25 ലക്ഷം മുതൽ ആറുകോടി വരെ നൽകി വഞ്ചിതരായവരുണ്ട്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ചപ്പോൾ വൻ ലാഭവിഹിതം തിരികെ നൽകും. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുക.

കൊച്ചി: വ്യാജ ട്രേഡിങ് വെബ് സൈറ്റുകളിലൂടെ വൻതുക നിക്ഷേപിച്ച് പണം നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടുന്നു. രാജ്യത്ത് ‘വെർച്വൽ അറസ്റ്റ്’ കഴിഞ്ഞാൽ ഏറ്റവുമധികം പണം നഷ്ടപ്പെടുന്ന തട്ടിപ്പ് നടക്കുന്നത് ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ്. ഓൺലൈൻ ട്രേഡിങിലൂടെ മൂന്നുകോടി രൂപ നഷ്ടപ്പെട്ട 65-കാരനെ ട്രെയിൻതട്ടി മരിച്ച നിലയിൽ എറണാകുളം ചോറ്റാനിക്കരയ്ക്കുസമീപം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്.
വൻതുക വാഗ്ദാനം ചെയ്യുന്ന നിക്ഷേപത്തിന് പ്രേരിപ്പിക്കുന്ന, കേന്ദ്രമന്ത്രിമാരുടെയും വൻകിട വ്യവസായികളുടെയും വ്യാജ വീഡിയോകൾ നിർമിതബുദ്ധി ഉപയോഗിച്ച് ഉണ്ടാക്കും. ഒരു നിക്ഷേപപദ്ധതിയെക്കുറിച്ച് ഇവർ പറയും. അതിലൂടെ വലിയ ലാഭവിഹിതം ലഭിക്കുമെന്നും പറയും. പ്രമോഷണൽ വീഡിയോയ്ക്ക് ഒപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരാണ് തട്ടിപ്പിനിരയാകുന്ന ഒരു വിഭാഗം.
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളിലൂടെയാണ് മറ്റൊരു തട്ടിപ്പ്. വലിയ വരുമാനം, ചെറിയ പരിശ്രമവുമാകും വാഗ്ദാനം ചെയ്യുക. സെലിബ്രിറ്റിയോ ബിസിനസ് വ്യക്തിയോ ആധികാരികതയ്ക്കുണ്ടാകും. തുടർന്ന് സ്വകാര്യ ഷെയർ ട്രേഡിങ് കമ്പനിയുടെ പ്രതിനിധിയാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുസംഘം വിളിക്കും. വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിൽ അക്കൗണ്ട് ഉണ്ടാക്കിക്കും. തുടർന്ന് പ്രതികൾ നിർദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം വാങ്ങിയെടുക്കും.
25 ലക്ഷം മുതൽ ആറുകോടി വരെ നൽകി വഞ്ചിതരായവരുണ്ട്. തുടക്കത്തിൽ ചെറിയ തുക നിക്ഷേപിച്ചപ്പോൾ വൻ ലാഭവിഹിതം തിരികെ നൽകും. പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് തട്ടിപ്പ് മനസ്സിലാകുക. നിക്ഷേപവും ഇരട്ടിപ്പും ആപ്പിൽ മാത്രമായിരിക്കുമുള്ളത്. പണം പിൻവലിക്കാൻ ആവശ്യപ്പെടുമ്പോൾ ലാഭവിഹിതത്തിന്റെ ജി.എസ്.ടി., കമ്മിഷൻ തുടങ്ങിയ പല ഇനത്തിൽ വീണ്ടും ലക്ഷങ്ങൾ തട്ടും.
തിരിച്ചറിയാനാകാതെ വെബ്സൈറ്റുകൾ
ഇരകളുടെ വിശ്വാസം നേടുന്നതിന് ശ്രദ്ധാപൂർവമാണ് വെബ് സൈറ്റ് നിർമിക്കുന്നത്. പ്രമുഖ ട്രേഡിങ് വെബ്സൈറ്റുകളുടെ അതേമട്ടിലും രൂപത്തിലുമായിരിക്കും പ്രവർത്തനം. ഓഹരി വിപണിയിലെ ദിവസേനയുള്ള ഏറ്റക്കുറച്ചിലുകൾ ഇവിടെ പ്രതിഫലിക്കും. നിക്ഷേപിച്ച പണം വളരുന്നത് ഉപയോക്താക്കൾ കണ്ടുകൊണ്ടേയിരിക്കും. തുടക്കത്തിൽ നിക്ഷേപത്തിന് മികച്ച ലാഭം തിരികെ ലഭിക്കും. വൻ തുകയായിക്കഴിയുമ്പോൾ അത് പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, സൈറ്റ് ആക്സസ് തടയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യും. ഇതോടൊപ്പം ഡാർക്ക് നെറ്റിൽ സൗജന്യമായി ലഭിക്കുന്ന ഫിഷിങ് കിറ്റായ ബ്രൗസർ-ഇൻ-ദി-ബ്രൗസര് (ബിറ്റ് ബി) ഉപയോഗിച്ച് ഉപയോക്താക്കളെ വഞ്ചിച്ച് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒടിപിയും ചോർത്തിയെടുത്ത് നിക്ഷേപം തട്ടിയെടുക്കുന്നുമുണ്ട്. യഥാർഥ ബ്രൗസർ പോപ്പ്-അപ്പിനെ അനുകരിക്കുന്നവിധം സമാനമായ ചിഹ്നങ്ങൾ, ബ്രാൻഡിങ്, യു.ആർ.എൽ. ഡിസ്‌പ്ലേ ഉൾപ്പെടുത്തി വ്യാജ ബ്രൗസർ വിൻഡോ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
തട്ടിപ്പാണോ, കണ്ടെത്താം
വ്യാജ ട്രേഡിങ് ആപ്പുകളും വെബ്സൈറ്റുകളും നിക്ഷേപകരെ ആകർഷിക്കുന്ന വൻവ്യവസായികളുടെ പേരിലുള്ള ഡീപ് ഫേക്ക് വീഡിയോകളും വേഗം കണ്ടെത്താൻ കഴിയുമെന്ന് സൈബർ വിദഗ്ധനായ ജിയാസ് ജമാൽ പറയുന്നു. ഡീപ് ഫേക്ക് വീഡിയോകളുടെയും വ്യാജ കന്പനികളുടേയും യാഥാർഥ്യം അറിയാൻ ഗൂഗിളിനേയോ ചാറ്റ് ജിപിടിയേയോ ആശ്രയിക്കാം. ഇനി സാമൂഹിക മാധ്യമങ്ങൾവഴി അയച്ചുതരുന്ന ലിങ്കുകളിലൂടെ പ്രവേശിക്കുന്ന വെബ്സൈറ്റുകളുടെ ആധികാരികതയും പരിശോധിക്കാൻ കഴിയും. കമ്പനിയുടെ മേൽവിലാസം, രജിസ്ട്രേഡ് കമ്പനിയാണോ, സെബിയുടെയോ റിസർവ് ബാങ്കിന്റെയോ അനുമതിയുണ്ടോ തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം. ട്രേഡിങ്ങിനാണ് ഇരകളെ ക്ഷണിക്കുന്നതെങ്കിലും വീഡിയോ കോളുകളിൽ നിക്ഷേപ വാഗ്ദാനങ്ങളാകും നൽകുക. ചെറിയ തുകയ്ക്ക് അതിന്റെ പലമടങ്ങ് ലാഭം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിൽ അത് തട്ടിപ്പാണെന്ന് ഉറപ്പിക്കാം.
Content Highlights: Online Trading Scams in Kerala: How Deepfakes and Fake Apps are Draining Bank Accounts
Published: 11 Feb 2026, 12:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented