
നിർമിത ബുദ്ധിയുടെ പ്രവർത്തനത്തിനായി ഡാറ്റാ സെന്ററുകൾ വലിയതോതിൽ ജലം ഉപയോഗിക്കുന്നുവെന്ന വിമർശനങ്ങളെയും ആശങ്കകളെയും തള്ളി ഓപ്പൺഎഐ സിഇഒ സാം ഓൾട്ട്മാൻ. ഡാറ്റാ സെന്ററുകൾ തണുപ്പിക്കുന്നതിനായി വൻതോതിൽ ശുദ്ധജലം ഉപയോഗിക്കുന്നുവെന്ന വാർത്തകൾ അതിശയോക്തിപരമാണെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക സർവർ കൂളിങ് സാങ്കേതികവിദ്യകളിൽ വന്നിട്ടുള്ള വലിയ മാറ്റങ്ങളെ ആളുകൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എഐയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കെതിരെ ഉയരുന്ന പൊതുജനങ്ങളുടെ ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി സംഘടിപ്പിച്ച 'സോഴ്സസ് പോഡ്കാസ്റ്റ്' (Sources Podcast) എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു തവണ ചാറ്റ്ജിപിടി ഉപയോഗിക്കുമ്പോൾ, വീട്ടിലെ ഷവർ തുടർച്ചയായി ആറ് മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന് തുല്യമായ ജലം പാഴാകുന്നുവെന്ന രീതിയിലുള്ള വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. ഇത്തരം പ്രചാരണങ്ങൾ വെറുമൊരു ഓൺലൈൻ കെട്ടുകഥയാണെന്ന് ഓൾട്ട്മാൻ പറഞ്ഞു.
വളരെ കുറഞ്ഞ അനുപാതത്തിൽ മാത്രമാണ് യഥാർഥത്തിൽ ജലം ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കാലിഫോർണിയയിൽ ഒരൊറ്റ ബദാം (Almond) ഉത്പാദിപ്പിക്കാൻ ആവശ്യമായി വരുന്ന അതേ അളവ് വെള്ളം മാത്രമാണ് ഏകദേശം 38,000 ചാറ്റ്ജിപിടി ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ആവശ്യമായി വരുന്നതെന്ന് ഓൾട്ട്മാൻ പറയുന്നു. വെള്ളം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിമർശിക്കുന്നവർക്ക് ഇരട്ടത്താപ്പാണെന്നും ഡസൺ കണക്കിന് ബദാമുകൾ ഒറ്റയിരിപ്പിൽ തിന്നു തീർക്കുന്നവർ അതിന്റെ പാരിസ്ഥിതിക ആഘാതം പരിഗണിക്കാറില്ലെന്നും ഓൾട്ട്മാൻ പറയുന്നു.
മുൻപ് ഡാറ്റാ സെന്ററുകൾ വലിയതോതിൽ ജലം ബാഷ്പീകരിച്ചു കളയുന്ന 'ഇവാപ്പറേറ്റീവ് കൂളിങ്' (evaporative cooling) രീതിയായിരുന്നു ഉപയോഗിച്ചിരുന്നതെന്നും എന്നാൽ ആധുനിക ഡാറ്റാ സെന്ററുകൾ അത്തരം ഡിസൈനുകൾ പണ്ടേ ഉപേക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ടോയ്ലറ്റുകളും വാഷ്ബേസിനുകളുമുള്ള സാധാരണ ഒരു ഓഫീസ് കെട്ടിടത്തിന് തുല്യമായ അളവിലുള്ള വെള്ളം മാത്രമാണ് നിലവിലെ വലിയൊരു ആധുനിക ഡാറ്റാ സെന്റർ ഉപയോഗിക്കുന്നതെന്നും ഓൾട്ട്മാൻ അവകാശപ്പെട്ടു. കൃത്യമായ കണക്കുകൾ ഇപ്പോൾ പറയാനാവില്ലെന്നും ഓർമയിൽ നിന്നാണ് ഈ കണക്കുകൾ പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: OpenAI CEO Sam Altman dismissed exaggerated claims about the massive water consumption of AI data centers, stating that modern cooling technologies are highly efficient and that processing 38,000 ChatGPT queries uses roughly the same amount of water required to grow a single almond.
Published: 05 Sept 2026, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented