സമീപകാലത്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്പ് മുതൽ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതുവരെ ഇതിന് ഉദാഹരണങ്ങളാണ്.

2017-ലെ പുട്ടസ്വാമി കേസിലെ വിധി (Justice K.S. Puttaswamy vs Union of India) സുപ്രീംകോടതി വിധിന്യായത്തിലൂടെ ഇന്ത്യയിൽ സ്വകാര്യതയ്ക്കുള്ള അവകാശം (Right to Privacy) ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിൽ ഉൾപ്പെട്ട അടിസ്ഥാന അവകാശമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പരസ്പരബന്ധിതമായ ഡിജിറ്റൽ ലോകത്ത് ഈ അവകാശം സ്ഥാപിച്ചെടുക്കുന്നതും നിലനിർത്തുന്നതും അത്യന്തം ദുഷ്കരമായ ഒരു ജോലിയാണ്.
ജനനംമുതൽ മരണംവരെ ഒരു വ്യക്തിയുടെ ജീവിതം സൂക്ഷ്മമായി രേഖപ്പെടുത്തുകയും സംഭരിക്കുകയും വിശകലനംനടത്തുകയും ചെയ്യുന്ന സാർവത്രിക നിരീക്ഷണത്തിന്റെ (universal monitoring) യുഗമാണ് 21-ാം നൂറ്റാണ്ട് കൊണ്ടുവന്നിരിക്കുന്നത്. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്നതും കോർപ്പറേറ്റുകളും സർക്കാരുകളും ഒരുപോലെ സ്വീകരിച്ചിട്ടുള്ളതുമായ ഈ വ്യാപകമായ നിരീക്ഷണം വ്യക്തിസ്വാതന്ത്ര്യത്തിന് ഗുരുതരമായ വെല്ലുവിളികൾ ഉയർത്തുന്നു. സമീപകാലത്ത് കേന്ദ്രസർക്കാർ പുറത്തിറക്കിയ സഞ്ചാർ സാഥി ആപ്പ് മുതൽ തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങൾ ചോർന്നതുവരെ ഇതിന് ഉദാഹരണങ്ങളാണ്.
ഡിജിറ്റൽ കാൽപ്പാടുകൾ
വർത്തമാനകാലത്തെ സ്വകാര്യതാപ്രശ്നങ്ങളുടെ അടിസ്ഥാനം പലപ്പോഴും ഇൻറർനെറ്റ് ആണ്. ഇൻറർനെറ്റ് അധിഷ്ഠിതമായ മിക്ക ബിസിനസ് മോഡലുകളും വ്യക്തികളുടെ ഡിജിറ്റൽ പ്രൊഫൈൽ അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. നമ്മൾ നടത്തുന്ന ഓരോ ക്ലിക്കും തിരയലുകളും വാങ്ങലുകളും നിരീക്ഷിച്ചിട്ടാണ് ഈ പ്രൊഫൈലുകൾ നിർമിച്ചിരിക്കുന്നത്. ഇതിനായി വ്യാപകമായ നിരീക്ഷണ സംവിധാനങ്ങളുടെ ആവശ്യമുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന ഡേറ്റ ക്ലൗഡ് സംവിധാനങ്ങളിൽ ശേഖരിക്കപ്പെടുന്നു. നിർമിതബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഇതിൽനിന്ന് ഒരു വ്യക്തിയെപ്പറ്റിയുള്ള ഒട്ടേറെ വിവരങ്ങൾ അനുമാനിച്ചെടുക്കാനാകും. അതിനാൽത്തന്നെ ഇങ്ങനെ ശേഖരിച്ചുവെച്ചിരിക്കുന്ന ഡേറ്റ വളരെയേറെ വിലപിടിപ്പുള്ളതാണ്.
സ്വകാര്യതാപ്രശ്നങ്ങളുടെ അടുത്ത തലം തുടങ്ങുന്നത് ക്ലൗഡുമായി ബന്ധിപ്പിച്ച ആധുനിക ക്യാമറകളും സ്മാർട്ട് സെൻസറുകളും ഉൾപ്പെടെയുള്ള ഇൻറർനെറ്റ് ഓഫ് തിങ്‌സ് (IoT)-ന്റെ ഉപയോഗം വ്യാപകമാകുന്നതോടുകൂടിയാണ്. ഇത്തരം ടെക്നോളജികൾ നമ്മുടെ വീടുകളെയും ഓഫീസുകളെയും ഡേറ്റാ ശേഖരണകേന്ദ്രങ്ങളാക്കി മാറ്റുന്നു. സ്മാർട്ട് ടിവികൾ, വോയ്‌സ് അസിസ്റ്റന്റുകൾ, വാച്ചുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഇൻറർനെറ്റിൽ ഘടിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും ഈ സാധ്യത തുറന്നുവെക്കുന്നു.
നിരീക്ഷണത്തിൽനിന്ന് ഒളിഞ്ഞുനോട്ടത്തിലേക്ക്
സർക്കാർ നടത്തുന്ന ഡിജിറ്റൽ നിരീക്ഷണം സ്വകാര്യതാപ്രശ്നങ്ങൾക്ക് മറ്റൊരുതലം കൂട്ടിച്ചേർക്കുന്നു. ദേശീയ സുരക്ഷയുടെയോ പൊതു ക്രമസമാധാനത്തിന്റെയോ പേരിൽ ഇത് ന്യായീകരിക്കപ്പെടുന്നുണ്ടെങ്കിലും ബഹുജന നിരീക്ഷണ വ്യവസ്ഥകൾ സ്വകാര്യതയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും ഗുരുതരമായ ഭീഷണിയാണ്. സൈബർ ഇടങ്ങളിൽ പൗരരെ നിരീക്ഷിക്കാൻ സർക്കാരുകൾ സങ്കീർണമായ നിരീക്ഷണസംവിധാനങ്ങൾ ഉപയോഗിക്കുന്നു, അവ്യക്തമായ അധികാരങ്ങളുപയോഗിച്ചും നിയമപരമായ പിൻബലമില്ലാതെയും. പൗരരുടെ ടെലികമ്യൂണിക്കേഷൻ, ഇൻറർനെറ്റ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിൽ അഭികാമ്യമല്ല. ഔദ്യോഗിക നിരീക്ഷണത്തിനപ്പുറം, പൊതുജനങ്ങൾക്ക് സ്വകാര്യമായ ചൂഷണങ്ങളിൽനിന്ന് ഭീഷണിയുണ്ട്. സമ്മതമില്ലാതെ ഉപയോഗിക്കപ്പെടുന്ന സ്മാർട്ട്ഫോൺ ക്യാമറകളുടെയും റെക്കോഡിങ് ഉപകരണങ്ങളുടെയും വ്യാപനം ഡിജിറ്റൽ ഒളിഞ്ഞുനോട്ടക്കാർക്കും ഹാക്കർമാർക്കും പുതിയ വഴികൾ തുറന്നുകൊടുക്കുന്നു.
സൈബർ കുറ്റകൃത്യങ്ങളിലും തട്ടിപ്പുകളിലും സമീപകാലത്തുണ്ടായ വർധന സ്വകാര്യതാപ്രശ്നങ്ങളുമായി കൂട്ടിവായിക്കാവുന്നതാണ്. ഡ്രോണുകൾ ഉപയോഗിച്ചുള്ള വീഡിയോചിത്രീകരണമൊക്കെ ഇപ്പോൾ സർവസാധാരണമായിത്തീർന്നിരിക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങൾവരെ പൗരരുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയ സന്ദർഭങ്ങളുണ്ട്. ഇത്തരത്തിലുള്ള ഒളിഞ്ഞുനോട്ടങ്ങളെ നിയന്ത്രിക്കുന്നതിന് നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. ഉള്ളവതന്നെ നടപ്പാക്കുന്നതിന് എളുപ്പവുമല്ല. പൊതു-സ്വകാര്യ ഇടങ്ങൾ തമ്മിലുള്ള അതിരുകൾ അനുദിനം അവ്യക്തമായി മാറുകയാണ്.
നിയമപരമായ സംരക്ഷണം
പൗരരുടെ സ്വകാര്യത സംരക്ഷിക്കുന്ന കാര്യത്തിൽ, ഏറ്റവും മുൻപന്തിയിൽ ഉള്ളത് യൂറോപ്യൻ യൂണിയനാണ്. ജനറൽ ഡേറ്റാ പ്രൊട്ടക് ഷൻ റെഗുലേഷൻ (GDPR) സൈബർ റെസിലിയൻസ് ആക്ട് (Cyber Resilience Act) പോലുള്ള നിയമങ്ങൾ യൂറോപ്യൻ യൂണിയനിലെ ഡേറ്റാ ശേഖരണത്തെയും വിറ്റഴിക്കപ്പെടുന്ന ഉപകരണങ്ങളിലെ സുരക്ഷയെയും നിയന്ത്രിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച് അവതരിപ്പിക്കപ്പെട്ട ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക് ഷൻ ആക്ട് (DPDP) Act, 2023 ഇതുസംബന്ധിച്ച് 2025-ൽ പുറത്തിറക്കിയ ചട്ടങ്ങൾ (DPDP Rules, 2025) എന്നിവയാണ് ഇതുസംബന്ധിച്ച് ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ. വ്യക്തിക്ക് അവരുടെ ഡേറ്റയിൽ ‘മറക്കാനുള്ള അവകാശം’ (Right to be Forgotten), ഡേറ്റ പോർട്ടബിലിറ്റി, ഡേറ്റ ലംഘനങ്ങൾ (Data Breach) 72 മണിക്കൂറിനുള്ളിൽ അധികാരികളെ അറിയിക്കാനുള്ള ബാധ്യത എന്നിവയുൾപ്പെടെ വിപുലമായ അവകാശങ്ങൾ നൽകുന്നു. ഇതിന്റെ ലംഘനത്തിന് വൻസാമ്പത്തിക പിഴകളും ഈടാക്കാൻ വ്യവസ്ഥയുണ്ട്. സ്വകാര്യത സംരക്ഷിക്കാനുള്ള ചില അടിസ്ഥാന നിയമങ്ങൾ ഇതിൽ ഉണ്ടെങ്കിലും യൂറോപ്യൻ നിയമങ്ങളെ അപേക്ഷിച്ച് പരിമിതമായ സംരക്ഷണമേ പൗരർക്ക് ലഭ്യമാക്കുന്നുള്ളൂ. ഇതുസംബന്ധിച്ച ചട്ടങ്ങളിൽ പലയിടത്തും അവ്യക്തതയുണ്ട്. കൂടാതെ സർക്കാരിന് സ്വകാര്യ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള അനിയന്ത്രിത അധികാരവും നൽകിയിട്ടുണ്ട്.
ജനനംമുതൽ മരണംവരെ രേഖപ്പെടുത്തുന്ന ഡിജിറ്റൽ ജീവിതം
വ്യക്തിഗത ഡേറ്റയുടെ ശേഖരണം ഒരു പൗരന്റെ ജനനംമുതൽ ആരംഭിക്കുന്നു. സോഷ്യൽ മീഡിയയിലും മറ്റിടങ്ങളിലും സൈബർ ഇടങ്ങളിലും മാതാപിതാക്കൾ പങ്കുവെക്കുന്ന വിവരങ്ങൾമുതൽ മെഡിക്കൽ രേഖകൾ, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ സംബന്ധിച്ച വിവരങ്ങൾ ക്ലൗഡുകളിൽ ശേഖരിക്കപ്പെടുന്നു. പൗരനെ സംബന്ധിച്ച ഈ ഡേറ്റാശേഖരണം അവന്റെ ജീവിതകാലംമുഴുവൻ തുടരും. എന്തിന്, മരണശേഷംപോലും പൗരനെ സംബന്ധിച്ച വിവരങ്ങൾ പലതരത്തിൽ ഡിജിറ്റൽ രൂപത്തിൽ ശേഖരിക്കപ്പെടുന്നു. തീർച്ചയായും ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നമുക്ക് ഇതിൽനിന്ന് പരിപൂർണമായും വിട്ടുനിൽക്കാനാകില്ല. ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാനും ഡേറ്റ കൈവശമുള്ളവർ ദുരുപയോഗം ചെയ്യാനുമുള്ള സാധ്യതകൾ വളരെയേറെയാണ്.
വ്യക്തിഗത സ്വകാര്യത സംരക്ഷിക്കാൻ
ഓൺലൈൻ ശീലങ്ങൾ
നിങ്ങൾ ഓൺലൈനിൽ പങ്കുവെക്കുന്ന വ്യക്തിഗത വിവരങ്ങൾ പരിമിതപ്പെടുത്തുക. നിങ്ങളുടെ 'ഓൺലൈൻ കാൽപ്പാട്' കുറയ്ക്കുകയും എല്ലാ സോഷ്യൽ മീഡിയ, ഓൺലൈൻ അക്കൗണ്ടുകളിലെയും സ്വകാ ര്യതാ ക്രമീകരണങ്ങൾ (privacy settings) ഇടയ്ക്കിടെ അവലോകനം ചെയ്യുകയും ആവശ്യമി ല്ലാത്ത ഡേറ്റാ പങ്കുവെക്കലുകൾ ഒഴിവാക്കുകയും ചെയ്യുക.
സുരക്ഷ ശക്തിപ്പെടുത്തുക
എല്ലാ അക്കൗണ്ടുകൾക്കും മറ്റുള്ളവർക്ക് എളുപ്പത്തിൽ ഊഹിച്ചെടു ക്കാൻകഴിയാത്ത പാസ്‌വേഡുകൾ ഉപയോഗിക്കുക, ഒരു പാസ്‌വേഡ് മാനേജർ ഉപയോഗിക്കുന്നത് ഉചിതമാണ്. സുരക്ഷയുടെ ഒരു അധികപാളിക്കായി സാധ്യമായ എല്ലായിടത്തും ടു-ഫാക്ടർ ഓതന്റിക്കേഷൻ (2FA) പ്രവർത്തനക്ഷമമാക്കുക.
സ്വകാര്യതാ ടൂളുകൾ ഉപയോഗിക്കുക
നിങ്ങളുടെ ഇൻറർനെറ്റ് കണക്ഷൻ എൻക്രിപ്റ്റ് ചെയ്യാൻ ഒരു വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (VPN) ഉപയോഗിക്കുക, പ്രത്യേകിച്ച് പൊതുസ്ഥലങ്ങളിലെ വൈ-ഫൈയിൽ. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകു ന്ന സെർച്ച് എൻജിനുകൾ ഉപയോഗിക്കുകയും ട്രാക്കറുകൾ തടയാൻ കുക്കികൾ പതിവായി ക്ലിയർ ചെയ്യുകയും വേണം.
ആപ്പ് അനുമതികൾ പരിശോധിക്കുക
ഫോണുകളിലും മറ്റും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ്, അവയുടെ അനുമതികൾ അവലോകനം ചെയ്യുക, ആപ്പിന്റെ പ്രവർത്തനത്തിന് അത്യാവശ്യമായ ഡേറ്റയിലേക്കുമാത്രം പ്രവേശനം നൽകുക. സുരക്ഷാപ്രശ്നങ്ങൾ പരിഹരിക്കാൻ ഉപകരണത്തിൻ്റെ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ആപ്പുകളും പതിവായി അപ്ഡേറ്റ് ചെയ്യുക.
ചുറ്റുപാടുകളെ സംബന്ധിച്ച അവബോധം
നിങ്ങളുടെ ചുറ്റുപാടുകളിലെ ആധുനിക ക്യാമറകളുടെയും റെക്കോഡിങ് ഉപകരണങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക, നി ങ്ങളുടെ വീട്ടിൽ പുതിയ 'സ്മാർട്ട് ഉപകരണം കണക്ടുചെയ്യുന്നതിനു മുൻപ് സ്വകാര്യതയുടെ പ്രത്യാഘാതങ്ങൾ പരിഗണിക്കുക.
ലേഖകൻ IC FOSS ഡയറക്ടർ ആണ്
Content Highlights: Is Privacy a Mirage? Examining Threats from Digital Monitoring to Data Leaks
Published: 19 Dec 2025, 11:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented