ആപ്പിളിന്റെ പുതിയ iOS 27 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിന് പൊതുവെ മികച്ച പ്രതികരണമാണെങ്കിലും, ഡൗൺലോഡ് ചെയ്തതിന് ശേഷം ചില ഉപയോക്താക്കൾക്ക് പെർഫോമൻസ് തകരാറുകൾ അനുഭവപ്പെടുന്നതായി റിപ്പോർട്ടുകൾ. ടച്ച് സ്ക്രീൻ പ്രതികരിക്കുന്നില്ലെന്നും ഫോണിന്റെ പ്രവർത്തനം മന്ദഗതിയിലായെന്നും  ഉപയോഗിച്ചുകൊണ്ടിരിക്കെ സ്ക്രീൻ വിറയ്ക്കുകയോ മിന്നുകയോ ചെയ്യുന്നു എന്നൊക്കെയുള്ള പരാതികൾ ഉപയോക്താക്കൾ റെഡ്ഡിറ്റ് ചർച്ചകളിൽ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ഈ പ്രശ്നങ്ങൾ എത്രത്തോളം വ്യാപകമാണെന്ന് വ്യക്തമല്ല. ഇന്റർഫേസിന്റെ എവിടെവേണമെങ്കിലും ടച്ച്‌സ്‌ക്രീൻ പ്രവർത്തനരഹിതമാകാമെന്നും സ്വൈപ്പ് ചെയ്യുമ്പോഴോ സ്ക്രീനുകൾ മാറ്റുമ്പോഴോ ആണ് മന്ദഗതി പ്രധാനമായും അനുഭവപ്പെടുന്നതെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു.

ഈ തകരാറുകൾക്ക് ഉപയോക്താക്കൾതന്നെ ചില താൽക്കാലിക പരിഹാരങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നത് താൽക്കാലികമായി ടച്ച്‌സ്‌ക്രീൻ തകരാർ പരിഹരിക്കാൻ സഹായിക്കുമെന്ന് ഒരു ഉപയോക്താവ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പുകൾ ഫ്രീസ് ചെയ്യുമ്പോൾ ഹോം സ്ക്രീനിലേക്ക് മാറി തിരികെ വരുമ്പോൾ അത് ശരിയാകുന്നതായി മറ്റൊരാൾ വ്യക്തമാക്കുന്നു. കൂടാതെ, ഹോം സ്ക്രീനിൽ ആപ്പ് ഐക്കണുകൾ അധികമാകുന്നത് ആനിമേഷൻ തടസ്സപ്പെടാൻ കാരണമാകുമെന്നതിനാൽ, ഐക്കണുകളുടെ എണ്ണം കുറയ്ക്കുന്നത് വേഗത കൂട്ടാൻ സഹായിച്ചേക്കാമെന്നും ഉപയോക്താക്കൾ പറയുന്നു.

അപ്‌ഡേറ്റിന് ശേഷമുള്ള ആദ്യഘട്ട സിസ്റ്റം ഇൻഡക്സിങ് പൂർത്തിയാകുന്നതോടെ ഫോണിന്റെ പ്രവർത്തനം തനിയെ സാധാരണ നിലയിലാകാൻ സാധ്യതയുണ്ട്. അതല്ലെങ്കിൽ, അടുത്ത iOS അപ്‌ഡേറ്റിലൂടെ ആപ്പിൾ ഇതിന് പരിഹാരം കാണുന്നതുവരെ ഉപയോക്താക്കൾ കാത്തിരിക്കേണ്ടിവരും. പ്രശ്നം എത്രത്തോളം വ്യാപകമാണെന്ന് വ്യക്തമാകുന്നതുവരെ നിലവിൽ iOS 27-ലേക്ക് അപ്‌ഡേറ്റ് ചെയ്യാത്തവർ തൽക്കാലം കാത്തിരിക്കുന്നത് നന്നായിരിക്കും, എങ്കിലും ഭൂരിഭാഗം ഉപയോക്താക്കളെയും ഇത്തരം ബഗുകൾ ബാധിക്കാറില്ല എന്നതിനാൽ വലിയ അപകടസാധ്യതയില്ല.