ഭീം ആപ്പിൽ യുപിഐ ഇന്റർഫേസ് ആരംഭിക്കുന്നതിനുള്ള അവസാന ഘട്ട പരിശോധനകളുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ). രാജ്യത്തുടനീളമുള്ള 100 പേരുടെ അക്കൗണ്ടുകളാണ് പരിശോധനയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. യുപിഐ വഴി പിഎഫ് പിൻവലിക്കൽ അനുവദിക്കുന്നതിന് മുന്നോടിയായാണിത്.

To advertise here,

പദ്ധതി നടപ്പിലാകുന്നതോടെ 7.48 കോടി വരിക്കാർക്ക് തങ്ങളുടെ പ്രൊവിഡന്റ് ഫണ്ട് ബാലൻസ് പരിശോധിക്കുന്നതിനും അതിൽ നിന്ന് 75 ശതമാനം തുക ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പിൻവലിക്കുന്നതിനും സാധിച്ചേക്കും.

ഇപിഎഫ്ഒ 3.0 പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നീക്കങ്ങൾ. യുപിഐ ഇന്റർഫേസ് പദ്ധതി ഔദ്യോഗികമായി പുറത്തിറക്കുന്നതിനുള്ള തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് പഴയ ഡാറ്റകൾ കേന്ദ്രീകൃത പൂളിലേക്ക് മാറ്റിയതിന് ശേഷം, പണമിടപാടുകൾക്കായി ബാങ്കുകളുമായുള്ള വെർച്വൽ ലിങ്കുകൾ കഴിഞ്ഞ ഒരു മാസമായി ഇപിഎഫ്ഓ സജീവമായി പരീക്ഷിച്ചുവരികയാണ്. ഭീം ആപ്പിൽ ഇപിഎഫ്ഒ യുപിഐ ഇന്റർഫേസിന്റെ തടസ്സമില്ലാത്ത പ്രവർത്തനം ഉറപ്പാക്കുന്നതിനായി പൈലറ്റ് പ്രൊജക്റ്റ് കഴിഞ്ഞ ഒരു മാസമായി ഡീബഗ്ഗിംഗിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഇതുസംബന്ധിച്ച മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കി ശേഷം ഇപിഎഫ്ഒ 3.0 പരിഷ്‌കരണം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചേക്കും. ജീവിത സൗകര്യം മെച്ചപ്പെടുത്തുക, സമയവും സങ്കീർണ്ണമായ പേപ്പർവർക്കുകളും കുറയ്ക്കുക, ക്ലെയിം പ്രോസസ്സിംഗ് വേഗത്തിലാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഭീം ആപ്പിൽ ഇപിഎഫ്ഒ ഐക്കൺ ലഭ്യമാകും. വരിക്കാർക്ക് തങ്ങളുടെ പിഎഫ് അക്കൗണ്ട് ആക്‌സസ് ചെയ്യുന്നതിനായി 12 അക്ക യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പറും (യുഎഎൻ) ആധാർ നമ്പറും നൽകേണ്ടതുണ്ട്.