മനുഷ്യബുദ്ധിയെ മറികടക്കുന്ന നിർമിതബുദ്ധി (എഐ) സംവിധാനങ്ങളുടെ വികാസം ലോകമെങ്ങും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. അതിനിടെ പരിശീലന ഘട്ടത്തിലടക്കം മനുഷ്യരുടെ നിയന്ത്രണം ഭേദിക്കുന്ന എഐ ഏജന്റുകൾ ഉയർത്തുന്ന സൈബർ സുരക്ഷാ ഭീഷണി അടക്കമുള്ളവ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്കടക്കം തലവേദന സൃഷ്ടിക്കുകയാണ്. എഐ കണ്ടെത്തുന്ന സൈബർ സുരക്ഷാ പഴുതുടകൾ അടിയന്തരമായി അടയ്ക്കാൻ കമ്പനികൾ നടത്തുന്ന നീക്കമാണ് പലപ്പോഴും സേവന തടസങ്ങൾക്ക് കാരണമാകുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനിടെ പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകത്തെ മുൻനിര എഐ കമ്പനിയായ ഓപ്പൺഎഐയുടെ മുൻ ബോർഡ് അംഗം ഹെലൻ ടോണർ.

To advertise here,

ഒരു അത്യാധുനിക നിർമിതബുദ്ധി (എഐ) മോഡൽ നിയന്ത്രണം ഭേദിച്ചാൽ അതിനെ തടയാൻ ഒരു കിൽ സ്വിച്ചിനോ അടിയന്തര ഷട്ട്ഡൗൺ സംവിധാനത്തിനോ കഴിയില്ലെന്ന് ജോർജ്ജ് ടൗൺ സർവകലാശാലയിലെ സെന്റർ ഫോർ സെക്യൂരിറ്റി ആൻഡ് എമർജന്റി ടെക്‌നോളജിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഹെലൻ ടോണർ ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എഐയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകളും പരിഹരിക്കാൻ കഴിയുന്ന ഒരൊറ്റ കിൽ സ്വിച്ച് ഉണ്ടാകില്ല. എന്നാൽ ഗുരുതരമായ വെല്ലുവിളികളെ പ്രതിരോധിക്കാൻ കഴിയുന്ന അടിയന്തര ഓവർറൈഡുകളും അടിയന്തര ഷട്ട്ഡൗണുകളും സ്ഥാപിക്കാൻ വിവിധ തലങ്ങളിൽ സാധ്യമാണെന്നും അവർ അഭിപ്രായപ്പെട്ടു.

എന്താണ് കിൽ സ്വിച്ച്

ഒരു എഐ മോഡലോ, എഐ ഏജന്റോ അപ്രതീക്ഷിതമായി നിയന്ത്രണം ഭേദിക്കുമ്പോഴോ, അതിന്റെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കുമ്പോഴോ, അപകടമുണ്ടാക്കുമ്പോഴോ താത്കാലികമായി അതിന്റെ പ്രവർത്തനം നിർത്തിവെക്കാനും, അതിനെ ഐസൊലേറ്റ് ചെയ്യാനും, ആക്സസ് റദ്ദാക്കാനും, ഷട്ട് ഡൗൺ ചെയ്യാനും സഹായിക്കുന്ന സുരക്ഷാ സംവിധാനത്തെയാണ് എഐ കിൽ സ്വിച്ച് എന്ന് വിശേഷിപ്പിക്കുന്നത്.

എല്ലാ എഐ സംവിധാനങ്ങൾക്കും ബാധകമായ ഒറ്റയൊരു 'ഓഫ് ബട്ടൺ' എന്നതിലുപരി ബാഹ്യ നിയന്ത്രണ സംവിധാനങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വിലയിരുത്തുമ്പോൾ നിയന്ത്രണമില്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന, മനുഷ്യരുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത, യുഎസ് അധികാരപരിധിക്ക് വിധേയമല്ലാത്ത, അല്ലെങ്കിൽ പൂർണ്ണമായും സ്വയം പ്രവർത്തിക്കുന്ന എഐ സംവിധാനങ്ങൾ ലോകമെങ്ങും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹെലൻ ടോണർ പറയുന്നു. അതിനാൽ കിൽ സ്വിച്ചുകൾക്ക് ആശങ്കകൾ പരിഹരിക്കാൻ കഴിയുമോ എന്ന് യാഥാർഥ്യബോധത്തോടെ ചിന്തിക്കേണ്ടതുണ്ട്. ഒരു പരിധി വരെ സാധിച്ചേക്കാം, പക്ഷേ പൂർണമായും സാധ്യമല്ലെന്ന് അവർ പറയുന്നു.

ജെഫ്രി ഹിന്റണിന്റെ മുന്നറിയിപ്പ്

ഭാവിയിൽ എഐ കാരണം ഉണ്ടാകാനിടയുള്ള ചെർണോബിലിന് സമാനമായ ഒരു ദുരന്തത്തെക്കുറിച്ച് എഐയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെഫ്രി ഹിന്റൺ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാവിയിൽ എഐ കാരണം സാമ്പത്തിക സംവിധാനങ്ങളിലോ പവർ സിസ്റ്റങ്ങളിലോ താൽക്കാലിക ബ്ലാക്ക്ഔട്ട് ഉണ്ടായേക്കാമെന്നും അത് വലിയൊരു ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്നുമായിരുന്നു ഹിന്റണിന്റെ മുന്നറിയിപ്പ്.

ക്രൗഡ്‌സ്‌ട്രെക്കിന്റെ കിൽസ്വിച്ച്

യൂറോപ്യൻ സൈബർ സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്ക് ഒരു എഐ കിൽ സ്വിച്ച് അടുത്തിടെ പുറത്തിറക്കിയിരുന്നു. എഐ ഏജന്റുകളുടെ സുരക്ഷക്കായി സെപ്റ്റംബറിൽ അവതരിപ്പിച്ച ക്രൗഡ്സ്‌ട്രൈക്കിന്റെ ഫാൽക്കൺ ഗാർഡിയൻ പ്ലാറ്റ്ഫോമിലാണ് ഈ ടൂൾ നിർമ്മിച്ചിരിക്കുന്നത്. ആന്ത്രോപിക്കിന്റെ കോവർക്കുമായുള്ള സംയോജനവും ക്രൗഡ്സ്‌ട്രൈക്ക് പ്രഖ്യാപിച്ചിരുന്നു. ഇത്തരം നീക്കങ്ങൾ നടക്കുന്നതിനിടെയാണ് മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ രംഗത്തെത്ത്ുന്നത്.