുവനന്തപുരം: രാജ്യത്തെ ആദ്യ വ്യവസായ നിർമിത പി.എസ്.എൽ.വി. റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സ് ലിമിറ്റഡും എൽ ആൻഡ് ടിയും (ലാർസൺ ആൻഡ് ടൂബ്രോ) ചേർന്ന കൺസോർഷ്യം നിർമിച്ച പി.എസ്.എൽ.വി.-എൻ-1 റോക്കറ്റാണ് വിക്ഷേപണത്തിന് തയ്യാറായത്. അടുത്ത വർഷം ആദ്യം ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം.

To advertise here,

ഐ.എസ്.ആർ.ഒ. വാണിജ്യവിഭാഗമായ ന്യൂസ്പെയ്സ് ഇന്ത്യ ലിമിറ്റഡ് 2022-ലാണ് റോക്കറ്റ് നിർമാണത്തിനായുള്ള 860 കോടിയുടെ കരാർ കൺസോർഷ്യത്തിന് കൈമാറിയത്. ഇതേ ശ്രേണിയിൽപ്പെട്ട അഞ്ച് റോക്കറ്റുകൾ നിർമിക്കാനാണ് കരാർ. വിക്ഷേപണച്ചുമതല ഐ.എസ്.ആർ.ഒ.യ്ക്കുതന്നെയാണ്. ഐ.എസ്.ആർ.ഒ.യുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എൽ.വി. ആദ്യമായാണ് സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ പൂർണമായും നിർമിക്കുന്നത്.

നേരത്തേ റോക്കറ്റിന്റെ ചില ഭാഗങ്ങൾ സ്വകാര്യകമ്പനികൾ നിർമിച്ചു നൽകിയിരുന്നെങ്കിലും ആദ്യമായാണ് റോക്കറ്റ് നിർമാണം പുറത്ത് നടക്കുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ നേരത്തേ കൺസോർഷ്യത്തിന് കൈമാറിയിരുന്നു.

പി.എസ്.എൽ.വി-എൻ1 വിക്ഷേപിക്കുന്ന ഉപഗ്രഹം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ഐ.എസ്.ആർ.ഒ.യുടെ പി.എസ്.എൽ.വി. വിക്ഷേപണം തുടർച്ചയായി രണ്ടുതവണ പരാജയപ്പെട്ടത് വ്യവസായ നിർമിത റോക്കറ്റ് നിർമാണത്തെയും ബാധിച്ചിരുന്നു. ഇതേത്തുടർന്ന് പി.എസ്.എൽ.വി.-എൻ 1 നിർമാണത്തിനായി ഘടകങ്ങൾ നൽകുന്ന കമ്പനികളെ മാറ്റേണ്ടിവന്നു. അതോടെയാണ് ഈ വർഷം നടത്തേണ്ടിയിരുന്ന വിക്ഷേപണം നീണ്ടുപോയത്. വിദഗ്ധസമിതിയുടെ നിർദേശപ്രകാരം മൂന്നാംഘട്ടത്തിലെ നോസിൽ ഘടനയിലും സീലിങ് സംവിധാനങ്ങളിലും മാറ്റംവരുത്തി പി.എസ്.എൽ.വി.യുടെ പരിഷ്‌കരിച്ച മൂന്നാംഘട്ടത്തിന്റെ ഗ്രൗണ്ട് പരീക്ഷണം ഐ.എസ്.ആർ.ഒ. വിജയകരമാക്കിയിരുന്നു. പി.എസ്.എൽ.വി.-സി- 63, ചെറുഉപഗ്രഹ വിക്ഷേപണത്തിനുള്ള എസ്.എസ്.എൽ.വി. എന്നീ വിക്ഷേപണത്തിനും പദ്ധതിയുണ്ട്.