നിര്‍മിത ബുദ്ധി രംഗത്തെ ചൈനീസ് വെല്ലുവിളികള്‍ക്കിടെ ഓപ്പണ്‍ AI സി.ഇ.ഒ സാം ഓള്‍ട്ട്മാന്‍ ഇന്ത്യയിലെത്തുന്നു. അടുത്ത ആഴ്ച ഓള്‍ട്ട്മാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിടുന്നതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

To advertise here,

ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങള്‍ ഓപ്പണ്‍ എഐക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കെകൂടിയാണ് ഓള്‍ട്ട്മാന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്. ഫെബ്രുവരി അഞ്ചിന് അദ്ദേഹം ഡല്‍ഹിയിലെത്തുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഓള്‍ട്ട്മാന്റെ സന്ദര്‍ശനം അന്തിമമാക്കിയിട്ടില്ലെന്നും തീയതിയില്‍ മാറ്റംവരാനിടയുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്.

ഓള്‍ട്ട്മാന്റെ സന്ദര്‍ശനം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയുടെ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ.

2023-ല്‍ ഓള്‍ട്ട്മാന്‍ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും എഐ രംഗത്തെ ഇന്ത്യയുടെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

തങ്ങളുടെ വെബ്‌സൈറ്റില്‍ കണ്ടന്റുകള്‍ മോഷ്ടിക്കുന്നുവെന്നാരോപിച്ചാണ് പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് ചാറ്റ്ജിപിടിക്കെതിരെ എ.എന്‍.ഐ അടക്കമുള്ള ഇന്ത്യന്‍ മാധ്യമങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഇതിനിടെ ചാറ്റ്ജിപിടിക്ക് ആഗോള മാര്‍ക്കറ്റില്‍ ചൈനീസ് സ്റ്റാര്‍ട്ടപ്പിന്റെ എഐ മോഡലായ ഡീപ്‌സീകില്‍നിന്ന് വന്‍വെല്ലുവിളി കൂടി നേരിടുന്ന ഘട്ടമാണിത്. 

ലിയാങ് വെന്‍ഫെങ് എന്ന ചൈനീസ് ഗവേഷകന്റെ സ്റ്റാര്‍ട്ടപ്പ് പുറത്തിറക്കിയ ഡീപ്‌സീകിന്റെ പുതിയ പതിപ്പായ ആര്‍ 1 അമേരിക്കന്‍ ടെക് കമ്പനികളെ ഒന്നാകെ ഉലച്ചിരുന്നു. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് ഡീപ്‌സീകിന്റെ പുതിയ പതിപ്പ് അമേരിക്കയിലും യൂറോപ്പിലും മറ്റും ആപ്പിള്‍ സ്റ്റോറില്‍ ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിടിയെ മറികടന്ന് ഡൗണ്‍ലോഡിങില്‍ ഒന്നാമതെത്തുകയും ചെയ്തിരുന്നു.