
ന്യൂയോർക്ക്: ബാങ്ക് തട്ടിപ്പ്, ഇറാനെതിരായ യു.എസ്. ഉപരോധം ലംഘിക്കൽ, അമേരിക്കൻ കമ്പനികളുടെ വ്യാപാരരഹസ്യങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തൽ എന്നിവയുമായി ബന്ധപ്പെട്ട് ചൈനീസ് ബ്രാൻഡായ വാവേയ് (Huawei) കുറ്റക്കാരാണെന്ന് ബ്രൂക്ലിനിലെ ഫെഡറൽ ജൂറി. 2018 മുതൽ തുടരുന്ന കേസിൽ 12 ക്രിമിനൽ കുറ്റങ്ങളിൽ 10 എണ്ണത്തിലും കമ്പനി കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം തങ്ങൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആരോപണങ്ങൾക്ക് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിധിയോട് പ്രതികരിച്ചുകൊണ്ട് വാവേയ് പറഞ്ഞു. തങ്ങളുടെ അവകാശങ്ങളും താത്പര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
അമേരിക്കൻ ഉപരോധം മറികടക്കാൻ ഇറാനിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് അന്താരാഷ്ട്ര ബാങ്കുകളെ കമ്പനി തെറ്റിദ്ധരിപ്പിച്ചുവെന്ന് യു.എസ്. ആരോപിക്കുന്നു. കമ്പനിക്കും മൂന്ന് അനുബന്ധ സ്ഥാപനങ്ങൾക്കുമെതിരേ ബാങ്ക് തട്ടിപ്പ്, വയർ തട്ടിപ്പ്, ഉപരോധലംഘനം, വ്യാപാരരഹസ്യങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചന, നീതിന്യായ നടപടികൾ തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
ഇറാനിലെ പ്രവർത്തനങ്ങളെക്കുറിച്ച് എച്ച്.എസ്.ബി.സി. (HSBC), സ്റ്റാൻഡേർഡ് ചാർട്ടേഡ് (Standard Chartered), ബി.എൻ.പി. പരിബാസ് (BNP Paribas) എന്നീ ബാങ്കുകളെ വാവേയ് തെറ്റിദ്ധരിപ്പിച്ചെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. അമേരിക്കൻ കമ്പനികളുടെ ഉടമസ്ഥതയിലുള്ള സാങ്കേതികവിദ്യകൾ മോഷ്ടിക്കാൻ രണ്ട് പതിറ്റാണ്ടുകാലത്തോളം കമ്പനി ഗൂഢാലോചന നടത്തിയെന്നും പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
സിസ്‌കോ സിസ്റ്റംസിൽ (Cisco Systems) നിന്ന് റൂട്ടർ സോഴ്‌സ് കോഡ് വാവേയ് മോഷ്ടിച്ചതിന് തെളിവുകളുണ്ടെന്ന് വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വയർലെസ് ടെലികോം കമ്പനിയായ ക്വിന്റലിന്റെ (Quintel) ആന്റിന സാങ്കേതികവിദ്യയും മോഷ്ടിച്ചെന്നാണ് ആരോപണം. സെമികണ്ടക്ടർ കമ്പനിയായ സി.എൻ.ഇ.എക്സ്. (CNEX) വികസിപ്പിച്ച സർക്യൂട്ട് ബോർഡ് സാങ്കേതികവിദ്യ സ്വന്തമാക്കാനും വാവേയ് ശ്രമിച്ചതായി പ്രോസിക്യൂഷൻ വാദിച്ചു.
ടി-മൊബൈലിന്റെ (T-Mobile) പരീക്ഷണ റോബോട്ടിൽനിന്ന് ഒരു ഘടകം വാവേയ് ജീവനക്കാരൻ എടുത്തുകൊണ്ടുപോകുന്നതായി കാണിക്കുന്ന ദൃശ്യങ്ങളും ജൂറിയെ കാണിച്ചു. ഒരു എക്സിബിഷനിടെ ഫുജിറ്റ്സുവിന്റെ (Fujitsu) പ്രദർശന സ്റ്റാളിലുണ്ടായിരുന്ന ഉപകരണം വാവേയിയുടെ എൻജിനിയർ രഹസ്യമായി ചിത്രീകരിച്ചെന്നും ആരോപണമുയർന്നു.
രണ്ട് മാസത്തിലേറെ നീണ്ട വിചാരണയിൽ പ്രോസിക്യൂഷൻ 60-ലധികം സാക്ഷികളെ വിസ്തരിച്ചു. പ്രതിഭാഗം 15 സാക്ഷികളെയും ഹാജരാക്കി. 2027 സെപ്റ്റംബർ 14-ന് യു.എസ്. ജില്ലാ ജഡ്ജി ആൻ ഡോണലി (Ann Donnelly) കേസിൽ ശിക്ഷ വിധിക്കും.
Content Highlights: A federal jury in Brooklyn has found Chinese tech giant Huawei guilty on 10 out of 12 criminal charges, including bank fraud, violating US sanctions against Iran, and conspiring to steal trade secrets from American companies like Cisco and T-Mobile.
Published: 25 Nov 2026, 06:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented