ന്യൂഡൽഹി: കമ്യൂണിറ്റി മാർഗനിർദേശങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഇന്ത്യയിൽനിന്ന് അപ്‌ലോഡ് ചെയ്ത 34.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യുട്യൂബ്. 2026 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ അപ്‌ലോഡ് ചെയ്ത വീഡിയോകളാണ് നീക്കം ചെയ്തത്. ലോകത്താകെ നീക്കം ചെയ്ത വീഡിയോകളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ ഇന്ത്യയിൽനിന്നാണ്. ആഗോളതലത്തിൽ നീക്കം ചെയ്ത 1.1 കോടി വീഡിയോകളുടെ 31 ശതമാനത്തോളമാണ് ഇന്ത്യയിൽനിന്ന്.

To advertise here,

മുൻപാദത്തെ അപേക്ഷിച്ച് ഇന്ത്യയിൽനിന്ന് നീക്കം ചെയ്ത വീഡിയോകളുടെ എണ്ണത്തിൽ 28% വർധനയുണ്ടായിട്ടുണ്ട്. 12.4 ലക്ഷം വീഡിയോകൾ നീക്കം ചെയ്ത അമേരിക്കയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 9,20,000 വീഡിയോകൾ നീക്കം ചെയ്ത ഇൻഡൊനീഷ്യ മൂന്നാം സ്ഥാനത്തുണ്ട്.

ആഗോളതലത്തിൽ നീക്കം ചെയ്ത വീഡിയോകളിൽ 68.2 ശതമാനവും കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ്. നീക്കം ചെയ്യപ്പെട്ട വീഡിയോകളിൽ 98.6 ശതമാനവും യുട്യൂബിന്റെ അൽഗോരിത സംവിധാനങ്ങളാണ് ആദ്യം കണ്ടെത്തിയത്.

അപ്‌ലോഡ് ചെയ്യുന്നവരുടെ ഐ.പി. വിലാസം ഉപയോഗിച്ചാണ് വീഡിയോ ഏത് രാജ്യത്തുനിന്നാണ് അപ്‌ലോഡ് ചെയ്തതെന്ന് യുട്യൂബ് തിരിച്ചറിയുന്നത്. എന്നാൽ, വീഡിയോകൾ നീക്കം ചെയ്യാനുള്ള കാരണത്തിന്റെ ആഗോളതലത്തിലുള്ള വിവരങ്ങൾ മാത്രമാണ് കമ്പനി നൽകിയിരിക്കുന്നത്. രാജ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ലഭ്യമല്ല.

ഇന്ത്യയിൽ ഉള്ളടക്കം നീക്കാൻ ആവശ്യപ്പെടുന്നതിലും വർധന

ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കോടതികളിൽനിന്നും സർക്കാർ ഏജൻസികളിൽനിന്നും ഗൂഗിളിന് ലഭിക്കുന്ന അപേക്ഷകളിലും വർധനയുണ്ടായിട്ടുണ്ട്. 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആറുമാസത്തിനിടെ ഇന്ത്യയിൽനിന്ന് 4,006 അപേക്ഷകളാണ് ഗൂഗിളിന് ലഭിച്ചത്. മുൻ ആറുമാസത്തെ അപേക്ഷിച്ച് 61% വർധനയാണിത്. ഗൂഗിളിന്റെ ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. ലഭിച്ച അപേക്ഷകളിൽ 3,399 എണ്ണം യുട്യൂബിൽനിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനായിരുന്നു. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലായി 65,091 ഉള്ളടക്കങ്ങൾ നീക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. കൂടുതൽ അപേക്ഷകൾ നൽകിയ രാജ്യങ്ങളുടെ പട്ടികയിൽ റഷ്യയും ദക്ഷിണകൊറിയയും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

ഇന്ത്യയിൽനിന്ന് ലഭിച്ച അപേക്ഷകളിൽ 2,870 എണ്ണവും പോലീസിൽനിന്നാണ്. ഇത് ആകെ അപേക്ഷകളുടെ 72 ശതമാനത്തോളമാണ്. കോടതികളിൽനിന്ന് 695 അപേക്ഷകളും ലഭിച്ചു. ഇതിൽ അപകീർത്തിപ്പെടുത്തൽ എന്ന കാരണം കാണിച്ച് ഉള്ളടക്കം നീക്കം ചെയ്യാനുള്ള 2,130 അപേക്ഷകളാണുണ്ടായിരുന്നത്.

ഇന്ത്യയിൽനിന്നുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ പ്രാദേശിക നിയമങ്ങൾ ലംഘിച്ചതിന് 19,883 ഉള്ളടക്കങ്ങൾ ഗൂഗിൾ നീക്കം ചെയ്തു. ഗൂഗിൾ കമ്പനിയുടെ നയങ്ങൾ ലംഘിച്ചതിന് 1,415 ഉള്ളടക്കങ്ങളും നീക്കി.

അതേസമയം, 19,402 ഉള്ളടക്കങ്ങളുടെ കാര്യത്തിൽ ഗൂഗിൾ നടപടിയെടുത്തില്ല. നടപടിയെടുക്കാൻ ആവശ്യമായ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ 17,473 ഉള്ളടക്കങ്ങളുടെ കാര്യത്തിലും നടപടി സ്വീകരിച്ചില്ല.