ആന്ത്രോപിക്കും പെന്റഗണും തമ്മില്‍ ധാരണയിലെത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

എഐ കമ്പനിയായ ആന്ത്രോപിക്കുമായി ഇടഞ്ഞത് പെന്റഗണിന് വലിയ തലവേദന സൃഷ്ടിക്കുന്നുവെന്ന് വിലയിരുത്തൽ. ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ മോഡൽ യു.എസ് സൈന്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് കമ്പനിയെ പെന്റഗൺ 'വിതരണ ശൃംഖലയിലെ അപകടസാധ്യത' ആയി മുദ്രകുത്തിയിരുന്നു. എന്നാൽ പിന്നാലെ കമ്പനി പുറത്തിറക്കിയ ക്ലോഡ് മിത്തോസ് എഐ ടൂളിനെ ഒരുതരത്തിലും തള്ളിപ്പറയാനാകാത്ത അവസ്ഥയിലാണ് ഇപ്പോൾ പെന്റഗൺ. ക്ലോഡ് മിത്തോസ് രാജ്യസുരക്ഷയ്ക്കുതന്നെ പ്രധാനമാണ് എന്നാണ് പെന്റഗൺ ചീഫ് ടെക്‌നോളജി ഓഫീസർ (സിടിഓ) എമിൽ മൈക്കിൾ പറയുന്നത്.
'മിത്തോസ് ദേശീയ സുരക്ഷയ്ക്ക് പ്രധാനമാണെന്ന് ഞാൻ കരുതുന്നു, നമ്മുടെ നെറ്റ്‌വർക്കുകൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം.' -എമിൽ മൈക്കിൾ പറഞ്ഞു. അമേരിക്കൻ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനായി എഐ മോഡൽ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്തുന്നതിൽ അസാമാന്യ വൈദഗ്ധ്യം തെളിയിച്ച എഐ മോഡലാണ് ആന്ത്രോപിക്കിന്റെ ക്ലോഡ് മിത്തോസ്. ഈ എഐ മോഡൽ ആരെങ്കിലും ദുരുപയോഗപ്പെടുത്താൻ ഇടയായാൽ ബാങ്കുകളുടെയടക്കം പ്രവർത്തനത്തെയും സൈബർ സുരക്ഷയേയും അത് പ്രതികൂലമായി ബാധിച്ചേക്കാം എന്ന ആശങ്ക ലോകമെങ്ങും പടർന്നിട്ടുണ്ട്. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതില്ല എന്നാണ് ആന്ത്രോപിക്കിന്റെ തീരുമാനം. ഇന്ത്യ, യു.എസ്, യു.കെ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ മിത്തോസ് ഉയർത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തിൽ പ്രമുഖ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചുചേർക്കുകയും സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. സൈബർ സുരക്ഷ ഉറപ്പാക്കണമെന്നും മിത്തോസ് ടൂൾ ഉപയോഗിച്ച് സുരക്ഷാ പഴുതുകൾ കണ്ടെത്തി അവ പരിഹരിക്കണമെന്നും അമേരിക്കയിലെ പ്രമുഖ ബാങ്കുകൾക്ക് ട്രംപ് ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലോഡ് മിത്തോസ് രാജ്യസുരക്ഷയ്ക്കുതന്നെ നിർണായകമാണെന്ന പെന്റഗൺ ചീഫ് ടെക്‌നോളജി ഓഫീസറുടെ പരാമർശം.
ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കാൻ യു.എസ് സൈന്യത്തെ അനുവദിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതോടെയാണ് ആന്ത്രോപ്പിക്കും പെന്റഗണും തമ്മിൽ ഭിന്നതയിലായത്. എന്നാൽ തൊട്ടുപിന്നാലെതന്നെ അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്രമണ ലക്ഷ്യങ്ങൾ കണ്ടെത്തുന്നതു മുതൽ ആയുധം തിരഞ്ഞെടുക്കുന്നതിനുവരെ അമേരിക്കൻ സൈന്യം എഐ ഉപയോഗിക്കുന്നുവെന്നാണ് സൂചനകൾ. ഇറാൻ ആക്രമണത്തിലും ക്ലോഡ് ഉപയോഗം സ്ഥിരീകരിച്ച പെന്റഗൺ എഐ ടൂൾ ഒറ്റരാത്രികൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഘട്ടംഘട്്ായി ഒഴിവാക്കുമെന്നും വിശദീകരിച്ചിരുന്നു.
അതിനിടെ ആന്ത്രോപിക്കും പെന്റഗണും തമ്മിൽ ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആന്ത്രോപിക് സിഇഒ ഡാരിയോ അമോദെയി അടുത്തിടെ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ആന്ത്രോപിക്കിനെ സമർഥന്മാരെന്ന് വിശേഷിപ്പിച്ച ഡൊണാൾഡ് ട്രംപ് കമ്പനിയും പ്രതിരോധ വകുപ്പും തമ്മിൽ ഉടമ്പടി സാധ്യമാണെന്നും പറഞ്ഞിരുന്നു.
Content Highlights: Pentagon classifies Anthropic as a supply chain risk while utilizing Mythos for national security., NSA and DOD are actively testing Mythos for cyber vulnerability patching., Potential peace deal emerging between the Trump administration and Anthropic., Pentagon expands AI partnerships with seven major tech firms for classified network deployment.
Published: 03 May 2026, 06:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented