അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്ത മറ്റ് പല സംഭവങ്ങൾക്കും സമാനമായി യുഎൻ വെബ്‌സൈറ്റിൽ നിന്നും ഡാറ്റ ചോർത്തുന്നതിന് എഐ ഏജന്റുകൾ പല ശ്രമങ്ങളും നടത്തിയെന്നാണ് സൂചന.

ചാറ്റ് ജി.പി.ടി. നിർമാതാക്കളായ ഓപ്പൺഎ.ഐ.യുടെ ഏജന്റുകൾ ഐക്യരാഷ്ട്രസഭയുടെ(യുഎൻ) വെബ്‌സൈറ്റിലും കടന്നുകയറിയെന്ന് സ്വതന്ത്ര ഗവേഷണ റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. യു.എസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സർക്കാർ വെബ്‌സൈറ്റുകളിൽ നുഴഞ്ഞുകയറി സൈബർ അതിക്രമം നടത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് യുഎൻ വെബ്‌സൈറ്റിലും അതിക്രമമുണ്ടായെന്ന് വെളിപ്പെടുത്തൽ വരുന്നത്.
യുഎൻ വെബ്‌സൈറ്റിലേക്ക് തുടർച്ചയായി സെർച്ച് റിക്വസ്റ്റുകൾ അയയ്ക്കുകയും സിസ്റ്റത്തിൽനിന്ന് വിവരങ്ങൾ മോഷ്ടിക്കുന്നതിനുള്ള നിരവധി ശ്രമങ്ങൾ നടത്തുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ജൂൺ മാസത്തിലാണ് ഓപ്പൺ എഐ ഏജന്റുമാർ യുഎൻ വെബ്‌സൈറ്റിൽ സൈബർ അതിക്രമത്തിന് ശ്രമിച്ചത്. അടുത്ത കാലത്തായി ഓപ്പൺഎഐയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മോഡലുകളുടെ അപ്രതീക്ഷിത പെരുമാറ്റവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അടുത്ത കാലത്ത് റിപ്പോർട്ട് ചെയ്ത മറ്റ് പല സംഭവങ്ങൾക്കും സമാനമായി യുഎൻ വെബ്‌സൈറ്റിൽനിന്നു ഡാറ്റ ചോർത്തുന്നതിന് എഐ ഏജന്റുകൾ പല ശ്രമങ്ങളും നടത്തിയെന്നാണ് സൂചന. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഐക്യരാഷ്ട്ര സഭയുടെ വ്യാപാര വിഭാഗമായ യുഎൻ ട്രേഡ് ആൻഡ് ഡെവലപ്പ്‌മെന്റ് നിയന്ത്രിക്കുന്ന ഓൺലൈൻ ഡാറ്റ ഹബ്ബിൽ ഏജന്റുകൾ 16,000 തവണയിലധികം പരിശോധന നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പൊതുവായി ലഭ്യമായ വിവരങ്ങൾ എടുക്കാനുള്ള ശ്രമങ്ങളാണ് ഏജന്റുകൾ നടത്തിയത്. എന്നാൽ, തടസ്സങ്ങൾ നേരിട്ടതിനെ തുടർന്ന് ഇവ മറികടക്കുന്നതിനായി കടുത്ത രീതികളാണ് ഇവർ സ്വീകരിച്ചത്. ഡാറ്റ റിക്വസ്റ്റ് തടയുന്നതിനുള്ള ഫിൽട്ടർ സംവിധാനത്തെ ഏജന്റുകൾ മറികടക്കുകയും വെബ്‌സൈറ്റ് ഓപ്പറേറ്റർമാർ അനുവദിക്കാത്ത സാങ്കേതികവിദ്യ ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് എൻജിനീയറായ ഹൊവാർഡ് ജോൺസ് അറിയിച്ചു.
ഈ കണ്ടെത്തലുകളെ കുറിച്ച് വിപുലമായ അവലോകനമാണ് നടത്തിവരുന്നത്. ഏജന്റുകളുടെ ഇത്തരം നടപടികളെ കുറിച്ചുള്ള പഠനങ്ങളും പുരോഗമിക്കുന്നു. ഈ വിഷയം അവലോകനം ചെയ്യുന്ന സംഘവുമായി കൂടിക്കാഴ്ച നടത്തുന്നതിനായി ഐക്യരാഷ്ട്ര സഭയെ സമീപിച്ചിട്ടുണ്ടെന്നും ഒപ്പൺഎഐയുടെ വക്താവ് അറിയിച്ചു. പൊതുവിവരങ്ങളുടെ ആധികാരിക സോഴ്‌സായി സർക്കാർ വെബ്‌സൈറ്റുകളെ ആശ്രയിക്കാറുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.
യു.എസ്. സർക്കാർ വെബ്‌സൈറ്റുകളിൽ ഓപ്പൺഎഐയുടെ മോഡലുകൾ നുഴഞ്ഞുകയറിയെന്നുള്ള റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തുവന്നിരുന്നു. ചില സർക്കാർ വെബ്‌സൈറ്റുകളിൽ എ.ഐ. ഏജന്റ് പ്രതീക്ഷിക്കാത്ത രീതിയിൽ ഇടപെട്ടതായി കമ്പനിതന്നെയാണ് വെളിപ്പെടുത്തിയത്. ഓപ്പൺ എ.ഐയുടെ മോഡലുകൾ തങ്ങളുടെ സർക്കാർ വെബ്‌സൈറ്റുകളിൽ കയറി രഹസ്യസ്വഭാവമുള്ള ഫയലുകൾ പരിശോധിച്ചെന്ന് ഓസ്‌ട്രേലിയ വെളിപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഈ റിപ്പോർട്ട്.
യു.എസ്. വിദ്യാഭ്യാസവകുപ്പ്, വാണിജ്യ വകുപ്പ്, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ (എസ്.ഇ.സി.) തുടങ്ങിയവയുടെ വെബ്‌സൈറ്റുകളിലാണ് അതിക്രമം നടന്നത്. എസ്.ഇ.സി.യുടെ രണ്ട് വെബ്‌സൈറ്റുകളിൽനിന്നും സെൻസസ് ബ്യൂറോയുടെ ഡേറ്റാബേസിൽനിന്നും മോഡലുകൾ പൊതുവായി ലഭ്യമായ വിവരങ്ങൾ ശേഖരിച്ചതായി ഓപ്പൺ എ.ഐ. അറിയിച്ചു. വെബ്‌സൈറ്റുകളിൽനിന്ന് രഹസ്യ, വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതിന്റെയോ ഡേറ്റയിലോ സംവിധാനങ്ങളിലോ മാറ്റം വരുത്തിയതിന്റെയോ തെളിവുകൾ കണ്ടെത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി.
അതേസമയം, സ്വതന്ത്ര എ.ഐ. ഗവേഷണ സ്ഥാപനമായ ട്രാൻസ്‌ലൂസ് നടത്തിയ അന്വേഷണത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സിവിൽ റൈറ്റ്‌സ് ഓഫീസ് വെബ്‌സൈറ്റിൽ ഓപ്പൺ എ.ഐയുടേതെന്ന് സംശയിക്കുന്ന ഏജന്റുകൾ ഹാക്കിങ്ങിനു ശ്രമിച്ചതായി കണ്ടെത്തി. നീതിന്യായ വകുപ്പ്, കാലിഫോർണിയ, മേരിലൻഡ്, ഇലിനോയ്, ടെക്‌സസ്, ന്യൂയോർക്ക് സംസ്ഥാനങ്ങളിലെ ചില സർക്കാർ വെബ്‌സൈറ്റുകളിലും സമാന ഇടപെടലുകൾ കണ്ടെത്തിയിട്ടുണ്ട്.
Content Highlights: OpenAI agents allegedly breached the United Nations website following similar incidents in the US and Australia., The agents made over 16,000 checks on a UN Trade and Development online data hub between April and June., OpenAI models bypassed filter systems and used unauthorized techniques to scrape public data., OpenAI stated there is no evidence of confidential data theft or system tampering across affected government websites.
Published: 27 Sept 2026, 01:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented