ന്യൂയോർക്ക്: നിർമിതബുദ്ധി (എ.ഐ.) സങ്കേതങ്ങളുടെ വികസനത്തിനു പിന്തുണനൽകുന്ന വമ്പൻ ഡേറ്റാ സെന്ററുകളുടെ നിർമാണത്തിന് ഒരു വർഷത്തെ വിലക്കേർപ്പെടുത്തി യു.എസിലെ ന്യൂയോർക്ക് സംസ്ഥാനം. 50 മെഗാവാട്ടോ അതിലധികമോ വൈദ്യുതി ഉപയോഗിക്കുന്ന ‍ഡേറ്റാ സെന്ററുകളുടെ നിർമാണത്തിനാണ് സംസ്ഥാനസർക്കാർ ഒരുവർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഡേറ്റാ സെന്ററുകളെ വിലക്കുന്ന ആദ്യ യു.എസ്. സംസ്ഥാനമാണ് ഡെമക്രാറ്റിക് പാർട്ടി ഭരിക്കുന്ന ന്യൂയോർക്ക്.

To advertise here,

ഡേറ്റാസെന്ററുകൾ കാരണമുണ്ടാകുന്ന വൈദുത്യനിരക്ക് വർധനയും പ്രാദേശിക ജലവിതരണത്തിലുണ്ടാക്കുന്ന ആഘാതങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് ന്യൂയോർക്ക് ഗവർണർ കാത്തി ഹോകൾ പറഞ്ഞു. ഹൈപ്പർസ്‌കെയിൽ ഡേറ്റാ സെന്ററുകൾക്കുള്ള വിൽപ്പന നികുതി ഇളവ് പിൻവലിക്കാൻ നിയമനിർമാണം കൊണ്ടുവരുമെന്നും പറഞ്ഞു. നിലവിൽ ന്യൂയോർക്കിൽ 148 േഡറ്റാ സെന്ററുകളാണുള്ളത്.

എ.ഐ. അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ടെക് കമ്പനികൾ ഡേറ്റാസെന്ററുകൾ നിർമിക്കാനുള്ള കിടമത്സരത്തിലാണ്. ഡേറ്റാ സെന്റർ നിർമാണത്തിനെതിരേ യു.എസിൽ പ്രതിഷേധം ശക്തമാണ്.

നിയമം കൊണ്ടുവരാൻ ഓസ്ട്രേലിയ

എ.ഐ.യെ നിയന്ത്രിക്കുന്നതിനും ഡേറ്റാ സെന്ററുകളുടെ വൈദ്യുതി-ജല ഉപയോഗം നിയന്ത്രിക്കുന്നതിനും കലാസൃഷ്ടികളുടെ പകർപ്പവകാശം സംരക്ഷിക്കുന്നതിനുമായി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രഖ്യാപിച്ചു. സംസ്ഥാന-പ്രവിശ്യാ നേതാക്കളുമായി ചർച്ച നടത്തി അടുത്തവർഷം ബിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഓസ്ട്രേലിയൻ പുസ്തകങ്ങൾ, സംഗീതം, ചിത്രകല, വാർത്തകൾ എന്നിവ കലാകാരന്റെ അനുമതിയും നിയന്ത്രണവും കൂടാതെ എ.ഐ. പരിശീലനത്തിന് ഉപയോഗിക്കാൻ ഒരു കമ്പനിയെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.