എജുക്കേഷണല്‍ റോബോര്‍ട്ടായ മീ-ബോട്ട്, എഐ അവതാര്‍, എഐ ടൂളിനായി പ്രോജക്ട് ജസ്റ്റ് ഈസ് എന്നിവയിലാണ് എഐ റെലെം ടെക്നോളജീസ് ശ്രദ്ധപതിപ്പിക്കുന്നത്.

തിരുവനന്തപുരം: എഐ, റോബോട്ടിക്‌സ് തുടങ്ങിയ സാങ്കേതികവിദ്യകളെ ഒരു പേരിലേക്കു സംഗ്രഹിച്ചാൽ കേരളത്തിൽ അത് റൗൾ ജോൺ അജു എന്നു വായിക്കാം. നിർമിതബുദ്ധിയിൽ അസാമാന്യ അറിവും കഴിവും കൊണ്ട് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഐ പ്രതിഭയാണ് ഈ പതിനാറുകാരൻ.
ഐഎച്ച്ആർഡിയുടെ നേതൃത്വത്തിൽ കനകക്കുന്നിൽ സംഘടിപ്പിച്ച 'ജെനറേറ്റീവ് എഐ ആൻഡ് ദ ഫ്യൂച്ചർ ഓഫ് എജുക്കേഷൻ 3.0 കോൺക്ലേവി'ൽ ശനിയാഴ്ചത്തെ പ്രധാന ആകർഷണം റൗൾ ആയിരുന്നു. 'വ്യവസായത്തിൽ എഐയുടെ സാധ്യതകൾ' എന്ന വിഷയത്തിലെ ചർച്ചയിലാണ് റൗൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തത്.
ആറാം വയസ്സിൽ സ്വന്തമായി ചിത്രീകരിച്ച വീഡിയോ എഡിറ്റ് ചെയ്യാനായി എഐയുടെ സഹായം തേടിയ റൗൾ, പത്തു വർഷത്തിനിപ്പുറം നിർമിതബുദ്ധി മേഖലയിൽ ഒരു കമ്പനിയുടെ സ്ഥാപകൻ എന്ന നിലയിലേക്കു വളർന്നത് ദൃഢനിശ്ചയംകൊണ്ടാണ്. ചെറിയ പ്രായത്തിൽത്തന്നെ എഐയുടെ സാധ്യതകളും ഗുണങ്ങളും റൗൾ തിരിച്ചറിഞ്ഞു. തുടർന്ന് നിർമിതബുദ്ധി കേന്ദ്രീകരിച്ച് സ്വയം പഠനം തുടങ്ങി. യുട്യൂബാണ് ഗുരു. വീട്ടുകാരുടെ പിന്തുണകൂടിയായപ്പോൾ റൗൾ തൊട്ടതെല്ലാം പൊന്നാക്കി. എഐയുടെ സഹായത്താൽ കാര്യങ്ങൾ എളുപ്പത്തിലും വേഗത്തിലും നേടിയെടുക്കാൻ കഴിയുമെന്നു മനസ്സിലാക്കി.
ഇതാണ് 2024-ൽ 'എഐ റെലെം ടെക്നോളജീസ്' എന്ന പേരിൽ കമ്പനി തുടങ്ങാനുള്ള പ്രചോദനവും. ഇവിടെ റൗളിന്റെ കീഴിൽ അച്ഛൻ അജു ജോസഫ് ഉൾപ്പെടെ 15 പേർ ജോലിചെയ്യുന്നുണ്ട്. എജുക്കേഷണൽ റോബോർട്ടായ മീ-ബോട്ട്, എഐ അവതാർ, എഐ ടൂളിനായി പ്രോജക്ട് ജസ്റ്റ് ഈസ് എന്നിവയിലാണ് എഐ റെലെം ടെക്നോളജീസ് ശ്രദ്ധപതിപ്പിക്കുന്നത്. ഇടപ്പള്ളി കുന്നുംപുറം ഗവ. ജിവിഎച്ച്എസ്എസിലെ 11-ാം ക്ലാസ് വിദ്യാർഥിയായ റൗൾ പത്തനംതിട്ട സ്വദേശിയാണ്.
ദുബായ് ഭരണകൂടം ചെയ്യുന്നതുപോലെ ഇന്ത്യയിലും നിർമിതിബുദ്ധിക്കായി പ്രത്യേകം വകുപ്പും മന്ത്രിയും വേണമെന്ന് കോൺക്ലേവിൽ നടന്ന ചർച്ചയിൽ റൗൾ ആവശ്യപ്പെട്ടു.
ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി, ന്യൂറോസയൻസ്, ശസ്ത്രക്രിയകൾ തുടങ്ങിയ മേഖലകളിലെ എഐ സാങ്കേതികവിദ്യയുടെ പ്രാധാന്യത്തെക്കുറിച്ചു വിവരിച്ചു. അലിയാൻസിലെ എഐ ഹെഡ് സുനിൽ രവീന്ദ്രൻ, ടിസിഎസിലെ ജിം സീലൻ എന്നിവർ നിർമിതബുദ്ധിയുടെ സവിശേഷതകൾ പറഞ്ഞു.
ശനിയാഴ്ച രാവിലെ 'നിർമിതബുദ്ധിയും ജുഡീഷ്യൽ ഇൻഫർമാറ്റിക്‌സ് ആൻഡ് ലോ എൻഫോഴ്‌സ്മെന്റും' എന്ന വിഷയത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.രാജാ വിജയരാഘവനും ടെലികമ്യൂണിക്കേഷൻസ് എസ്പി ഉമേഷ് ഗോയലും സെഷൻസ് എടുത്തു.
ഡിജിറ്റൽ െഫാറൻസിക് സയൻസിൽ എഐയുടെ സാധ്യതകളെയും വെല്ലുവിളികളെയും കുറിച്ച് സി-ഡാക് ശാസ്ത്രജ്ഞൻ എ.നദീം കോയ ക്ലാസെടുത്തു. നിർമിതബുദ്ധിയുടെ പ്രാധാന്യം ആളുകളിെേലക്കത്തിക്കാൻ ഇത്തരം ചർച്ചകൾ അനിവാര്യമാണെന്ന് ഐഎച്ച്ആർഡി ഡയറക്ടർ ഡോ. വി.എ.അരുൺ കുമാർ അഭിപ്രായപ്പെട്ടു.
Content Highlights: Discover Raul John Aju, Kerala`s youngest AI prodigy at 16, who founded `AI Realm Technologies` revolutionizing AI in education and industry.
Published: 18 Jan 2026, 07:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented