ഏത് ജോലിയും ചെയ്യാന്‍ കഴിവുള്ള ഒരു എഐ അസിസ്റ്റന്റ് തങ്ങളുടെ കോമറ്റ് എഐ ബ്രൗസറിലുണ്ടെന്ന് പെര്‍പ്ലെക്‌സിറ്റി സിഇഒ അരവിന്ദ് ശ്രീനിവാസ്. ഉപയോക്താവ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് വെബ്പേജിലെ ഏത് ജോലിയും കോമറ്റ് എഐ അസിസ്റ്റന്റ് ചെയ്യും. വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, സാധനങ്ങള്‍ ഓണ്‍ലൈനില്‍ വാങ്ങാനും വെബ്പേജിലുള്ളവയുടെ സംഗ്രഹം നല്‍കാനുമെല്ലാം അതിന് സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

To advertise here,

ഉത്പാദനക്ഷമത വര്‍ധിക്കുമെന്നും നിലവിലുള്ള ജീവനക്കാരെ ഉപയോഗിച്ച് കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ സാധിക്കുമെന്നും അരവിന്ദ് ശ്രീനിവാസ് പറയുന്നു. 

കോമറ്റ് ഉപയോഗംമൂലമുണ്ടാകുന്ന ഉത്പാദനക്ഷമതയിലെ വര്‍ധന പ്രതിവര്‍ഷം 10,000 ഡോളര്‍ വരെ നേട്ടമുണ്ടാക്കുമെന്നാണ് അവകാശവാദം. ഏതൊരു കമ്പനിക്കും അത് വലിയ നേട്ടമായിരിക്കും. കോമറ്റ് ഉപയോഗിച്ച് ഒരു ജീവനക്കാരന് ഒരേ സമയം പല ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

ഇത്തരത്തില്‍ ഉത്പാദനക്ഷമതയിലുണ്ടാകുന്ന വര്‍ദ്ധന ആഗോളതലത്തില്‍ വലിയ സാമ്പത്തിക മുന്നേറ്റമുണ്ടാക്കുമെന്നാണ് അരവിന്ദ് ശ്രീനിവാസ് പറയുന്നത്. കോമറ്റും സമാനമായ എഐ ടൂളുകളും 20 ശതമാനം ഉത്പാദനക്ഷമത വര്‍ധിപ്പിച്ചാല്‍ അത് ആഗോള ജിഡിപിയിലേക്ക് 5 ട്രില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കുമെന്നും ശ്രീനിവാസ് പ്രവചിക്കുന്നു. ഗൂഗിള്‍ ക്രോമിന് ബദലായാണ് പെര്‍പ്ലെക്‌സിറ്റി തങ്ങളുടെ കോമറ്റ് എഐ ബ്രൗസര്‍ മുന്നോട്ട് വെക്കുന്നത്.

എഐ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തില്‍ ടിസിഎസ്, ആക്‌സെഞ്ചര്‍ തുടങ്ങിയ ഐടി കമ്പനികള്‍ ആയിരക്കണക്കിന് ജീവനക്കാരെ അടുത്തിടെ പിരിച്ചുവിട്ടിരുന്നു. അതിനിടെയാണ് പുതിയ ജീവനക്കാരെ നിയമിക്കാതെതന്നെ കോമറ്റ് ഉപയോഗിച്ച് ഉത്പാദനക്ഷമത വര്‍ധിപ്പിക്കാമെന്ന തരത്തിലുള്ള അവകാശവാദം. 

തുടക്കത്തില്‍ പെര്‍പ്ലെക്‌സിറ്റി മാക്‌സ് വരിക്കാര്‍ക്ക് മാത്രമായി കോമറ്റ് പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ കോമറ്റിനായുള്ള വെയിറ്റ്ലിസ്റ്റ് ദശലക്ഷങ്ങള്‍ കടന്നപ്പോള്‍ കമ്പനി ഇത് എല്ലാ ഉപയോക്താക്കള്‍ക്കും സൗജന്യമാക്കി. ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ പെര്‍പ്ലെക്‌സിറ്റി ഇന്ത്യയില്‍ കോമറ്റ് സൗജന്യമാക്കിയിരുന്നു.