മുംബൈ: യു.എസ്. ടെക് കമ്പനിയായ അഡോബിയെ നയിക്കാൻ വീണ്ടും ഇന്ത്യൻ വംശജനെത്തുന്നു. ഈ വർഷം സ്ഥാനമൊഴിയുന്ന ശന്തനു നാരായണനു പിൻഗാമിയായി അനിൽ ചക്രവർത്തിയെ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായി പ്രഖ്യാപിച്ചു. നിലവിൽ അഡോബിയുടെ കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ വിഭാഗം പ്രസിഡന്റാണ്. 2026 ഡിസംബർ ഒന്നിന് അദ്ദേഹം ചുമതലയേൽക്കുമെന്ന് അഡോബി വ്യക്തമാക്കി. എ.ഐ. അധിഷ്ഠിത കമ്പനികളോട് കടുത്തമത്സരം നേരിടുന്ന സാഹചര്യത്തിലാണ് അനിൽ കമ്പനിയുടെ തലപ്പത്ത് എത്തുന്നത്.

To advertise here,

ഐ.ഐ.ടി. വാരാണസിയിൽനിന്ന് എൻജിനിയറിങ് പൂർത്തിയാക്കിയ അദ്ദേഹം മാസച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് സയൻസിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡി.യും നേടി. 2000 ജനുവരിയിൽ ഡിജിറ്റൽ എക്സ്പീരിയൻസ് വിഭാഗത്തിന്റെ പ്രസിഡന്റും ജനറൽ മാനേജരുമായാണ് അദ്ദേഹം അഡോബിയിലെത്തിയത്. 2020 -ൽ ആഗോള തലത്തിൽ ഫീൽഡ് ഓപ്പറേഷൻസ് ചുമതല ഏറ്റെടുത്തു.

കസ്റ്റമർ എക്സ്പീരിയൻസ് ഓർക്കസ്ട്രേഷൻ സൊലൂഷൻ മേധാവിയായുള്ള പ്രവർത്തനങ്ങൾ അഡോബിക്ക് വിപണി മേധാവിത്വം കൊണ്ടുവന്നു. 18 വർഷമായി സി.ഇ.ഒ. സ്ഥാനം വഹിച്ചിരുന്ന ഇന്ത്യൻ വംശജൻ ശന്തനു നാരായൺ മാർച്ചിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. അഡോബിയുടെ ഭാവിസാധ്യതകൾ അനന്തമാണെന്നും വിപണിയിലെ മാറ്റങ്ങൾക്ക് നേതൃത്വം നൽകാൻ അനിലിനു കഴിയുമെന്നും ശന്തനു നാരായൺ പറഞ്ഞു.