വാഷിങ്ടൺ: അരനൂറ്റാണ്ടിനുശേഷം മനുഷ്യരെ വീണ്ടും അമ്പിളിക്കരികിലെത്തിച്ച ആർട്ടെമിസ് II ദൗത്യത്തിന്റെ വിജയത്തിനുപിന്നാലെ ചന്ദ്രനിൽ സ്ഥിരം താവളം പണിയാനുള്ള പദ്ധതി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ അവതരിപ്പിച്ചു. ഭൂമിയുടെ ഏക പ്രകൃതിദത്ത ഉപഗ്രഹമായ ചന്ദ്രനിൽ മൂന്നുഘട്ടമായാണ് യു.എസ്. സ്ഥിരം കേന്ദ്രം പണിയുക.

To advertise here,

''അമേരിക്ക വീണ്ടും ചന്ദ്രനിലേക്ക് മടങ്ങുകയാണ്. മറ്റൊരു ആകാശഗോളത്തിൽ സ്ഥാപിക്കപ്പെടുന്ന അമേരിക്കയുടെയും മനുഷ്യരാശിയുടെയും ആദ്യ കേന്ദ്രമാകുമിത്'' -ചൊവ്വാഴ്ച പദ്ധതി വിവരിക്കവേ നാസ അഡ്മിനിസ്ട്രേറ്റർ ജാരെദ് ഐസക്മാൻ പറഞ്ഞു.

ചാന്ദ്രയാത്രികർക്ക് ദീർഘകാലയളവിലേക്ക് സാങ്കേതിക പിന്തുണ നൽകാൻ ലക്ഷ്യമിട്ടാണ് താവളത്തിന്റെ നിർമാണം. 2000 കോടി ഡോളറാണ് (1.9 ലക്ഷം കോടി രൂപ) നിർമാണച്ചെലവ്. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിനുൾപ്പെടെ നാല് സ്വകാര്യബഹിരാകാശ കമ്പനികൾക്കാണ് കരാർ നൽകിയിരിക്കുന്നത്. 2028-ൽ ചന്ദ്രനിലിറങ്ങാൻ ലക്ഷ്യമിടുന്ന ആർട്ടെമിസ് III ദൗത്യസംഘത്തിനായി ലാൻഡറുകൾ വികസിപ്പിക്കുന്നത് ബ്ലൂ ഒറിജിനും ഇലോൺ മസ്‌കിന്റെ സ്പെയ്സ് എക്സുമാണ്. ചാന്ദ്രോപരിതലത്തിൽ സഞ്ചരിക്കാനുള്ള ലൂണാർ ടെറെയ്ൻ വെഹിക്കിൾ നിർമിക്കുന്നത് ആസ്ട്രോലാബും ലൂണാർ ഔട്‌പോസ്റ്റും ചേർന്നാണ്. കഴിഞ്ഞവർഷം ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡറിറക്കിയ ഫയർഫ്ളൈ എയ്റോസ്പെയ്സ് ചന്ദ്രനിലേക്കുള്ള ആദ്യ ഡ്രോണുകൾ നിർമിച്ചുനൽകും.

മൂന്നുഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇക്കൊല്ലം അവസാനത്തോടെ പൂർത്തിയാകും. ആർട്ടെമിസ് III ദൗത്യത്തിന്റെ സുരക്ഷിത ലാൻഡിങ്ങിനെ സഹായിക്കാൻ വേണ്ടിക്കൂടിയാണിത്. ഒന്നാംഘട്ടത്തിൽ മൂന്ന് ആളില്ലാദൗത്യങ്ങളാണുള്ളത്. ആർട്ടെമിസ് III സംഘാംഗങ്ങൾക്ക് ചാന്ദ്രോപരിതലത്തിൽ സഞ്ചരിക്കുന്നതിനായി ലൂണാർ ടെറെയ്ൻ വെഹിക്കിൾ അയക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഏപ്രിലിലാണ് ആർട്ടെമിസ് II ദൗത്യത്തിലൂടെ നാല് സഞ്ചാരികൾ ചന്ദ്രനെ ചുറ്റിവന്നത്. 1972-ലെ അപ്പോളോ 17 ദൗത്യത്തിനുശേഷം മനുഷ്യരുമായി ചന്ദ്രനെ ചുറ്റിയ ആദ്യദൗത്യമായിരുന്നു അത്.

പദ്ധതി മൂന്നുഘട്ടമായി

1. ദ മൂൺ ബേസ്-I ദൗത്യം

ഇക്കൊല്ലം സെപ്റ്റംബറിനുശേഷം. ബ്ലൂ ഒറിജിന്റെ 'ബ്ലൂ മൂൺ മാർക്ക് വൺ എൻഡ്യുറൻസ്' ലാൻഡർ ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ഷാക്കെൽടോൺ ഗർത്തത്തിലിറങ്ങും. പരീക്ഷണ-ഗവേഷണങ്ങൾക്കായി ചാന്ദ്രോപരിതലത്തിലിറങ്ങുന്ന റോവറുകൾ, ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വിന്യസിക്കും. ചന്ദ്രനിലെ അപകടകരമായ സാഹചര്യങ്ങളിൽ ജീവിക്കാനും പ്രവർത്തിക്കാനും ആവശ്യമായ ശേഷി കൈവരിക്കാൻ പരീക്ഷണങ്ങൾ സഹായിക്കും. ചാന്ദ്രോപരിതലത്തെക്കുറിച്ച് പഠിക്കുന്നതിനുള്ള സ്റ്റീരിയോ ക്യാമറകൾ, പേടകങ്ങളെ സ്ഥാനനിർണയത്തിനു സഹായിക്കുന്ന ലേസർ റിട്രോറിഫ്‌ലക്റ്റർ അറേയ് എന്നീ ഉപകരണങ്ങളും എത്തിക്കും.

2. ദ മൂൺ ബേസ്-II ദൗത്യം

ഈ വർഷമുണ്ടാകും. പെൻസിൽവേനിയ കേന്ദ്രീകരിച്ചുള്ള ബഹിരാകാശ കമ്പനിയായ ആസ്ട്രോബോട്ടിക്കിന്റെ ഗ്രിഫിൻ ലാൻഡറാകും ചന്ദ്രനിലിറങ്ങുക. ആസ്ട്രോലാബിന്റെ ഫ്‌ലിപ് റോവർ ഉൾപ്പെടെ 498 കിലോഗ്രാം ഭാരമുള്ള സാമഗ്രികൾ ചന്ദ്രനിലെത്തിക്കും.

3. ദ മൂൺ ബേസ്-III ദൗത്യം

ഈ വർഷം അവസാനത്തോടെ വിക്ഷേപിച്ചേക്കും. ദുരൂഹമായ ചാന്ദ്ര ചുഴലികളെക്കുറിച്ചും ചന്ദ്രന്റെ പ്രകൃതിദത്തമായ കാന്തികക്ഷേത്രങ്ങളെക്കുറിച്ചും പഠിക്കുന്നതിനുള്ള നാസയുടെ ലൂണാർ വെർട്ടെക്സ് സയൻസ് മിഷൻ ഈ ദൗത്യത്തിന്റെ ഭാഗമാകും. യൂറോപ്യൻ സ്പെയ്സ് ഏജൻസി (ഇ.എസ്.എ.), കൊറിയൻ സ്പെയ്‌സ് ഏജൻസി എന്നിവയുടെ പേലോഡുകളുമുണ്ടാകും.