അമേരിക്കയുടെയും ഇസ്രയേലിന്റെയും ഇറാൻ ആക്രമണത്തിന് തൊട്ടുമുമ്പാണ് എഐ കമ്പനിയായ ആന്ത്രോപിക്കും യു.എസ് പ്രതിരോധ മന്ത്രാലയവും തമ്മിൽ ഇടയുന്നത്. ആന്ത്രോപിക്കിന്റെ എഐ മോഡലുകൾ യു.എസ് സൈന്യത്തിന് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ അനുവദിക്കണമെന്ന ആവശ്യം കമ്പനി നിരസിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നാലെ പെന്റഗൺ ആന്ത്രോപിക്കിനെ കരിമ്പട്ടികയിൽപ്പെടുത്തി. കമ്പനിയുടെ എഐ ടൂളുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എല്ലാ ഫെഡറൽ ഏജൻസികൾക്കും നിർദേശം നൽകി.

To advertise here,

എന്നാൽ ആന്ത്രോപിക്കിനെ ഒറ്റയടിക്ക് ഒഴിവാക്കാൻ യു.എസ് സൈന്യത്തിന് കഴിയില്ലെന്ന് തൊട്ടുപിന്നാലെതന്നെ വ്യക്തമായി. ഇറാനിൽ നടത്തിയ ആക്രമണങ്ങളിൽ യു.എസ് സൈന്യം ആന്ത്രോപിക്കിന്റെ ക്ലോഡ് എഐ ഉപയോഗിച്ചുവെന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. എഐ കമ്പനിയെ ഒറ്റരാത്രികൊണ്ട് ഒഴിവാക്കാനാകില്ലെന്നും ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും ആയിരുന്നു ഇതേത്തുടർന്ന് സൈന്യത്തിന്റെ വിശദീകരണം. അതിനിടെ കമ്പനിയെ 'വിതരണ ശൃംഘലയിലെ അപകടം' എന്ന് മുദ്രകുത്തിയതിനെതിരെ ആന്ത്രോപിക് കോടതിയെ സമീപിച്ചിരിക്കുകയാണ്. യു.എസ് പ്രതിരോധ വകുപ്പുമായി ഇടപാടുകൾ നടത്തുന്ന കരാറുകാർ ആന്ത്രോപിക്കുമായി സഹകരിക്കുന്നത് വിലക്കുന്നതാണ് ഈ നടപടി. ശത്രുരാജ്യങ്ങളിലെ കമ്പനികൾക്ക് മാത്രം നൽകിയിട്ടുള്ളതാണ് ഈ വിശേഷണം.

അതിനിടെ, സൈബർ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ അസാധാരണമായ കഴിവുള്ള ക്ലോഡ് മിത്തോസ് എഐ മോഡൽ ആന്ത്രോപിക് പുറത്തിറക്കിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. അപകടസാധ്യത മുന്നിൽക്കണ്ട് ക്ലോഡ് മിത്തോസ് പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടെന്ന് ആന്ത്രോപിക് തീരുമാനിച്ചിട്ടുണ്ട്. ഗൂഗിൾ അടക്കമുള്ള തിരഞ്ഞെടുത്ത കമ്പനികൾക്ക് മാത്രമാണ് നിലവിൽ മിത്തോസ് ലഭ്യമാക്കുന്നത്. അതിനിടെയാണ് സൈബർ ഭീഷണികൾക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ക്ലോഡ് മിത്തോസ് വിന്യസിക്കാൻ യുഎസ് ഉദ്യോഗസ്ഥർ അമേരിക്കയിലെ ബാങ്കുകളോട് നിർദേശിച്ചതായി ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പുറത്തുവരുന്നത്. ഗോൾഡ്മാൻ സാക്ക്‌സ്, സിറ്റിഗ്രൂപ്പ്, ബാങ്ക് ഓഫ് അമേരിക്ക, മോർഗൻ സ്റ്റാൻലി തുടങ്ങിയവയെല്ലാം ഇതിനോടകം തന്നെ മിത്തോസ് പരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാർഗം പിന്തുടരാൻ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും ഫെഡറൽ റിസർവ് ചെയർ ജെറോം പവലും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബാങ്ക് എക്‌സിക്യൂട്ടീവുകളെ വാഷിങ്്ടണിലേക്ക് വിളിച്ച് വരുത്തിയ യു.എസ് അധികൃതർ സൈബർ സുരക്ഷാ പഴുതുകൾ കണ്ടെത്താൻ ക്ലോഡ് മിത്തോസ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

എഐ കമ്പനികളോടുള്ള യു.എസ് ഭരണകൂടത്തിന്റെ സമീപനത്തിൽ ശ്രദ്ധേയമായ മാറ്റം കുറിക്കുന്നതാണ് ഈ നീക്കമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ആന്ത്രോപിക് എഐ ടൂളുകൾ ഒഴിവാക്കാൻ ഫെഡറൽ ഏജൻസികളോട് നിർദേശിച്ച അധികൃതർ ഇപ്പോൾ ബാങ്കുകളെ അവരുടെ സ്വന്തം സിസ്റ്റങ്ങളിൽ ക്ലോഡ് മിത്തോസ് പ്രവർത്തിപ്പിക്കാൻ പ്രോത്സാഹിപ്പിക്കുകയാണ്. ബാങ്കുകൾ അടക്കമുള്ളവയ്ക്കുനേരെ ഉണ്ടാകാനിടയുള്ള സൈബർ ആക്രമണങ്ങളെ നേരിടാനുള്ള വിശാലമായ ശ്രമം പ്രതിഫലിപ്പിക്കുന്നതാണ് അടിയന്തര നീക്കങ്ങൾ.

അതിനിടെ, ക്ലോഡ് മിത്തോസിനെക്കുറിച്ചുള്ള ആശങ്കകൾ അമേരിക്കയ്ക്ക് പുറമെ യു.കെയിലേക്കും കാനഡയിലേക്കും വ്യാപിക്കുന്നുണ്ട്. യു.കെയിലെയും കാനഡയിലെയും ഉന്നത ഉദ്യോഗസ്ഥർ രാജ്യത്തെ വലിയ ബാങ്കുകളുടെ മേധാവികളുടെ യോഗം വിളിച്ച് ക്ലോഡ് മിത്തോസ് ഉയർത്തുന്ന സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു.