നിർമിതബുദ്ധി (എഐ) കമ്പനി ആന്ത്രോപ്പിക്കിന്റെ സിഇഒ ഡാരിയോ അമോദെയിയെ പെന്റഗണിലേക്ക് വിളിച്ചുവരുത്തി യുഎസ് പ്രതിരോധ സെക്രട്ടറി പെറ്റ് ഹെഗ്സെത്ത്. യു.എസ് സൈന്യത്തിന് ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ടൂളിലേക്കുള്ള നിയന്ത്രണങ്ങളില്ലാത്ത കടന്നുകയറ്റം അനുവദിക്കുന്നത് സംബന്ധിച്ച് നിർണായ ചർച്ചയാകും പെന്റഗണിൽ നടക്കുകയെന്നും കൊമ്പുകോർക്കലിന് സാധ്യതയുണ്ടെന്നും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

To advertise here,

ഇതൊരു സൗഹൃദ കൂടിക്കാഴ്ചയാവില്ലെന്നും നിർണായക ചർച്ചയാകുമെന്നും ചില മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പ്രമുഖ എഐ കമ്പനികൾക്കുമേൽ യു.എസ് പ്രതിരോധ വകുപ്പ് സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച എന്നതും പ്രധാനമാണ്. കമ്പനികളുടെ നൂതന എഐ മോഡലുകൾ കുറഞ്ഞ നിയന്ത്രണങ്ങളോടെ യുഎസ് സൈനിക ശൃംഖലകളിൽ ലഭ്യമാക്കണമെന്നാണ് പ്രതിരോധ വകുപ്പ് മുന്നോട്ടുവെക്കുന്ന ആവശ്യം.

ക്ലോഡ് എഐയുടെ പ്രവർത്തനപരമായ ഉപയോഗം വർധിപ്പിക്കാൻ യുഎസ് ആഗ്രഹിക്കുന്നു എന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിൽ പ്രതിരോധ, രഹസ്യാന്വേഷണ മേഖലകളിൽ ഉപയോഗിക്കുന്ന ഏക എഐ മോഡലാണിത്. എന്നാൽ ക്ലോഡിന്റെ സുരക്ഷാ സംവിധാനങ്ങൾ നിലനിർത്താനാണ് ആന്ത്രോപ്പിക്കിന്റെ തീരുമാനം. സങ്കീർണായ സൈനിക വിന്യാസങ്ങളെ പിന്തുണയ്ക്കാൻ കമ്പനി തയ്യാറാണോ എന്നതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് പെന്റഗൺ ആഗ്രഹിക്കുന്നതെന്ന് സൂചനകളുണ്ട്.

ക്ലോഡ് എഐ ഉപയോഗിക്കുന്നതിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് പെന്റഗണും ആന്ത്രോപ്പിക്കും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. അടുത്തിടെ എഐ സ്റ്റാർട്ടപ്പുമായുള്ള പങ്കാളിത്തം യു.എസ് പ്രതിരോധ വകുപ്പ് പുനരവലോകനം ചെയ്തിരുന്നു. ആന്ത്രോപ്പിക്കിനെ അപകടകരമെന്ന് മുദ്രകുത്തുന്നത് പ്രതിരോധവകുപ്പ് പരിഗണിക്കുകയും ചെയ്തിരുന്നു. ക്ലോഡിനെ പെന്റഗണിന്റെ സംവിധാനങ്ങളിൽനിന്ന് ഒഴിവാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. എന്നാൽ കമ്പനി സിഇഒയെ വീണ്ടും പെന്റഗണിലേക്ക് വിളിച്ചുവരുത്തിയ നടപടി അഭ്യൂഹങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

വെനസ്വേല മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യു.എസ് സൈന്യം പിടികൂടിയ സൈനിക ഓപ്പറേഷനിൽ ക്ലോഡ് ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ആന്ത്രോപിക്കും പെന്റഗണും തമ്മിലുള്ള ഭിന്നത കൂടുതൽ വഷളായിരുന്നു. അമേരിക്കൻ സൈന്യം എഐ സംവിധാനം എങ്ങനെ വിന്യസിച്ചു എന്നത് ഇപ്പോഴും രഹസ്യമാണ്. വിശദാംശങ്ങളോ ക്ലോഡിന്റെ പ്രത്യേക പങ്കോ സൈന്യം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അക്രമം, ആയുധ വികസനം, നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഉപയോഗങ്ങൾ തടയുന്ന കർശന നിയന്ത്രണങ്ങൾത്ത് തങ്ങളുടെ എഐ ടൂൾ വിധേയമാണെന്ന് ആന്ത്രോപിക് വ്യക്തമാക്കിയിരുന്നു. വെനസ്വേലയിലെ ഓപ്പറേഷനുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ ആന്ത്രോപ്പിക്ക് വിസമ്മതിച്ചിട്ടുമുണ്ട്.