മെറ്റയുടെ പുതിയ എഐ അസിസ്റ്റന്റായ മ്യൂസ് (Muse) യുകെയിൽ അവതരിപ്പിച്ചു. ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ മാത്രമൊതുങ്ങാതെ ഉപയോക്താക്കൾക്കുവേണ്ടി വിവിധ ജോലികൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കാൻ കഴിയുന്ന എഐ ഏജന്റാണിത്. ഇമെയിൽ ഇൻബോക്സ് ക്രമീകരിക്കുക, ആവശ്യമായ വിവരങ്ങൾ കണ്ടെത്തുക, ഓൺലൈൻ പർച്ചേസുകൾ നടത്തുക തുടങ്ങിയവ ചെയ്യാൻ മ്യൂസിന് സാധിക്കും.

To advertise here,

ഇത്തരം ജോലികൾ ചെയ്യുന്നതിനായി ഉപയോക്താക്കൾക്ക് അവരുടെ ആപ്പുകൾ, ഇമെയിലുകൾ, കലണ്ടറുകൾ, ഡിജിറ്റൽ വാലറ്റുകൾ എന്നിവയിലേക്ക് മ്യൂസിന് പ്രവേശനാനുമതി നൽകാം. ഇതിലൂടെ വിവിധ സേവനങ്ങളിലെ വിവരങ്ങൾ പരിശോധിച്ച് ഉപയോക്താക്കൾക്കുവേണ്ടി നേരിട്ട് പ്രവർത്തിക്കാൻ എഐ അസിസ്റ്റന്റിന് സാധിക്കും.

സൗജന്യ ഉപയോക്താക്കൾക്കും മ്യൂസ് ലഭ്യമാണ്. എന്നാൽ, ഇവർക്ക് ഉപയോഗത്തിന് പരിധിയുണ്ടാകും. പ്രീമിയം വിഭാഗത്തിലുള്ള 'പവർ', 'മാക്സിമം' ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ ഫീച്ചറുകൾ ഉപയോഗിക്കാനാവും.

അതേസമയം, ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് മ്യൂസിന് പ്രവേശനം ആവശ്യമായി വരുന്നത് സ്വകാര്യതാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ ലഭ്യമായ എഐ അസിസ്റ്റന്റുകളിൽ ഏറ്റവും കൂടുതൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്ന ഒന്നാണ് മ്യൂസ് എന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

മ്യൂസിന്റെ പ്രവർത്തനരീതിയും വിവരശേഖരണവും യുകെയിലെ ഇൻഫർമേഷൻ കമ്മിഷണേഴ്സ് ഓഫീസ് (ICO) നിരീക്ഷിച്ചുവരികയാണ്. എഐ ഏജന്റുകൾക്ക് വ്യക്തിഗത വിവരങ്ങൾ കൈമാറുമ്പോൾ ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും പ്രൈവസി സെറ്റിങ്സ് പരിശോധിക്കണമെന്നും ഏജൻസി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സേവനം അവതരിപ്പിക്കുന്നതിന് മുമ്പുതന്നെ ഡാറ്റ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് മെറ്റയ്ക്ക് നിർദേശങ്ങൾ നൽകിയിരുന്നതായി ഐസിഒ അറിയിച്ചു. മ്യൂസിന്റെ പ്രവർത്തനം തുടർന്നും നിരീക്ഷിക്കുമെന്നും ഇതിന്റെ ഭാഗമായി സ്വമേധയാ നിരീക്ഷണത്തിനും റിപ്പോർട്ടിങ്ങിനുമുള്ള സംവിധാനത്തിൽ സഹകരിക്കാൻ മെറ്റ സമ്മതിച്ചിട്ടുണ്ടെന്നും ഏജൻസി വ്യക്തമാക്കി.