ന്യൂഡൽഹി: സ്വന്തമായി ബിസിനസ് തുടങ്ങാനും സംരംഭകരാകാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വർധന.

To advertise here,

'ലിങ്ക്ഡ്ഇൻ' പുറത്തുവിട്ട പുതിയ പഠനറിപ്പോർട്ട് പ്രകാരം, സർവേയിൽ പങ്കെടുത്ത 85 ശതമാനം ഇന്ത്യക്കാരും സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ്. ഇത് ആഗോള ശരാശരിയുടെ ഇരട്ടിയോളമുണ്ട്. നിർമിത ബുദ്ധി(എ.ഐ.), സാമൂഹികമാധ്യമം, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ എന്നിവ ആശയങ്ങളെ ബിസിനസാക്കി മാറ്റുന്നത് എളുപ്പമാക്കിയതാണ് മാറ്റത്തിന് കാരണം.

സ്വതന്ത്രമായി ജോലിചെയ്യാനുള്ള സ്വാതന്ത്ര്യം (56%), കൂടുതൽ വരുമാനം നേടാനുള്ള സാധ്യത (52%), ജോലിയിലെ നിയന്ത്രണം, ശാസന (49%), മറ്റുള്ളവർക്ക് തൊഴിൽ നൽകാനുള്ള അവസരം(41%) എന്നിവയാണ് സംരംഭകത്വം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ. ജെൻസീ വിഭാഗത്തിൽപ്പെട്ട 94 ശതമാനം പേരും മില്ലേനിയലുകളിൽ 90 ശതമാനവും സംരംഭകരാകാൻ ആഗ്രഹിക്കുന്നു.

സംരംഭകത്വ താത്പര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഏകദേശം ഒപ്പത്തിനൊപ്പമാണ്. വരും വർഷങ്ങളിൽ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരിൽ 91 ശതമാനം സ്ത്രീകളും 94 ശതമാനം പുരുഷന്മാരുമാണ്.

2022-നുശേഷം ലിങ്ക്ഡ്ഇൻ പ്രൊഫൈലുകളിൽ 'ഫൗണ്ടർ' എന്ന് ചേർത്തവരുടെ എണ്ണത്തിൽ റെക്കോഡ് വർധനയുണ്ടായിട്ടുണ്ട്. എങ്കിലും 48 ശതമാനവുമായി മില്ലേനിയലുകളാണ് ഇപ്പോഴും മുന്നിൽ. ഉപഭോക്താക്കളിലേക്ക് എത്താൻ സോഷ്യൽ മീഡിയ സഹായിക്കുന്നെന്ന് 74 ശതമാനം പേർ പറഞ്ഞു. ഭൂരിഭാഗവും സംരംഭം നടത്താനും വളർത്താനും എ.ഐ. ഉപയോഗിക്കുന്നുണ്ട്.